സംവരണങ്ങളുടെ കലവറ തന്നെയാണ് ഇന്ത്യ. വിവിധ മേഖലകളിൽ വിവിധ ആളുകൾക്കായി പ്രത്യേകം സംവരണം നമ്മുടെ നാട്ടിലുണ്ട്. ഇലക്ഷൻ കാലത്ത് കൂടുതൽ ചർച്ചയാകുന്നത് വനിത – ജാതി സംവരണങ്ങളാണ്. ഇത്തരത്തിൽ പാർട്ടികൾ വനിതകൾക്ക് സംവരണം നൽകി സീറ്റ് കൊടുത്താലും എത്ര വനിതകൾ ജയിക്കുന്നു എന്നത് ഏറെ കൗതുകകരമായ കണക്കാണ്.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം പുറത്ത് വന്നുകഴിഞ്ഞു. വനിത സംവരണ ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ വനിത എം.എൽ.എമാരുടെ എണ്ണമെത്ര എന്നത് കൗതുകകരമാണ്. ഛത്തീസ്ഗഢിൽ മാത്രമാണ് 20 ശതമാനത്തിലധികം വനിത എം.എൽ.എമാരുള്ളത്. 90 സീറ്റുകളുള്ള നിയമസഭയിൽ 19 പേരാണ് വനിതകൾ.
തെലങ്കാനയിൽ 119ൽ 10 പേരാണ് വനിതകൾ. 2018ൽ ആറ് ശതമാനമായിരുന്ന വനിതകളുടെ എണ്ണം ഇത്തവണ എട്ട് ശതമാനമായി ഉയർന്നു. മധ്യപ്രദേശിൽ താരതമ്യേന എണ്ണത്തിൽ കൂടുതലാണെങ്കിലും മൊത്തം സീറ്റുകളുടെ 11.7 ശതമാനം മാത്രമാണ് വനിതകൾ. 230 സീറ്റിൽ 27 ആണ് വനിത എം.എൽ.എമാരുടെ എണ്ണം. 2013ലെ 30 വനിത എം.എൽ.എമാർ എന്നതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്.
രാജസ്ഥാനിൽ 10 ശതമാനമാണ് വനിത നിയമസഭാംഗങ്ങൾ. 2018ൽ 24 ആയിരുന്നത് ഇപ്പോൾ 20 ആയി കുറഞ്ഞു. മിസോറം സംസ്ഥാനം രൂപീകരിച്ച ശേഷം ഇതുവരെ നാലു വനിതകൾ മാത്രമായിരുന്നു എം.എൽ.എമാരായത്. ഇത്തവണ മൂന്ന് വനിതകൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 19 പേരാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പിലാണ് വനിതാ ബില്ലിന്റെ എഫക്ട് മനസിലാക്കാൻ സാധിക്കു.



