...
Home Entertainments ഭ്രമയുഗത്തിലെ മന ഒരർത്ഥത്തിൽ ഇന്നത്തെ ഇന്ത്യയായി കാണാവുന്നതാണ്

ഭ്രമയുഗത്തിലെ മന ഒരർത്ഥത്തിൽ ഇന്നത്തെ ഇന്ത്യയായി കാണാവുന്നതാണ്

ഒരേ സമയം മനയിലെ തടവുകാരനും അതേ പോലെ സർവാധികാരിയും ആണ് അദ്ദേഹം. രണ്ടിനും ഒപ്പം ഭയവും ഉണ്ട്. ഒരേ സമയം ഭയപ്പെടുത്തി അധികാരം നിലനിർത്തുക, മറുവശത്ത് ഭയത്തിന് കീഴടങ്ങി അധികാരം നിലനിർത്താൻ വേഷ ഭാവപ്പകർച്ചകൾ നടത്തുക.

292

| അഡ്വ. ശ്രീനാഥ് ആർ മാവേലിക്കര

ടി ഡി യെ ( T D Ramakrisnan ) വായിക്കാൻ തുടങ്ങിയ കാലം മുതൽ ഉള്ളിൽ തോന്നിയ കാര്യമാണ് ഈ മനുഷ്യന് സിനിമ തിരക്കഥകൾ എഴുതിക്കൂടെ എന്നത്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിച്ച്, ഭ്രമിച്ച് വശായ് തഞ്ചാവൂർക്ക് വച്ചുപിടിച്ച ഞാനും സൂര്യ മംഗള ടീച്ചറും യാത്രയിലുടനീളം വെറുതേ ചർച്ച ചെയ്തത് ആണ്ടാൾ ദേവനായകിയുടെ ജീവിത കഥ സിനിമയാക്കുന്ന സാദ്ധ്യതകളെപ്പറ്റിയായിരുന്നു. ആണ്ടാൾ ദേവനായകിയായ് ആര് അഭിനയിക്കണം, രാജ രാജ ചോളൻ ആരാവണം അതുപോലെ രാജേന്ദ്ര ചോളൻ ആരാവണം തുടങ്ങി ആ നോവലിൽ അങ്ങോളം ഇങ്ങോളം വന്നു പോയ കഥാപാത്രങ്ങളെ നിലവിലെ സിനിമ മേഖലയിൽ ഉള്ള നടൻമാരിൽ ആർക്കു കൈകാര്യം ചെയ്യാൻ സാധിക്കും എന്നതായിരുന്നു യാത്രയിലുടനീളം ചർച്ച.

വെറുതേ ! ഒന്നും നടക്കാനല്ല അറിയാം. പക്ഷെ അങ്ങനെ ഒരു ചർച്ച ഞങ്ങളുടെ ഉള്ളിൽ നിറച്ചത് രചന വായനക്കാരൻ്റെ ഉള്ളിൽ ദൃശ്യവൽക്കരിക്കാൻ സാധിക്കുന്ന മട്ടിലുള്ളതാണ് എന്നതാണ്. ഇന്നും ആണ്ടാൾ ദേവനായകിയെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ കടന്നു വരുന്ന കാര്യങ്ങളിൽ ഒന്ന് ഞങ്ങളുടെ ഭ്രാന്തമായ ആ യാത്രയും അതിലും ഭ്രാന്തമായ സിനിമാ ചർച്ചയും ആണ്.

ടി ഡി സംഭാഷണം രചിച്ച ഒരു സിനിമ, പിന്നെ മമ്മൂട്ടി എന്ന അതുല്യ നടൻ്റെ വ്യത്യസ്ഥമായ വേഷം എന്നീ രണ്ടു കാര്യങ്ങളാണ് ഈ സിനിമയിലേക്ക് ഞങ്ങളെ ആകർഷിച്ചത്. രണ്ടും നിരാശരാക്കിയില്ല ഞങ്ങളെ ‘. ഒരു ഹൊറർ മൂവി എന്ന ഒറ്റ കള്ളിയിൽ ഭ്രമയുഗത്തെ തളക്കുന്നത് ശരിയല്ല. കൃത്യമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമയാണത്. സിനിമാ കഥ നടക്കുന്ന 17ാം നൂറ്റാണ്ട്, കേരളത്തിൻ്റെ അതുവരെ നില നിന്ന രാഷ്ട്രീയ , സാമൂഹിക,സാഹിത്യ, സാംസ്കാരിക അവസ്ഥകളേയും രീതികളേയും തകിടം മറിച്ച കാലഘട്ടമാണ്. അതിൻ്റെ കാരണങ്ങളിൽ പ്രധാനം പോർച്ചുഗീസുകാർ കേരളത്തിൽ കാലുകുത്തിയത് ആ കാലഘട്ടത്തിലാണ്. സിനിമയുടെ അവസാനം അതും ഒരു ചെറിയ രംഗമായ് കാട്ടുന്നുണ്ട്.

സിനിമ നിലവിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്കൊണ്ട് അതിൻ്റെ കഥയുമായ് ബന്ധപ്പെട്ട ഒന്നും തന്നെ ഈ കുറിപ്പിൽ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല മറിച്ച് സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയം ചർച്ച ചെയ്യാമെന്ന് കരുതുന്നു. അധികാരവും ഭയവും എപ്പോഴും ഒന്നിക്കാൻ സാദ്ധ്യതയുള്ള ചങ്ങാതിമാരാണ്. അധികാരമുപയോഗിച്ചു ഭയപ്പെടുത്തുക അല്ലെങ്കിൽ ഭയമുപയോഗിച്ച് അധികാരത്തിലേറുക എന്നത് നാം നമുക്ക് ചുറ്റും കാണുന്ന സ്ഥിരം രാഷ്ട്രീയ കാഴ്ച്ചകളിൽ ഒന്നാണ്. അതു തന്നെയാണ് മമ്മൂട്ടി അഭിനയിച്ച കുടമൺ പോറ്റിയും ചെയ്യുന്നത്.

ഒരേ സമയം മനയിലെ തടവുകാരനും അതേ പോലെ സർവാധികാരിയും ആണ് അദ്ദേഹം. രണ്ടിനും ഒപ്പം ഭയവും ഉണ്ട്. ഒരേ സമയം ഭയപ്പെടുത്തി അധികാരം നിലനിർത്തുക, മറുവശത്ത് ഭയത്തിന് കീഴടങ്ങി അധികാരം നിലനിർത്താൻ വേഷ ഭാവപ്പകർച്ചകൾ നടത്തുക. വിരസമായ കാലത്തിൽ നിന്ന് രക്ഷനേടാൻ പകിടകളിയേ പറ്റു എന്ന് ഭ്രമിപ്പിച്ച് പകിട കളിക്ക് നിർബന്ധിച്ച് തേവനെ ( Arjun Ashok ), ചതിയിലൂടെ പന്ത്രണ്ട് വീഴിച്ച് അടിമയാക്കി ഭയപ്പെടുത്തുന്ന കൊടുമൺ പോറ്റി. കയ്യിൽ പണയം വെക്കാൻ ഒന്നുമില്ലാതെ സ്വന്തം കാലത്തെ പോറ്റിക്കു മുന്നിൽ പണയം വെക്കണ്ടി വരുന്ന തേവൻ. ഇവയൊക്കെത്തന്നെ നമ്മൾ ഇന്ന് ജീവിക്കുന്ന കാലത്തിൻ്റെ ചിത്രങ്ങളും കൂടിയാണ്.

ചിത്രത്തിലെ മന, ഒരർത്ഥത്തിൽ ഇന്നത്തെ ഇന്ത്യയായി കാണാവുന്നതാണ്. അതിനുള്ളിൽ ഒരേ സമയം തടവുകാരനായും അതേപോലെ തന്നെ കുഞ്ചമൺ പോറ്റിയുടെ ശരീരവുമായി ജീവിക്കുന്ന ചാത്തനെ നമുക്ക് നിരീഷിച്ചാൽ ചുറ്റുപാടും ദർശിക്കാനാവും, നമ്മുടെ ഭരണാധികാരികളുടെ രൂപത്തിൽ . ആ അർത്ഥത്തിൽ ഭ്രമയുഗം എന്നത് ഒരു “ഹൊറർ ” സിനിമ എന്ന പുറംതോടിനേക്കാൾ അകക്കാമ്പിൽ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. ഭയത്തിൻ്റെ ,അധികാരത്തിൻ്റെ, അടിച്ചമർത്തിലിൻ്റെ രാഷ്ട്രീയം. അതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന തേവനെപ്പോലെ ഉള്ള സാധാരണക്കാരൻ്റെ രാഷ്ട്രീയം. അങ്ങനെ ഒരു ഹൊറർ സിനിമയുടെ പുറം ചട്ടയിൽ നിന്ന് അടിമുടി രാഷ്ട്രീയം പറയുന്ന ഒരു സിനിമയായതുകൊണ്ടാണ്, എനിക്ക് ഈ സിനിമയെ ഒരു പൊളിറ്റിക്കൽ മിസ്റ്ററി എന്ന് വിളിക്കാൻ തോന്നിയത്.

സിനിമാറ്റോഗ്രാഫി വളരെ മനോഹരമായിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ന് ഇത്ര അനന്തമായ സാദ്ധ്യതകൾ ഉണ്ടെന്ന് ഈ ചിത്രം കണ്ടപ്പോൾ തോന്നി. എൻ്റെ അഭിപ്രായത്തിൽ എല്ലാവരു പ്രത്യേകിച്ചു സിനിമയെ ഗൗരവമായി സമീപിക്കുന്നവർ കാണേണ്ട സിനിമ തന്നെയാണ് ഭ്രമയുഗം . സംവിധായകൻ രാഹുൽ സദാശിവൻ്റെ കരിയറിലെ ഒരു നാഴികക്കല്ലായി ഈ സിനിമ മാറും എന്നത് ഉറപ്പാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.