...
Home Business ബൈജൂസ് കൂടുതൽ പ്രതിസന്ധിയിലേക്ക് ;മുതിര്‍ന്ന ജീവനക്കാർ രാജിവെച്ചു

ബൈജൂസ് കൂടുതൽ പ്രതിസന്ധിയിലേക്ക് ;മുതിര്‍ന്ന ജീവനക്കാർ രാജിവെച്ചു

ഇരുവരും കഴിഞ്ഞ വര്‍ഷം പ്രതിസന്ധികളിൽ വിലമതിക്കാനാകാത്ത പിന്തുണയാണ് കമ്പനിക്ക് നല്‍കിയതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു .

268

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കി മുതിർന്ന ജീവനക്കാരായ ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹന്‍ദാസ് പൈയും രാജി പ്രഖ്യാപിച്ചു. വരുന്ന ജൂണ്‍ 30ന് തീരുന്ന കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു.

സ്ഥാപനത്തിന്റെ ഓഹരി ഉടമകളുമായി ബൈജൂസ് നിയമ പോരാട്ടങ്ങള്‍ നടത്തുന്നതിനിടെയാണ് മുതിര്‍ന്ന ജീവനക്കാരുടെ രാജിയും വരുന്നത്. ഇരുവരും കഴിഞ്ഞ വര്‍ഷം പ്രതിസന്ധികളിൽ വിലമതിക്കാനാകാത്ത പിന്തുണയാണ് കമ്പനിക്ക് നല്‍കിയതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു .

രജനീഷ് കുമാര്‍ എസ്ബിഐയുടെ മുന്‍ ചെയര്‍മാനും മോഹന്‍ദാസ് പൈ ഇന്‍ഫോസിസിൻ്റെ മുന്‍ ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു. അതേസമയം ഏത് ഉപദേശത്തിനും എപ്പോഴും തങ്ങളെ ബന്ധപ്പെടാമെന്നും ഇരുവരും പറഞ്ഞിട്ടുണ്ട് . നിലവിൽ ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി ജോലിക്കാരെ പറഞ്ഞയക്കുകയും ചെയ്തു.

നിക്ഷേപകരില്‍ ചിലരുടെ ബുദ്ധിശൂന്യമായ നിലപാടാണ് ശമ്പളം നല്‍കാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. 2011ല്‍ തുടങ്ങിയ ബൈജൂസ്, 2022ല്‍ 22 ബില്യണ്‍ ഡോളറിൻ്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പായി മാറിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.