...
Home News Kerala കോൺഗ്രസ്‌ നെഹ്‌റുവിനെ വീണ്ടും കണ്ടെത്തണം; ബിനോയ് വിശ്വത്തിന്റെ വാക്കുകൾക്ക് പിന്നിൽ

കോൺഗ്രസ്‌ നെഹ്‌റുവിനെ വീണ്ടും കണ്ടെത്തണം; ബിനോയ് വിശ്വത്തിന്റെ വാക്കുകൾക്ക് പിന്നിൽ

വർഗീയ ഫാസിസത്തെ നേരിടാൻ നെഹ്‌റുവിനോളം പോന്ന ഒരാശയം വേറെയില്ല. നെഹ്‌റുവിന്റെ മതേതര-ജനാധിപത്യ-ആധുനിക ഇന്ത്യയെ തിരികെപ്പിടിക്കുക. അപ്പോൾ മാത്രമാണ് ഒരിക്കൽ നെഹ്‌റു തന്നെ വിശേഷിപ്പിച്ച 'തുറന്നുകിടക്കുന്ന ജയിലിൽ' നിന്നു നമുക്കു പുറത്തു കടക്കാനാവൂ.

123

| ഹരിമോഹൻ

“ഡിസ്‌കവറി ഓഫ് ഇന്ത്യ എന്നെഴുതിയ നെഹ്‌റു വീണ്ടും ഡിസ്‌കവർ ചെയ്യപ്പെടണം. കോൺഗ്രസ്‌ റീഡിസ്കവർ നെഹ്‌റു എന്നു ഞാൻ പറയുന്നതു കോൺഗ്രസ്‌ തകർന്നു പോകാതിരിക്കാനുള്ള ഉത്കണ്ഠ കൊണ്ടു കൂടിയാണ്. വിയോജിപ്പുകളെല്ലാമുണ്ട്. പക്ഷേ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയും ആർ.എസ്.എസും ഉയർത്തുന്ന വെല്ലുവിളിക്കു മുൻപിൽ കോൺഗ്രസ്‌ തകർന്നാൽ ഉണ്ടാകാൻ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ.

കേരളത്തിലെ തർക്കങ്ങളെല്ലാം നിലനിൽക്കെത്തന്നെ ഞാൻ പറയുന്നു, കോൺഗ്രസ്‌ തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ്പ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താൻ ഇടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളും ആയിരിക്കും. അത്‌ ഒഴിവാക്കണമെങ്കിൽ നെഹ്‌റുവിനെ ഓർത്തുകൊണ്ടു കോൺഗ്രസ്‌ തകരാതിരിക്കാൻ ശ്രമിക്കണം എന്നാണു ഞാൻ ചിന്തിക്കുന്നത്.” – ബിനോയ്‌ വിശ്വം, സി.പി.ഐ എം.പി

ഇന്ന് പി.ടിയുടെ, തന്റെ തോമാച്ചന്റെ ഓർമകളെ സാക്ഷിനിർത്തി ബിനോയ്‌ വിശ്വം പറഞ്ഞത് ദേശീയ രാഷ്ട്രീയത്തേക്കുറിച്ചുള്ള അയാളുടെ കൃത്യമായ ധാരണകളെ മുൻനിർത്തിയാണ്. രണ്ടുകൂട്ടരാണ് ഇതിൽ നിന്നു ചില കാര്യങ്ങൾ ഉൾക്കൊള്ളേണ്ടത്. ഒന്നു സി.പി.ഐ.എം ആണ്. കേരളത്തിലെ അധികാരത്തിനു വേണ്ടി മാത്രം ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർക്കാൻ മടിയില്ലാത്ത, നിരന്തരം രാഹുൽ ഗാന്ധിയെയും ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ പങ്കിനെയും സാന്നിധ്യത്തെയും ചോദ്യം ചെയ്യുന്ന സി.പി.ഐ.എമ്മും ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുഖ്യമന്ത്രിയും ചിലതു തിരിച്ചറിയണം.

ഒറ്റയ്ക്കോ കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷത്തെ മുഖ്യകക്ഷിയാകാൻ വെമ്പൽ കൊള്ളുന്ന മറ്റാരെയെങ്കിലും കൂട്ടുപിടിച്ചോ സംഘപരിവാറിനെ നേരിടാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത് അങ്ങേയറ്റത്തെ വിവരക്കേടു മാത്രമാണ്. ക്ലിഫ് ഹൗസിലെ ശീതീകരിച്ച മുറിയിൽ പ്രിവിലേജിന്റെ പഞ്ഞികിടക്കയിൽ കിടന്നു പിണറായി വിജയന് അതു പറയാം. പക്ഷേ പാർലമെന്റിലേക്ക് അയച്ച വിശ്വസ്തനായ ജോൺ ബ്രിട്ടാസ് അടക്കമുള്ളവരോട് കാര്യങ്ങൾ അന്വേഷിക്കണം ഇടയ്ക്കെങ്കിലും. എന്തുകൊണ്ടാണു പ്രതിപക്ഷം നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിക്കു പിന്നിൽ നിൽക്കാൻ ബ്രിട്ടാസും ശിവദാസനും എളമരം കരീമും ആരിഫുമൊക്കെ തയ്യാറാകുന്നത് എന്ന് അവർ തന്നെ പറഞ്ഞുതരും.

കേരളം മാത്രം അടങ്ങുന്നതല്ല ഇന്ത്യ. ഇവിടെ കശ്മീരും ഉത്തർപ്രദേശും ബിഹാറും ഗുജറാത്തുമൊക്കെയുണ്ട്. ബിനോയ്‌ വിശ്വം പറഞ്ഞതുപോലെ, ഇതിനൊക്കെയുള്ള കെൽപ്പ് നിങ്ങൾക്കില്ല. അതു മനസിലാക്കുക. രണ്ട്, കോൺഗ്രസ് തന്നെയാണ് ഇക്കാര്യങ്ങൾ മനസിലാക്കേണ്ടത്. ബിനോയ്‌ വിശ്വം പറഞ്ഞതു കോൺഗ്രസ്‌ തകരാതിരിക്കാനുള്ള ഏറ്റവും മികച്ച മാർഗത്തേക്കുറിച്ചു കൂടിയാണ്. സി.പി.ഐ നേതാവ് പറഞ്ഞു എന്നു കരുതി തഴയേണ്ട ഒന്നല്ല അത്.

കോൺഗ്രസ്‌ നെഹ്‌റുവിനെ വീണ്ടും കണ്ടെത്തണം എന്നാണ് അതിനുള്ള പോംവഴിയായി ബിനോയ്‌ വിശ്വം പറഞ്ഞത്. അതു തന്നെയാണു കോൺഗ്രസ്‌ ചെയ്യേണ്ടതും. വർഗീയ ഫാസിസത്തെ നേരിടാൻ നെഹ്‌റുവിനോളം പോന്ന ഒരാശയം വേറെയില്ല. നെഹ്‌റുവിന്റെ മതേതര-ജനാധിപത്യ-ആധുനിക ഇന്ത്യയെ തിരികെപ്പിടിക്കുക. അപ്പോൾ മാത്രമാണ് ഒരിക്കൽ നെഹ്‌റു തന്നെ വിശേഷിപ്പിച്ച ‘തുറന്നുകിടക്കുന്ന ജയിലിൽ’ നിന്നു നമുക്കു പുറത്തു കടക്കാനാവൂ. സി.പി.ഐയുടെ നേതാവ് പറഞ്ഞതായി എടുക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകാം. പക്ഷേ, പറഞ്ഞതു നെഹ്‌റുവിനെക്കുറിച്ചാണ്. അതു മാത്രമോർക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.