| പിജി പ്രേംലാൽ
ഫ്ലാഷ്ബാക്ക് എന്നത് സിനിമയിൽ ഒരു കാര്യത്തിന്റെ കാലഘട്ടവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കാരണബന്ധം വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ഗംഭീര സങ്കേതം ആണ്. നാലഞ്ചു വർഷങ്ങൾക്കുമുമ്പ് ഒരു ന്യൂ ജനറേഷൻ നായകൻ എന്നോട് ഇന്ത്യൻ സിനിമയിൽ മാത്രമേ ഈ ഫ്ലാഷ്ബാക്ക് എന്ന പരിപാടി ഇപ്പോഴുമുള്ളൂ എന്നു പറയുകയുണ്ടായി. അതങ്ങനെയല്ല എന്ന് ലോകഭാഷകളിലെ സമകാലികസിനിമകൾ കാണുന്ന ശീലമുള്ള ഒരാളായതിനാൽ അയാളോട് പറയുകയുണ്ടായി. പുള്ളിക്കാരന് അത് അന്ന് ബോദ്ധ്യപ്പെട്ടോ എന്നറിയില്ല.
‘റിയലിസ്റ്റിക്’ എന്നു വിളിക്കപ്പെട്ട സിനിമകളുടെ ചാകരക്കാലത്തിനു ശേഷം വീണ്ടും മലയാളത്തിൽ ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമകൾ ഉണ്ടാകുന്നുണ്ട് എന്നത് സന്തോഷകരമാണ്. അവ പക്ഷേ മിക്കവാറും കോമഡിയിലൂടെ കഥ പറയുവാൻ ശ്രമിക്കുന്നവയാണ് എന്നതൊരു യാഥാർത്ഥ്യവുമാണ്. എത്ര ഗൗരവസ്വഭാവമുള്ള സിനിമയായാലും അത് തമാശയുടെ അന്തരീക്ഷത്തിലൂടെ പറഞ്ഞാൽ മാത്രമേ ജനകീയമാവൂ എന്ന ഒരു പ്രത്യേക അവസ്ഥ മലയാളത്തിൽ നില നില്ക്കുന്നുണ്ട്.
അങ്ങനെ, മലയാളത്തിൽ ഏറെക്കുറെ കാണാൻ കിട്ടാതായ, ഒരു കാലത്ത് എം.ടിയും പത്മരാജനും ലോഹിതദാസും ജോൺപോളുമൊക്കെ എഴുതിയുണ്ടാക്കിയ ‘ഇമോഷണൽ ഫാമിലി ഡ്രാമ’ വിഭാഗത്തിൽ പെടുന്ന മികച്ച സിനിമകൾ ലോകത്തെമ്പാടും ഇപ്പോഴും പിറവിയെടുക്കുന്നുണ്ട്. അത്തരത്തിലുള്ള (അല്ലാത്തതും) പല സിനിമകളിലും ലോകം ‘ഫ്ലാഷ്ബാക്ക് ‘ എന്ന സങ്കേതത്തെ ഇപ്പോഴും കണ്ടുമുട്ടുന്നുണ്ട്.
പുതിയകാല ആഗോളപ്രേക്ഷകരുടെ (സംവിധായകരുടെയും) ഹരമായ സംവിധായകൻ ക്വന്റിൻ ടറന്റീനോയുടെ അവസാനം പുറത്തിറങ്ങിയ, ലിയനാർഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റും അഭിനയിച്ച ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’ എന്ന സിനിമയിലും ഫ്ലാഷ്ബാക്കിന്റെ മികച്ച ഉപയോഗം കാണാം.
മലയാളത്തിലെ ഏറ്റവും മികച്ചതെന്നു തോന്നിയ ഏതാനും ഫ്ലാഷ്ബാക്ക് സിനിമകളെക്കുറിച്ചു കൂടി പറയാം. ആദ്യത്തേത് ‘യവനിക’. ഒരു കുറ്റാന്വേഷണ സിനിമയുടെ പിരിമുറുക്കവും ഉദ്വേഗവും അവസാനരംഗം വരെ നിലനിർത്താൻ സഹായകമായ വിധത്തിൽ നിയന്ത്രിതവും എന്നാൽ തുടർച്ചയുള്ളതുമായ വിധത്തിൽ കഥാസന്ദർഭങ്ങളെ അളന്നുമുറിച്ച രീതിയിൽ പ്രേക്ഷകർക്കു മുമ്പിലെത്തിച്ചു, യവനിക.
സീസൺ ! പത്മരാജന്റെ ഏറെ വ്യത്യസ്തമായ ഒരു സിനിമ. ലക്ഷണയുക്തമായ നോൺ ലീനിയർ എന്നു വിശേഷിപ്പിക്കാവുന്ന തരം ഒരു ട്രീറ്റ്മെന്റ് അനുഭവിപ്പിച്ച മലയാളത്തിലെ ഒരു പക്ഷേ ആദ്യത്തെ സിനിമ! സദയം, താഴ്‌വാരം എന്നീ ചിത്രങ്ങളെയും ഓർമ്മിക്കേണ്ടതുണ്ട്.
ഇനി.. ഫ്ലാഷ് ബാക്കിൽ കഥ പറയുന്നതിന്റെ മലയാളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഉദാഹരണമായി മാറിയ, തിരക്കഥയുടെ പാഠപുസ്തകമായി മാറിയ സിനിമ…’ഒരു വടക്കൻ വീരഗാഥ’ ..! ചന്തുവിന്റെ ഓർമ്മകളിലൂടെയാണ് ആ സിനിമ ഇതൾ വിരിയുന്നത്. ടൈറ്റിൽ രംഗങ്ങൾക്കു ശേഷം, ഫ്ലാഷ്ബാക്ക് തുടങ്ങിയതിനു ശേഷം, ചന്തു ഇല്ലാത്ത ഒരൊറ്റ രംഗം പോലുമില്ല എന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഒരു മനുഷ്യന്റെ കഴിഞ്ഞകാലജീവിതം പറയുമ്പോൾ അയാൾ നായകനോ സാക്ഷിയോ എങ്കിലുമാകാത്ത ഒരൊറ്റ രംഗം പോലും ആ സിനിമയിലുണ്ടാകരുത് എന്ന ഏറ്റവും ശരിയായ ഒരു യുക്തിയുടെ മികച്ച ആവിഷ്ക്കാരമാണ് വടക്കൻ വീരഗാഥ.
ഒരാളുടെ ഫ്ലാഷ്ബാക്ക് പറയുമ്പോൾ, അതിൽ മറ്റൊരാളുടെ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ വരെ കാണിച്ചുതന്നിട്ടുള്ള ബോറൻ-യുക്തിരഹിത സിനിമകൾ ഉണ്ടെന്നോർക്കുമ്പോഴാണ് ‘വടക്കൻ വീരഗാഥ’യുടെ തിരക്കഥയിലെ യുക്തിഭദ്ര ശരിയ്ക്ക് എംടിയ്ക്ക് നീട്ടിയൊരു സല്യൂട്ട് അടിക്കാൻ തോന്നുന്നത്!



