| എസ് സുധീപ്
യു പി തെരഞ്ഞെടുപ്പിൽ യോഗിയുടെ തോൽവി ഏറ്റവുമധികം ആഗ്രഹിക്കുന്നത് അമിത് ഷാ ആയിരിക്കും. മോദിയെക്കാളും ഷായെക്കാളും ആർ എസ് എസിനു പ്രിയം യോഗിയെയാണ്. അതിതീവ്ര ഹിന്ദുത്വ വാദികളുടെ കണ്ണിലുണ്ണി. മോദി ഒന്നാന്തരം വർഗീയവാദിയാണ്. അതിനെയും കവച്ചുവയ്ക്കുന്ന വർഗീയതയാണ് ഷായുടേത്.
പക്ഷേ സംഘപരിവാറിന് അതൊന്നും പോര. ഏറ്റവും കടുത്ത തീവ്രതയാണ് അവർക്കു വേണ്ടത്. ന്യൂനപക്ഷങ്ങളില്ലാത്ത, പള്ളികളില്ലാത്ത, സവർണാധിപത്യത്തിൻ കീഴിലുള്ള ഇന്ത്യയാണ് അവരുടെ സ്വപ്നം.
മഥുര, കാശി അങ്ങനെയങ്ങനെ ഒരുപാട് അജണ്ടകളുണ്ട്. ഭരണഘടന പൊളിച്ചെഴുതണം, പ്രസിഡൻഷ്യൽ ഭരണം നടപ്പിലാക്കണം… അതിനവർ കണ്ടുവച്ചിരിക്കുന്നതു യോഗിയെയാണ്. മോദി എന്നത് തൽക്കാലത്തേയ്ക്കായി സംഘപരിവാർ എടുത്തണിഞ്ഞിരിക്കുന്ന ഒരു മുഖം മൂടിയാണ്. മോദിയുടെ തീവ്ര വർഗീയതയൊന്നും പരിവാറിനെ തൃപ്തിപ്പെടുത്തുന്നില്ല. യോഗിയുടെ ദൽഹി പട്ടാഭിഷേകമാണ് അവർ കാത്തിരിക്കുന്നത്.
അഖിലേഷിൻ്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് ഉത്തർപ്രദേശിൽ ഭരണം നിലനിർത്താൻ കഴിഞ്ഞാൽ യോഗി സംഘപരിവാറിലെ സർവശക്തനാകും. മോദിയുടെ അനന്തരാവകാശി. ഒരുപക്ഷേ 2024-ൽ തന്നെ മോദിയുടെ കസേരയിലേയ്ക്ക് സംഘപരിവാറിൻ്റെ ചോയ്സ്. അമിത് ഷാ ചിത്രത്തിലേ വരില്ല.
അതു നന്നായി അറിയാവുന്നതു ഷായ്ക്കു തന്നെയാണ്. 2017 -ലും 2019 -ലും യുപിയിലെ ബിജെപിയുടെ വൻകുതിപ്പിനു ചുക്കാൻ പിടിച്ച അമിത് ഷാ എല്ലാമറിയുന്നുണ്ട്. ഇത്തവണ ബിജെപിയിൽ നിന്നു മന്ത്രിമാരടക്കം അഖിലേഷിനൊപ്പം പോകുന്നതു കണ്ട് ഷാ അടക്കിച്ചിരിക്കുന്നുണ്ട്. യോഗി തോൽക്കേണ്ടത് ഷായുടെ ആവശ്യമാണ്.
തോൽവിക്കു ശേഷം 2024-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് യുപി പിടിച്ചടക്കാൻ യോഗ്യൻ ഷാ തന്നെയെന്ന്, ഷായ്ക്കേ കഴിയൂ എന്ന് ആർഎസ്എസിനെക്കൊണ്ട് പറയിപ്പിക്കണം. ഷാ കാത്തിരിക്കുന്നത് അതിനാണ്. ഷായ്ക്കു വേണ്ടത് മോദിയുടെ കസേരയാണ്. അതേ കസേര തന്നെയാണ് യോഗിയുടേയും ആഗ്രഹം. പക്ഷേ യോഗി ഇത്തവണ ഭരണം നിലനിർത്തിയാലും തോറ്റാലും മറുപടി പറയേണ്ടി വരുന്ന ഒരാളുണ്ട് – മോദി.
യോഗി തോറ്റാൽ, കാർഷിക നിയമങ്ങളടക്കമുള്ള മോദിയുടെ ജനവിരുദ്ധ നടപടികളാണു കാരണമെന്ന് യോഗി ആരോപിക്കും. ജയിച്ചാൽ, മോദിയുടെ ജനദ്രോഹ നടപടികൾക്കിടയിലും ഭരണം നിലനിർത്താൻ കഴിഞ്ഞതിൻ്റെ മേനി നടിക്കും. എന്തായാലും ശരി, മോദിക്കു കിടക്കപ്പൊറുതിയുണ്ടാവില്ല. അഞ്ചു നിയസഭകളിലെ തെരഞ്ഞെടുപ്പുകൾക്കു ശേഷം, ഇക്കൊല്ലവും അടുത്ത കൊല്ലവുമായി ഗുജറാത്ത്, ഹിമാചൽ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണാടക, ഛത്തിസ്ഗഡ്, തെലങ്കാന, ത്രിപുര അടക്കം പതിനൊന്നു സംസ്ഥാനങ്ങളിൽ കൂടി നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കൈവിട്ടാൽ, മോദിയുടെ ശക്തി വീണ്ടും ക്ഷയിക്കും.
പിന്നെ ഷാ ആയിരിക്കുമോ യോഗി ആയിരിക്കുമോ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? പഴയ വള്ളക്കാരൻ്റെ കഥ തന്നെ വീണ്ടും ഓർമ്മ വരുന്നു. മോദി വന്നപ്പോഴാണ് വാജ്പേയിയുടെ മഹത്വം ഇന്ത്യ അറിഞ്ഞത്. ഷാ വരുമ്പോൾ മോദി എത്ര നല്ലവനായിരുന്നു എന്നു നാമറിയും. യോഗി വരുമ്പോഴേയ്ക്കും നമ്മളോ ഇന്നത്തെ ഇന്ത്യയോ ഒന്നും തന്നെ ബാക്കിയുണ്ടാവില്ല. ചിന്തിക്കേണ്ടതുമില്ല.



