...
Home News Kerala ഇരുട്ടിനൊടുവിൽ വെളിച്ചത്തിൻ്റെ മെഴുകുതിരിവെട്ടം പിറക്കുന്നു

ഇരുട്ടിനൊടുവിൽ വെളിച്ചത്തിൻ്റെ മെഴുകുതിരിവെട്ടം പിറക്കുന്നു

മെഴുകുതിരി വെട്ടങ്ങൾ ഇനിയും പിറക്കട്ടെ. ആ വെളിച്ചത്തിൽ, ഹൃദയത്തിലെ സംഘപരിവാർ അജണ്ടകളുടെയും ആശയങ്ങളുടെയും കാവിമഷിയിൽ മുക്കിയ പേന കൊണ്ട് വിധിന്യായമെഴുതാനിരിക്കുന്ന, ഭരണഘടനാബോധമില്ലാത്ത, മലീമസമായ നീതിബോധമുള്ള ചില ന്യായാധിപരുടെ മുഖങ്ങൾ നാടിനും നാട്ടാർക്കും മുമ്പിൽ വെളിപ്പെടട്ടെ

263

| പിജി പ്രേംലാൽ

പത്ത് മൂട് കപ്പ കട്ടുവെന്ന് പച്ചക്കള്ളം പറഞ്ഞ് കുടിയാനെ ചവിട്ടിമെതിച്ച പണ്ടത്തെ ജന്മിയോട് നട്ടെല്ലുള്ള ഏതോ ഒരു ഇളമുറക്കാരൻ തെളിവു ചോദിച്ചപ്പോ ‘എൻ്റെ കോണകത്തിനകത്തുണ്ട്. വിശ്വസിച്ചോളണം’ എന്നു പറഞ്ഞപോലെയാണ് ചില ഹൈക്കോടതി ജഡ്ജിമാരുടെ നീതി നടത്തിപ്പുകൾ..!

രണ്ടുമൂന്നു വർഷം മുമ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയി ആണ് അത്തരം അഭ്യാസങ്ങളുടെ ആദ്യ പുണ്യാളനായി സംഘപരിവാർ ഭരണകൂടത്തിന് ‘മുദ്ര വച്ച കവർ’ പരിരക്ഷ നിർലോഭം വാരിക്കൊടുത്ത് കേന്ദ്രത്തിൻ്റെ രക്ഷകപ്രസ്ഥാനമായി ജുഡീഷ്യറിയെ മലിനപ്പെടുത്തിയ കളിയിലെ ഒന്നാം നമ്പറുകാരൻ.

എത്ര വലിയ അഴിമതി നടത്തിയാലും, ഭരണഘടനാവിരുദ്ധമായ വർഗ്ഗീയപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചാലും, അന്യമതവിദ്വേഷം അലിഖിതമായ സർക്കാർ നയമാക്കിയാലും, തങ്ങൾക്കെതിരെ കേസു വരുമ്പോൾ “അതിഫീകര തെളിവുകൾ കയ്യിലുണ്ട്. പക്ഷേ രാജ്യസുരക്ഷയെ ബാധിക്കും. അതിനാൽ കവറിലാക്കി ഫെവിക്കോൾ തേച്ച് ജഡ്ജിയങ്ങുന്നിൻ്റെ കയ്യീ തരാം; നാടും നാട്ടാരും അറിയാൻ പാടില്ല” എന്ന് ഉളുപ്പില്ലാത്ത ന്യായം മുന്നോട്ടുവച്ച് ഒരു കേന്ദ്രസർക്കാർ തടി കയിച്ചിലാക്കിക്കൊണ്ടേയിരുന്നത് ഏതാനും വർഷങ്ങളായി ഇന്ത്യ കണ്ടുകൊണ്ടേയിരിക്കുന്നു.

ഈ നാണംകെട്ട കലാപരിപാടിയുടെ തുടർച്ചയാണ് മീഡിയാ വണ്ണിൻ്റെ പ്രവർത്തനം നിരോധിച്ച മോദി സർക്കാരും അത് കയ്യടിച്ച് പാസ്സാക്കിയ കേരളാ ഹൈക്കോടതിയും ചേർന്ന് നിർവ്വഹിച്ചത്. എങ്കിലും… ഇരുട്ടിനൊടുവിൽ വെളിച്ചത്തിൻ്റെ മെഴുകുതിരിവെട്ടം പിറക്കുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായി ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുമുൾപ്പെട്ട സുപ്രീംകോടതിബെഞ്ച് കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു.

വിധിന്യായത്തിൽ ഇങ്ങനെ പറയുന്നു,
” ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താം. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ട്. ആ ഫയലുകൾ പുറത്തുവിടണം. തങ്ങൾക്കെതിരായ കുറ്റമെന്തെന്നറിയാൻ ഹർജിക്കാർക്ക് അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെട്ടേ മതിയാകൂ. അത് നിഷേധിക്കപ്പെടുന്നത്ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ല”

മീഡിയാവണ്ണിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ദുഷ്യന്ത് ദവെ, ദേശസുരക്ഷയുടെ പേരും പറഞ്ഞ് തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറുന്ന മോദിസർക്കാരിൻ്റെ ഏർപ്പാടിനെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ രൂക്ഷമായി വിമർശിച്ചത് ബെഞ്ചിനു മുമ്പാകെ ചൂണ്ടിക്കാട്ടുകയുണ്ടായി.

മെഴുകുതിരി വെട്ടങ്ങൾ ഇനിയും പിറക്കട്ടെ. ആ വെളിച്ചത്തിൽ, ഹൃദയത്തിലെ സംഘപരിവാർ അജണ്ടകളുടെയും ആശയങ്ങളുടെയും കാവിമഷിയിൽ മുക്കിയ പേന കൊണ്ട് വിധിന്യായമെഴുതാനിരിക്കുന്ന, ഭരണഘടനാബോധമില്ലാത്ത, മലീമസമായ നീതിബോധമുള്ള ചില ന്യായാധിപരുടെ മുഖങ്ങൾ നാടിനും നാട്ടാർക്കും മുമ്പിൽ വെളിപ്പെടട്ടെ. അല്ലെങ്കിലും…ആത്യന്തികമായി, തെളിവുകൾ വെളിപ്പെടാനുള്ളതാണ്… അല്ലാതെ കോണകത്തലപ്പുകളിൽ ഒളിപ്പിച്ചുവെയ്ക്കാനുള്ളതല്ലല്ലോ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.