...
Home News Kerala രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ചോദ്യങ്ങളുമായി ബിനോയ് വിശ്വം

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ചോദ്യങ്ങളുമായി ബിനോയ് വിശ്വം

എൽഡിഎഫ് നല്ല ഐക്യത്തിൽ മുന്നോട്ട് പോകുന്നുവെന്നും തിരഞ്ഞെടുപ്പിന് സജ്ജമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

193

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ കാറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ജനങ്ങൾ ചിന്തിക്കുന്നത് എൽഡിഎഫിനെക്കുറിച്ചാണെന്ന് വ്യക്തമാക്കിയ സിപിഐ സെക്രട്ടറി തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇതിൻ്റെ തെളിവാണെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ വയനാട്ടിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനോട് ചില ചോദ്യങ്ങളും ബിനോയ് വിശ്വം ഉന്നയിച്ചു. ബിജെപിക്ക് എതിരായ പോരാട്ട ഭൂമി ഇതാണോ. ഒരു എം പി പോലും ബിജെ പിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലത്താണോ പോരാട്ടം നടത്തേണ്ടത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ ബുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ് നല്ല ഐക്യത്തിൽ മുന്നോട്ട് പോകുന്നുവെന്നും തിരഞ്ഞെടുപ്പിന് സജ്ജമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എന്ന് ഇലക്ഷൻ പ്രഖ്യാപിച്ചാലും ഇടതുമുന്നണി സജ്ജമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം യുഡിഎഫിന്റെ സ്ഥിതി അതല്ലെന്നും വ്യക്തമാക്കി. മറുപക്ഷത്തുള്ള ഒരു പാർട്ടിയിലും ഐക്യമില്ല. യുഡിഎഫ്-ബിജെപി അവിശുദ്ധ ബാന്ധവത്തിന് കൈകോർക്കുന്നു. അവർക്ക് പഴയ കൈത്തഴമ്പ് ഉണ്ട്. അത് മാഞ്ഞ് പോയിട്ടില്ലെന്നും ബിനോയ് വിശ്വം പരിഹസിച്ചു.

കേരളത്തിൽ സിപിഐ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും ബിനോയ് വിശ്വം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ യുവനേതാവ് സി എ അരുൺ കുമാർ, തൃശ്ശൂർ വി എസ് സുനിൽ കുമാർ, വയനാട് ആനി രാജ എന്നിവർ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗമാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. നേരത്തെ ബന്ധപ്പെട്ട ജില്ലാ കൗൺസിലുകൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർദ്ദേശം സംസ്ഥാന കൗൺസിലിന് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗൺസിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.