...
Home Entertainments B 32 മുതൽ 44 വരെ: ശ്രുതി ശരണ്യം തന്റെ ആദ്യ സിനിമയിലൂടെ പറഞ്ഞുവെക്കുന്ന ശക്തമായ...

B 32 മുതൽ 44 വരെ: ശ്രുതി ശരണ്യം തന്റെ ആദ്യ സിനിമയിലൂടെ പറഞ്ഞുവെക്കുന്ന ശക്തമായ രാഷ്ട്രീയം

സ്ത്രീകളുടെ മാറ് ഒരു ഭോഗവസ്തുവായി മാത്രം കാണുന്ന ഒരു വലിയ സമൂഹത്തിലേക്ക് ആണ് അതവരുടെ ഐഡന്റിറ്റിയുടെ ഭാഗം ആണ് എന്നുള്ള വലിയ രാഷ്ട്രീയം ശ്രുതി ശരണ്യം പറഞ്ഞുവെക്കുന്നത്.

283

ഒരു സ്ത്രീയോട് അവരുടെ മുലകളെ പറ്റി ചോദിച്ചിട്ടുണ്ടോ? അവർക്ക് പറയാൻ ഒരുപക്ഷെ ഒരുപാട് കഥകൾ ഉണ്ടാകും. അതിൽ വലിപ്പ കൂടുതലും കുറവും മുലയൂട്ടലും തുറിച്ചു നോട്ടവും അനുവാദമില്ലാത്ത സ്പർശനവും എന്നിങ്ങനെ നൂറ് വിഷയങ്ങൾ കാണും.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് 2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത B 32 മുതൽ 44 വരെ എന്ന സിനിമ കേരള സർക്കാരിന്റെ OTT പ്ലാറ്റ്ഫോം ആയ C-space ലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. സംവിധായക ആയ ശ്രുതി ശരണ്യം തന്റെ ആദ്യ സിനിമയിലൂടെ ശക്തമായ ഒരു രാഷ്ട്രീയം ആണ് പ്രേക്ഷകരിലേക്ക് സിനിമയിലൂടെ പറഞ്ഞു വെക്കുന്നത്.

ആറു പ്രധാന കഥാപാത്രങ്ങളും അവരുടെ കഥകളും ഒരു പൊതു പ്രമേത്തിലൂടെ കോർത്തിണക്കുകയാണ് സിനിമയിൽ. പൊതുവായി സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ കണ്ടുവരുന്ന ശാരീരികവും വൈകാരികവുമായ നാശനഷ്ട്ടങ്ങൾ കൈകാര്യം ചെയ്യുക എന്നുള്ള ഒരു പൊതുവായ വിഷയത്തിൽ നിന്നും വിഭിന്നമായി വളരെ വ്യത്യസ്തവും, എന്നാൽ ശക്തവുമായ രാഷ്ട്രീയ കാഴ്ച്ചകൾ തന്നെയാണ് സംവിധായക ശ്രുതി ശരണ്യം സിനിമയിലൂടെ ഓടിക്കുന്നത്.

രമ്യാ നമ്പീശൻ, സരിൻ ഷിഹാബ്, അശ്വതി ബി, അനാർക്കലി മരിക്കാർ, കൃഷ്ണ കുറുപ്പ്, റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പേര് പോലെ ഓരോ കഥാപാത്രത്തെയും അവരുടെ ബസ്റ്റ് സൈസ് കൊണ്ടാണ് പരിചയപ്പെടുത്തുന്നത്. ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ, അല്ലെങ്കിൽ ജീവിതത്തിലെ ഏറ്റവും തീവ്രമായ ഘട്ടങ്ങളിൽ ഒക്കെയും അവരുടെ ബസ്റ്റ് കൃത്യമായി ഇവിടെ അടയാളപ്പെടുത്തുന്നുണ്ട്.

സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ സ്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അത് വലിപ്പകൂടുതലും വലിപ്പക്കുറവും എന്നതിൽ അപ്പുറത്ത് പറഞ്ഞുവെക്കുന്ന ധാരണകൾ ആണ്. ഒരു ക്വീർ വ്യക്തിക്ക് അവരുടെ സ്തനത്തിനോടുള്ള കാഴ്ചപ്പാട്, മാസ്റ്റെക്ടമിക്ക് വിധേയനായ ഒരാളുടെ കാഴ്ചപ്പാട് എന്നിങ്ങനെ അതിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുകൊണ്ട് ആണ് കഥ പുരോഗമിക്കുന്നത്.

സമൂഹത്തിലെ ആൺകുട്ടികൾക്ക് പെൺകുട്ടികളോട് അല്ലെങ്കിൽ സ്ത്രീകളോട് ഉള്ള കാഴ്ചപ്പാട് (ജനറലൈസ് ചെയ്യാൻ പറ്റില്ല എങ്കിൽ പോലും), അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ള ഒരു വലിയ ചോദ്യത്തിൽ ആരംഭിക്കുന്ന സിനിമ, അതേ വിഷയത്തിൽ ജൻഡർ എന്നതിനെ എങ്ങനെ നോക്കി കാണുന്നു എന്നുള്ള മറ്റൊരു വലിയ വിഷയത്തിലേക്ക് നീളുന്ന ചോദ്യത്തിൽ ആണ് അവസാനിക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനം പ്രതേക പ്രശംസ അർഹിക്കുന്നുണ്ട്. ഒപ്പം കാസ്റ്റിംഗ് ഡയറക്ടർ അർച്ചന വാസുദേവ് പ്രതേക കയ്യടിക്ക് അർഹയാണ്. അതി ഗംഭീരമായ കാസ്റ്റിംഗ്. അതിൽ പ്രതേകം എടുത്തു പറയേണ്ട പ്രകടനം ജയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വതി. വൈകാരികമായ പല രംഗങ്ങളും അതിമനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്ത്രീകളുടെ മാറ് ഒരു ഭോഗവസ്തുവായി മാത്രം കാണുന്ന ഒരു വലിയ സമൂഹത്തിലേക്ക് ആണ് അതവരുടെ ഐഡന്റിറ്റിയുടെ ഭാഗം ആണ് എന്നുള്ള വലിയ രാഷ്ട്രീയം ശ്രുതി ശരണ്യം പറഞ്ഞുവെക്കുന്നത്. സിയാ, ഇമാൻ, മാലിനി, നിധി, ജയ, റേച്ചൽ എന്നീ ആറു കഥാപാത്രങ്ങൾ സിനിമ കണ്ടു തീർക്കുന്ന പ്രേക്ഷകരുടെ ‘മുല’ എന്ന അവയവത്തോടുള്ള കാഴ്ചപ്പാടിൽ ഒരു വലിയ മാറ്റം ഉണ്ടാക്കും. B 32 മുതൽ 44 വരെ എന്ന സിനിമ വ്യക്തമായ രാഷ്ട്രീയ പാഠപുസ്തകമാണ്.

ഏറെ സന്തോഷത്തോടെ വലിയ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പ് മനോഹരമാക്കി സ്വയം നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഇമാൻ, മാലിനി, നിധി, ജയ, റേച്ചൽ, എന്നീ പെണ്ണുങ്ങളും സിയാ എന്ന ട്രാൻസ്മാനും നമ്മളോട് യാത്ര പറയുന്നത്. അല്ല, അവരുടെ യാത്രകൾ തുടങ്ങുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.