...
Home News പ്രതികരിക്കേണ്ട ഇടങ്ങളിൽ കൃത്യമായി പ്രതികരിച്ച് മുന്നോട്ട് പോയ ഒരു മാധ്യമ ജീവിതമാണ് അസിതയുടേത്

പ്രതികരിക്കേണ്ട ഇടങ്ങളിൽ കൃത്യമായി പ്രതികരിച്ച് മുന്നോട്ട് പോയ ഒരു മാധ്യമ ജീവിതമാണ് അസിതയുടേത്

ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ , ഏഷ്യാനെറ്റ്, മഴവിൽ മനോരമ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും ചാനലുകളിലും മാറി മാറി ജോലി ചെയ്ത അതേ നായരാണ് മാധ്യമപ്രവർത്തകരുടെ ചാനൽ കൂടുമാറ്റങ്ങളെക്കുറിച്ച് അസ്വസ്ഥനാകുന്നത് എന്നതാണ് വലിയ തമാശ.

15

| ബഷീർ വള്ളിക്കുന്ന്

ശ്രീകണ്ഠൻ നായർ ഇന്ന് ചെയ്തത് ശുദ്ധ തോന്നിവാസമാണ്, അസിത സഹീറിനെ സൈബർ ഇടത്ത് കടിച്ചു കീറാൻ അവസരമൊരുക്കും വിധം അവരെക്കുറിച്ചാണെന്ന് തോന്നിപ്പിക്കും വിധം തന്റെ മോണിങ് ഷോയിൽ ഈ നായർ നടത്തിയ പ്രസ്താവന അങ്ങേയറ്റം തരം താണതായിരുന്നു.

ചാനൽ വിട്ടു പോകുന്ന ആളുകളെക്കുറിച്ച് വളരെ മോശമായ പരാമർശമാണ് ശ്രീകണ്ഠൻ നായർ നടത്തിയത്. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വർഗം എന്ന മട്ടിലാണ് ചാനൽ വിട്ട് പോകുന്നവരെക്കുറിച്ച് അയാൾ പറഞ്ഞത്. മാത്രമല്ല, അച്ഛന്റെ ചികിത്സക്കാണെന്ന് പറഞ്ഞു രണ്ടര ലക്ഷം ലോണെടുത്ത് തിരിച്ചടക്കാതെ പോയ ആളുടെ പേര് ഞാൻ പറയുന്നില്ല എന്ന് വരെ അയാൾ പറഞ്ഞു കളഞ്ഞു. കഴിഞ്ഞ ദിവസം 24 വിട്ട അസിത സഹീറിനെക്കുറിച്ചാണ് അതെന്ന് ധരിച്ച പലരും അവരെ സൈബർ ഇടങ്ങളിൽ ഇന്ന് കൊത്തിവലിക്കുക ആയിരുന്നു.

കോൺഗ്രസ്സിന്റെ ലേബലിൽ ഉള്ള പല സൈബർ ഗുണ്ടകളും അസിതയുടെ ഫോട്ടോ വെച്ച് രണ്ടര ലക്ഷം അടിച്ചു മാറ്റിയ മാപ്ര എന്ന തലക്കെട്ടിൽ പോസ്റ്റുകൾ ഇട്ട് അർമാദിക്കുകയായിരുന്നു ഇന്ന്.. ആയിരക്കണക്കിന് ആളുകളാണ് അതിന് ലൈക്കും ഷെയറും ചെയ്തത്. ശ്രീകണ്ഠൻ നായർ നടത്തിയ പ്രസ്താവനയാണ് എല്ലാത്തിനും വഴി വരുന്നിട്ട് കൊടുത്തത്. അച്ഛന്റെ ചികിത്സക്കെന്നല്ല, ഒരു ആവശ്യത്തിനും 24 ൽ നിന്ന് ലോൺ എടുത്തിട്ടില്ലെന്നും രാജി വെച്ചിറങ്ങുന്നതിന് നോട്ടീസ് പീരീഡിന്റെ പണമായി തൊണ്ണൂറ്റി മുവ്വായിരം ശ്രീകണ്ഠൻ നായർക്ക് അങ്ങോട്ട് കൊടുത്തിട്ടാണ് രാജി വെച്ചിറങ്ങിയതെന്നും അസിത വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെക്കുറിച്ചാണ് കഴുകന്മാർക്ക് കൊത്തിവലിക്കാൻ പാകത്തിൽ ദുസ്സൂചനകളോടെ നായർ ഇന്ന് മോണിങ് ഷോ നടത്തിയത്.

തന്റെ പരാമർശം മൂലം ഒരു പകൽ മുഴുവൻ അസിത വേട്ടയാടപ്പെട്ടിട്ടും ആ പ്രസ്താവനയിൽ ഒരു വിശദീകരണം കൊടുക്കാനോ പറഞ്ഞത് തിരുത്താനോ നായർ തയ്യാറായിട്ടില്ല. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ , ഏഷ്യാനെറ്റ്, മഴവിൽ മനോരമ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും ചാനലുകളിലും മാറി മാറി ജോലി ചെയ്ത അതേ നായരാണ് മാധ്യമപ്രവർത്തകരുടെ ചാനൽ കൂടുമാറ്റങ്ങളെക്കുറിച്ച് അസ്വസ്ഥനാകുന്നത് എന്നതാണ് വലിയ തമാശ.

“സുകുമാരക്കുറിപ്പിനെ കണ്ടെത്തി” അറസ്റ്റ് ചെയ്യിപ്പിച്ച് ഈ നൂറ്റാണ്ടിലെ ഏറ്റവും ഐതിഹാസികമായ മാധ്യമ പ്രവർത്തനം നടത്തി റെക്കോർഡിട്ട് നിൽക്കുകയാണല്ലോ ഈ നായരിപ്പോൾ. തന്റെ ചാനലിൽ നിന്ന് രാജി വെച്ച് പോകുന്നവരെക്കുറിച്ചൊക്കെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു ആളാകാൻ നോക്കുന്ന ഏഭ്യൻ എന്നല്ലാതെ മറ്റെന്ത് പറയാൻ.

യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയയായ മാധ്യമപ്രവർത്തകരിൽ ഒരാളാണ് അസിത സഹീർ. പ്രതികരിക്കേണ്ട ഇടങ്ങളിൽ കൃത്യമായി പ്രതികരിച്ച് മുന്നോട്ട് പോയ ഒരു മാധ്യമ ജീവിതമാണ് അസിതയുടേത്. അത് കൊണ്ട് തന്നെയാണ് ശ്രീകണ്ഠൻ നായർ തിരി കൊളുത്തി വിട്ട സൈബർ വേട്ടകൾക്ക് വായടപ്പൻ മറുപടി കൊടുത്ത് അവർ പ്രതികരിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.