...
Home News Kerala ആൾ ദൈവമാകുന്നത് ഒന്നുകിൽ ക്രിമിനൽ തട്ടിപ്പാണ്, അല്ലെങ്കിൽ മാനസിക രോഗമാണ്

ആൾ ദൈവമാകുന്നത് ഒന്നുകിൽ ക്രിമിനൽ തട്ടിപ്പാണ്, അല്ലെങ്കിൽ മാനസിക രോഗമാണ്

ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് തന്നെ പുതിയ ആൾ ദൈവങ്ങൾ പ്രത്യക്ഷപ്പെടുന്നത് ജനതയെന്ന നിലയിൽ ആത്മപരിശോധന നടത്താൻ നമ്മളെ പ്രേരിപ്പിക്കണം.

668

ഡോ: എസ് എസ് ലാൽ

കൊവിഡ് രോഗം വ്യക്തികളെയും സമൂഹത്തെയും രാജ്യങ്ങളെയും സാമ്പത്തികമായി തകർത്തിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധിയെ മുതലെടുത്ത് പുതിയ അവസരങ്ങൾ കണ്ടെത്തുന്നവരാണ് വിജയിക്കുന്നവർ. അങ്ങനെ വിജയം നേടിയ നിരവധി പുതിയ സംരംഭകരുണ്ട്. നവ സംരഭകരെയും സ്റ്റാർട്ടപ്പുകളെയുമൊക്കെ സഹായിക്കുന്ന നിലപാടുകളാണ് പൊതുവേ സർക്കാരുകളും സ്വീകരിക്കുന്നത്.

ഈ അവസരം മുതലാക്കി ചില പുതിയ തട്ടിപ്പു സംരംഭകരും ഇറങ്ങിയിട്ടുണ്ട്. പുതിയ ആൾ ദൈവങ്ങൾ. വൈറസിന്റെ കാര്യത്തിലെന്നപോലെ ആൾ ദൈവങ്ങളുടെ കാര്യത്തിലും നമുക്ക് കൃത്യമായ കരുതൽ വേണം. ഏത് മതമായാലും.

ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് തന്നെ പുതിയ ആൾ ദൈവങ്ങൾ പ്രത്യക്ഷപ്പെടുന്നത് ജനതയെന്ന നിലയിൽ ആത്മപരിശോധന നടത്താൻ നമ്മളെ പ്രേരിപ്പിക്കണം. ഒരു ആൾ ദൈവവും വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രതിസന്ധികളല്ല നമ്മുടെ മുന്നിലുള്ളത്. മാസ്കും ധരിച്ച് ആൾ ദൈവങ്ങൾ ഷെഡിൽ കയറിയപ്പോൾ ഉറക്കമിളച്ച് പണിയെടുത്ത് വാക്സിനുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞരും അത് നൽകിയ ആരോഗ്യ പ്രവർത്തകരും രോഗമുള്ളവരെ ചികിത്സിക്കുന്ന ആശുപത്രി ജീവനക്കാരുമാണ് ഇപ്പോൾ ഇത് വായിക്കുന്ന നമ്മളിൽ മിക്കവരെയും ജീവനോടെ നിർത്തിയിരിക്കുന്നത്. ആ സത്യം നമ്മൾ തിരിച്ചറിയണം. പരീക്ഷണ വാക്സിനുകൾ സ്വീകരിക്കാൻ സന്നദ്ധത കാണിച്ച മനുഷ്യരുടെ അത്രയും മാഹാത്മ്യം ഒരു ആൾ ദൈവത്തിനും ഇല്ല.

ഡോക്ടർ വെള്ളനാടിന്റെ ഒരു കുറിപ്പ് കണ്ടിരുന്നു. എനിക്കും അതു തന്നെയാണ് പറയാനുള്ളത്. ആൾ ദൈവമാകുന്നത് ഒന്നുകിൽ ക്രിമിനൽ തട്ടിപ്പാണ്, അല്ലെങ്കിൽ മാനസിക രോഗമാണ്. രണ്ടിനും നാട്ടിൽ പരിഹാരമുള്ളതിനാൽ ആൾ ദൈവങ്ങൾ ഏത് ഗണത്തിൽ പെടുന്നെന്ന് കണ്ടുപിടിച്ച് അടിയന്തിര പരിഹാരമുണ്ടാക്കണം. മതവും ജാതിയും വോട്ടുമൊന്നും ഇക്കാര്യത്തിൽ സർക്കാർ നോക്കരുത്. ആൾ ദൈവങ്ങളെ മുളയിലേ നുള്ളണം.

ഡോക്ടർ – രോഗി അനുപാതത്തിൽ രാജ്യം പിന്നാലാണെങ്കിലും ആളോഹരി ആൾ ദൈവത്തിന്റ കാര്യത്തിൽ നമ്മൾ വളരെ മുന്നിലാണ് . അതിനാൽ പുതിയ ആൾ ദൈവങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ സർക്കാരിനെ ആരും കുറ്റം പറയില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.