...
Home News Kerala അമിത് ഷായുടെ പ്രസ്താവനയും സിപിഎം സെമിനാറിന്റെ പ്രധാന്യവും

അമിത് ഷായുടെ പ്രസ്താവനയും സിപിഎം സെമിനാറിന്റെ പ്രധാന്യവും

യൂറോപ്പിലെ പൊലെയൊരു സാഹചര്യമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഓരോ സംസ്ഥാനവും ഓരോ രാജ്യങ്ങളാകുമായിരുന്നു.അവിടെയാണ് നാനാത്വത്തിൽ ഏകത്വം എന്ന ആശയം ഇന്ത്യ തുടർന്ന് പോയത്

123

| പികെ ശ്രീകാന്ത്

മാധ്യമങ്ങൾ ഇപ്പോൾ വിവാദമാകുന്ന നാളെ നടക്കാൻ പോകുന്ന സി.പി.എം സെമിനാറിന്റെ പ്രധാന്യമറിയണമെങ്കിൽ ഇന്നത്തെ അമിത് ഷായുടെ പ്രസ്താവന നോക്കിയാൽ മാത്രം മതി. ‘ സെന്റർ സ്റ്റേറ്റ് റിലേഷൻഷിപ് ‘ എന്നതാണ് സെമിനാറിന്റെ വിഷയം.ഒരു ദേശ രാഷ്ട്രം എന്ന നിലയിൽ ഇന്ത്യൻ യൂണിയന് അതിന്റെ ഫെഡറൽ സ്വഭാവം ഏറ്റവും കൈമോശം വന്ന കാലത്ത്,വിശേഷിച്ചു ബിജെപി ഇതര തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ഇന്ത്യയിലെ സംസ്ഥാനങ്ങളായി പോലും പരിഗണിക്കാത്ത ഈ സമയത്ത് ഏറെ ദേശീയ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരസ്പരം ഇംഗ്ലീഷ് സംസാരിക്കാതെ ഹിന്ദി തന്നെ സംസാരിക്കണം എന്നാണ് അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പറഞ്ഞിരിക്കുന്നത്.ഇതിന് മുന്നേയും ഹിന്ദി,ഹിന്ദു,ഹിന്ദുസ്ഥാൻ എന്ന സ്ലോഗൻ പൊതു സമക്ഷം ആവർത്തിച്ചയാളാണ് അമിത് ഷാ.ഇന്ത്യക്ക് പൊതുവായ ഒരു ദേശീയ ഭാഷ ഇല്ലെന്നിരിക്കെ ഹിന്ദി ഇന്ത്യയെ സംസ്കാരികപരമായി ഒന്നിക്കുന്ന ഭാഷയാണ് എന്ന് കള്ളം പറഞ്ഞ നേതാവ്.

1956 – ലെ സംസ്ഥാന പുനഃസംഘടനാ നിയമ പ്രകാരം ഇന്ത്യയിൽ ഇന്ന് രൂപീകരിക്കപ്പെട്ട മിക്ക സംസ്ഥാനങ്ങളും ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ടതാണ്.സ്വാതന്ത്രത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും ശക്തമായ ആഭ്യന്തര കലഹങ്ങളും കലാപങ്ങളും ഭാഷാ സംസ്ഥാനവുമായി ബന്ധപ്പെട്ടുമാണ്.ഭാഷ എന്നത് വിനിമയോപാധി മാത്രമല്ലെന്നും അത് ചരിത്രവും, സംസ്കാരവും, ഭക്ഷണവും, വസ്ത്രവും, പാരമ്പര്യവും, രാഷ്ട്രീയവും,അന്തസ്സുമാണെന്ന യാഥാർഥ്യ ബോധത്തിൽ നിന്നാണ് ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തിൽ തീർത്തും വ്യത്യസ്തങ്ങളായ സാംസ്കാരിക ജീവിതങ്ങൾ പുലർത്തുന്ന മനുഷ്യർ ദേശീയ പ്രസ്ഥാന കാലത്ത് ഒന്നിച്ചു നിൽക്കുകയും തുടർന്ന് സ്വാതന്ത്രാനന്തരം സംസ്ഥാനം കേന്ദ്രത്തിനും – കേന്ദ്രം സംസ്ഥാനങ്ങൾക്കും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ഇന്ത്യൻ യൂണിയന്റെ ഭാഗമായി ഫെഡറൽ ജനാധിപത്യം അംഗീകരിക്കുകയും ചെയ്തത്.

യൂറോപ്പിലെ പൊലെയൊരു സാഹചര്യമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഓരോ സംസ്ഥാനവും ഓരോ രാജ്യങ്ങളാകുമായിരുന്നു.അവിടെയാണ് നാനാത്വത്തിൽ ഏകത്വം എന്ന ആശയം ഇന്ത്യ തുടർന്ന് പോയത്. അതിന്ന് ഗുണമോ മോശമോ എന്നത് വേറെ കാര്യം.

അമിത് ഷായും ബിജെപിയും അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സൂചനയാണ്. മലയാളിയും, തമിഴനും, തെലുങ്കനും, കന്നഡിഗയും,ബംഗാളിയും,ആസാമിയും,വടക്കു കിഴക്കന്മാരും,അങ്ങനെ നൂറ്റെട്ടു ഭാഷകളിൽ പിണഞ്ഞു കിടക്കുന്ന മനുഷ്യർ മുഴുവൻ പരസ്പരം ഗോസായിയുടെ ഹിന്ദി പറയണമെന്നാണ് പറയുന്നത്.അടുത്ത ഘട്ടമായി സംസ്‌ഥാനങ്ങളെ പ്രവിശ്യകളാക്കി തിരിച്ചു പ്രത്യേക കേന്ദ്ര അധികാര കേന്ദ്രങ്ങൾ നിശ്ചയിക്കുമെന്നും കേൾക്കുന്നു.ഫെഡറലിസത്തിന്റെ കടക്കൽ വെട്ടി ഗോസായി ജീവിതം രാജ്യം മുഴുവൻ അടിച്ചേല്പിക്കാനുള്ള ആഗ്രഹം.

സി.പി.ഐ.(എം) പാർട്ടി കോണ്ഗ്രസിൽ വച്ചു നടക്കുന്ന സെമിനാറിൽ ഇതാണ് രാഷ്ട്രീയ മാനം.ഓഫർ ചർച്ച ചെയ്യുന്ന മലയാളത്തിലെ ഒരു ചാനലും ഇത് നമ്മളോട് പറയില്ല.പറയണമെന്ന് ആഗ്രഹം തോന്നിയാലും അതിനൊത്ത ആമ്പിയറുള്ള ഒറ്റ എണ്ണം ആ കൂട്ടത്തിലുമില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.