...
Home News National അശോകന്റെ കാലത്തെ കല; അശോകസ്തംഭ ചരിത്രം

അശോകന്റെ കാലത്തെ കല; അശോകസ്തംഭ ചരിത്രം

സ്തംഭാഗ്രത്തിൽ സ്ഥാപിച്ചിട്ടുള്ള നാലു സിംഹപ്രതിമകൾ ലോഹംകൊണ്ടു തീർത്ത വലിയ അശോകചക്രത്തെ ചുമലിൽ ഏറ്റിയ നിലയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.

5

ഇന്ത്യ അതിന്റെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ്‌ അശോകസ്തംഭം. ബുദ്ധമതത്തിന്റെ പ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭംമാണിത്. മുന്ന് സിംഹങ്ങൾ മൂന്ന് ദിക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ്‌ നിലനിന്നിരുന്നത്.

അശോകസ്തൂപം എന്നപേരിൽ അറിയപ്പെടുന്ന ഈ സ്തൂപം ഇന്നും നിലനിൽക്കുന്നുണ്ട്. സ്തംഭം ഇപ്പോൾ സാരാനാഥ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്‌. ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല്‌ ആരക്കാലുകളുള്ള ചക്രമാണ്‌ ഇന്ത്യയുടെ ദേശീയപതാകയുടെ മദ്ധ്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.

അസ്തിവാരമുണ്ടെന്ന സൂചനയില്ലാതെ ഭൂമിയിൽ നിന്നും നേരെ പൊന്തി പനയുടെ ആകൃതിയിൽ ക്രമേണ കൂർത്തുവരുന്ന ഒരു ഉരുണ്ട തൂണാണ് അശോകസ്തംഭം. സാധാരണയായി ഇതിന് 9 മീ. മുതൽ 12 മീ. വരെ ഉയരം ഉണ്ടായിരിക്കും. യാതൊരു അലങ്കാരപ്പണികളുമില്ലാതെ മിനുസമായിട്ടാണ് സ്തംഭം പണി ചെയ്തിരിക്കുന്നത്. ഈ സ്തംഭത്തിന്റെ അഗ്രഭാഗത്തിനു മണിയുടെ ആകൃതിയും .056 ച.മീ. വിസ്താരവുമുണ്ട്. ഇവിടെയാണ് ബൗദ്ധചിഹ്നം സ്ഥാപിച്ചിട്ടുള്ളത്.

സിംഹപ്രതിമകളോ വൃഷഭപ്രതിമകളോ താങ്ങിനില്ക്കുന്ന അശോകചക്രം ഇവിടെ കാണാം. സ്തംഭാഗ്രത്തിനു ചുറ്റും നീണ്ട ഇതളുകൾപോലുള്ള ചിത്രപ്പണികളുണ്ട്. സ്തംഭത്തിന് 15 മീറ്ററോളം ഉയരവും 50 മെ. ടൺ തൂക്കവും വരും.

സ്തംഭം ഒറ്റക്കല്ലിലും സ്തംഭശീർഷം മറ്റൊരു കല്ലിലുമായി പണിതു ചേർത്തിരിക്കുന്നു. ചെമ്പുകൊണ്ടുള്ള ഒരു അച്ചാണി സ്ഥൂണാഗ്രത്തിലൂടെ പ്രത്യേക സമ്പ്രദായത്തിൽ തുളച്ചു കടത്തിയാണ് രണ്ടു ഭാഗവും തമ്മിൽ ചേർത്തുവച്ചിരിക്കുന്നത്. റാംപൂർവിലുണ്ടായിരുന്ന സ്തംഭത്തിൽനിന്നും കിട്ടിയിട്ടുള്ള ഒരു അച്ചാണി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 60 സെ.മീ. നീളമുള്ള ഇതിനു ദീർഘഗോളാകൃതിയാണ്. ഇരുമ്പോ മറ്റു ലോഹങ്ങളോ ഉപയോഗിച്ചാലുണ്ടാകുന്ന നാശത്തെപ്പറ്റി ബോധവാൻമാരായിരുന്നു അന്നത്തെ വാസ്തുവിദ്യാവിദഗ്ദ്ധർ എന്ന് ഇതുകൊണ്ട് മനസ്സിലാക്കാം.

നന്ദൻഗാറിലെ അശോകസ്തംഭത്തിന്റെ മുകൾഭാഗം ഒഴികെ മിക്കവാറും എല്ലാംതന്നെ ഒരേ രീതിയിലാണ് നിർമിച്ചിട്ടുള്ളത്; നന്ദൻനഗറിലെ സ്തംഭാഗ്രം അല്പം കുറുകിയ രീതിയിലാണ്. തന്നെയുമല്ല അതിന്റെ ശീർഷശില്പവും മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാണ്. പരീക്ഷണാർഥം ആദ്യം നിർമിച്ചതായിരിക്കണം ഇതെന്ന് അനുമാനിക്കാം. മണിയുടെ ആകൃതിയിലുള്ള സ്തംഭാഗ്രം പ്രതിരൂപാത്മകമാണ്. ഹൈന്ദവക്ഷേത്രങ്ങളിലെ അലങ്കാരപ്പണികളിൽ ഈ ആകൃതി ധാരാളമായി ഉപയോഗിച്ചുകാണുന്നുണ്ട്. പക്ഷേ, മണിയുടെ പുറമേയുള്ള ചാലിട്ടപണി പേർഷ്യൻ രീതിയുടെയോ ഗ്രീക് രീതിയുടെയോ അനുകരണമായിരിക്കണം.

അർടാക്സെർക്സസ് II-ആമന്റെ (ബി.സി. 404-358) കൊട്ടാരത്തിലെ പണികളിലും മറ്റും ഇതു ധാരാളം കാണുന്നുണ്ട്. സ്തംഭാഗ്രത്തിന്റെ മുകളിൽ വൃത്താകൃതിയിലുള്ള പണിയുടെ വീതിയുള്ള ചുറ്റുവശങ്ങളിൽ പ്രത്യേക രീതിയിലുള്ള അലങ്കാരപ്പണികൾകൊണ്ടു നിറച്ചിരിക്കയാണ്. ഹംസം, ലതകൾ, പന മുതലായവയാണ് കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. അശോകസ്തംഭത്തിന്റെ കലാപരമായ മേന്മ മുഴുവൻ പ്രദർശിപ്പിച്ചിട്ടുള്ളത് സ്തംഭാഗ്രത്തിൻമേലും അതിൽ സ്ഥാപിച്ചിട്ടുള്ള മൃഗപ്രതിമയിലുമാണ്. സ്തംഭാഗ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മൃഗപ്രതിമകൾ എല്ലാം തന്നെ പുരാണേതിഹാസങ്ങളിലെ ആശയങ്ങളോടു ബന്ധപ്പെട്ടവയാണ്. ഈ മൃഗങ്ങൾ പ്രപഞ്ചത്തിന്റെ ചതുർദിശകളെ പ്രതിരൂപാത്മകമായി പ്രതിനിധാനം ചെയ്യുന്നു.

ആന കിഴക്കു ദിക്കിന്റെയും കുതിര തെക്കേ ദിക്കിന്റെയും വൃഷഭം (റാംപൂർവസ്തംഭം) പടിഞ്ഞാറേ ദിക്കിന്റെയും സിംഹം (നന്ദൻഗാറിലെ സ്തംഭം) വടക്കു ദിക്കിന്റെയും പാലകരായി നിലകൊള്ളുന്നു. സാരനാഥിലുള്ള സ്തംഭത്തിന്റെ അബാക്കസ്പണിയിൽ ഈ നാലു മൃഗങ്ങളെയും കൊത്തിവച്ചിട്ടുണ്ട്. സ്തംഭാഗ്രത്തിൽ സ്ഥാപിച്ചിട്ടുള്ള നാലു സിംഹപ്രതിമകൾ ലോഹംകൊണ്ടു തീർത്ത വലിയ അശോകചക്രത്തെ ചുമലിൽ ഏറ്റിയ നിലയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. എന്നാൽ ഈ അശോകചക്രം ഇപ്പോൾ എടുത്തു മാറ്റപ്പെട്ടതുകൊണ്ട് സിംഹങ്ങളുടെ രൂപഭദ്രതയ്ക്ക് അല്പം ഉടവുപറ്റിയിട്ടുണ്ട്.

സാരനാഥിലുള്ള ഈ സ്തംഭമാണ് ഏറ്റവും വലുതും മനോഹരവും. ഇത് ബി.സി. 250-ലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ അശോകചക്രം ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറുടെ നിർദ്ദേശപ്രകാരം ഇന്ത്യയുടെ ദേശീയ പതാകാചിഹ്നമായും ഇതിന്റെ സ്തംഭാഗ്രം ഇന്ത്യയുടെ ദേശീയ ചിഹ്നമായും സ്വീകരിച്ചിരിക്കുന്നു.

അശോകസ്തംഭങ്ങളിൽ കൊത്തിവച്ചിട്ടുള്ള രൂപങ്ങൾ യഥാതഥങ്ങളാണ്. സാരനാഥിലെ സ്തംഭത്തിലെ സിംഹങ്ങളും റാംപൂർവസ്തംഭത്തിലെ വൃഷഭവും അതിമനോഹരങ്ങളാണ്. യഥാതഥ സങ്കേതമുപയോഗിക്കുന്ന കലയുടെ ഉത്തമമാതൃകകളായി ഇവ കണക്കാക്കപ്പെടുന്നു. അശോകസ്തംഭങ്ങളുടെ തിളക്കംമൂലം അവ ലോഹനിർമിതങ്ങളായിട്ടാണ് തോന്നുന്നത്. കൊത്തുപണി, അലങ്കാരപ്പണി, രൂപമാതൃകകൾ എന്നിവയുടെ സൗന്ദര്യപൂർണത അശോകസ്തംഭങ്ങളിൽ കാണാവുന്നതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.