| രാഹുൽ ഹമ്പിൾ സനൽ
ശരിക്കും കൃത്യമായ സാമൂഹ്യ വീക്ഷണമുള്ള ഒരു വ്യക്തിയാണ് എആർ റഹ്മാൻ. സംഗീതത്തെ കുറിച്ച് മാത്രം അറിവുള്ള ഒരു പാവം ആണ് അദ്ദേഹം എന്ന് പലർക്കും വിചാരം ഉണ്ട്.. പക്ഷേ തെറ്റാണ്.. പ്രതികരിക്കേണ്ട സമയത്ത് തൻ്റേതായ രീതിയിൽ അദ്ദേഹം പ്രതികരിച്ചിരിക്കും.
അമിത് ഷാ ഹിന്ദിയെ നിർബന്ധിത ഭാഷയാക്കും എന്നു പറഞ്ഞ സമയത്താണ്തമിഴിനെ ഒരു കറുത്ത സ്ത്രീ ആയി ചുവന്ന വസ്ത്രത്തിൽ ചിത്രീകരിച്ച ഒരു ചിത്രം തമിഴ് വരികളോടെ ഒരു പരിഭാഷയും ഇല്ലാതെ അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇളയരാജ പോലും പരസ്യമായി ഒരിക്കലും ജാതീയതയെ കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നു മാത്രമല്ല മോഡിയെ അംബേദ്ക്കറിനോട് ഉപമിക്കുകയും ചെയ്തിട്ടുണ്ട്.
എആർ റഹ്മാൻ്റെ ഒരു അഭിമുഖത്തിൽ ജാതീയതയെ കുറിച്ചൊക്കെ കൃത്യമായ നിരീക്ഷണം അദ്ദേഹം പറയുന്നുണ്ട്. നഗരങ്ങളിൽ ഇല്ല എങ്കിലും ഗ്രാമങ്ങളിൽ ഇപ്പോഴും ജാതീയത ഉണ്ട് എന്നും കഴിവ് കൊണ്ട് അതിനെ മറികടക്കണമെന്നും പറയുന്നുണ്ട്. അതിനായി അഞ്ച് വർഷമോ പത്ത് വർഷമോ ഇരുപത് വർഷമോ നീ എടുത്തോളൂ. ഒരിക്കൽ നീ ജയിച്ചു കാണിക്കണം എന്നൊക്കെ എആർ പറയുന്നത് കേട്ടാൽ വല്ലാത്ത മോട്ടിവേഷൻ ആണ്.
എആർ റഹ്മാൻ്റെ പാട്ടുകൾ ശരാശരി ആണ് എന്നു പറഞ്ഞ സൽമാൻ ഖാൻ കൈയ്യിൽ പിടിക്കാൻ വന്നപ്പോൾ കൈ പിൻമാറ്റിയ ആളാണ് റഹ്മാൻ. രണ്ടു പെൺമക്കളിൽ ഒരാൾ കടുത്ത മത വാദി ആയി പൊതുവേദികളിൽ മുഖം മറച്ച് നടക്കുമ്പോഴും മൂത്തമകൾക്ക് മുടിയൊക്കെ കളർ ചെയ്ത് തീർത്തും മോഡേൺ വസ്ത്രത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അച്ഛൻ എന്ന നിലയിൽ എആർ റഹ്മാൻ കൊടുക്കുന്നുണ്ട്.
ഇപ്പോൾ കേരള സ്റ്റോറി വിവാദം വന്നപ്പോൾ തന്നെ കേരളത്തിലെ ഒരു മുസ്ളീം പള്ളിയിൽ നടന്ന ഹിന്ദു വിവാഹത്തിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ഇതാണ് ശരിക്കും കേരള സ്റ്റോറി എന്നു പറഞ്ഞു കൊണ്ട് തൻ്റെ നിലപാട് അറിയിച്ചിരിക്കുകയാണ് എആർറഹ്മാൻ.



