...
Home News Kerala ബിജെപിക്ക് ഇന്ത്യ ഭരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വോട്ട് ആവശ്യമില്ല

ബിജെപിക്ക് ഇന്ത്യ ഭരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വോട്ട് ആവശ്യമില്ല

കൌ ബെൽറ്റ് എന്നറിയപ്പെടുന്ന മൂന്ന് നാല് സംസ്ഥാനങ്ങളിലെ നാല് കലാപങ്ങൾ മാത്രം മതി എന്ത് പ്രതിപക്ഷ ഐക്യത്തേയും അതിജീവിച്ച് ബിജെപിക്ക് രാജ്യം ഭരിക്കാൻ.

279

| ശ്രീകാന്ത് പികെ

2019 – ൽ നമ്മുടെ പുതിയ പാർലിമെന്റ് കെട്ടിടം ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പ്രൊജക്റ്റ് പ്രധാന മന്ത്രി ഉൽഘാടനം ചെയ്യുകയും നിലവിൽ പണി പുരോഗമിക്കുകയും ചെയ്യുകയാണല്ലോ. ഏകദേശം 20,000 കോടി മുതൽമുടക്കുള്ള ആ പദ്ധതിയിൽ ആയിരം കോടി രൂപയോളം പുതിയ പാർലിമെന്റ് കെട്ടിടത്തിന് മാത്രം വേണ്ടിയാണ് ചെലവാക്കുന്നത്.

പരമാവധി 550 എം.പിമാർക്ക് ഇരിക്കാവുന്ന നിലയിലാണ് നിലവിലെ ലോകസഭാ കെട്ടിടത്തിലെ സീറ്റിങ്ങ് കപ്പാസിറ്റി. ഭരണ ഘടനയുടെ ആർട്ടിക്കിൾ 81 – ലാണ് നമ്മുടെ സഭകളിലെ എം.പിമാരുടെ എണ്ണത്തെ കുറിച്ചും അവർക്കുള്ള സീറ്റിങ്ങുകളെ കുറിച്ചുമൊക്കെ പറയുന്നത്. അത് പ്രകാരം ഓരോ പത്ത് വർഷത്തേയും സെൻസസ് അനുസരിച്ച് രാജ്യത്തെ പോപ്പുലേഷനനുസൃതമായുള്ള മാറ്റങ്ങൾ പാർലിമെന്റ് സീറ്റുകളുടെ എണ്ണത്തിലും കൊണ്ട് വരണമെന്നാണ്. അത് പ്രകാരം 1971 – വരെ നമ്മുടെ പാർലിമെന്റ് സീറ്റുകളിൽ ജനസംഖ്യാനുസൃതമായ മാറ്റങ്ങൾ കൊണ്ട് വന്നു.

എന്നാൽ 1971- ലെ സെൻസസിന് ശേഷം രാജ്യത്തിന്റെ ജനസംഖ്യ അതിവേഗം വളരുകയാണെന്നും അതിനാൽ തന്നെ ജനസംഖ്യാനുസൃതമായ പാർലിമെന്റ് സീറ്റുകൾ എന്നത് പ്രായോഗികമല്ലെന്നും മനസിലാക്കി. അത് കൊണ്ട് തന്നെ രാജ്യത്ത് പോപ്പുലേഷൻ നിയന്ത്രണത്തിനായി കുടുംബാസൂത്രണ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. കൂടാതെ 1976-ൽ അടുത്ത ഇരുപത്തി അഞ്ച് വർഷക്കാലത്തേക്ക് ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പാർലിമെന്റ് സീറ്റുകൾ എന്നത് നിർത്തി വെക്കുകയും 1971 – ലെ സെൻസസ് പ്രകാരമുള്ള സീറ്റുകൾ നില നിർത്തുകയും ചെയ്തു.

എന്നാൽ വിദ്യാഭ്യാസ – സാമൂഹിക – സാമ്പത്തിക – മാനവ വിഭവശേഷി രംഗങ്ങളിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ, വിശേഷിച്ചും കേരളവും തമിഴ് നാടുമൊക്കെ, ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കുകയും തങ്ങളുടെ സംസ്ഥാനത്തെ ജനസംഖ്യാ വളർച്ച കുറച്ചു കൊണ്ടു വരികയും ചെയ്തു. എന്നാൽ വിദ്യാഭ്യാസ – സാമൂഹിക പുരോഗതിയാർജ്ജിക്കാത്ത വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ, വിശേഷിച്ചും യു.പി ബിഹാർ പോലുള്ളവ, ഈ നിയന്ത്രണം നടപ്പിലാക്കാൻ സാധിക്കാതെ ജനസംഖ്യ വളർച്ചയിൽ നല്ലൊരു പങ്ക് വഹിക്കുകയും ചെയ്തു.

ഈ അന്തരം ഉള്ളത് കൊണ്ട് തന്നെ ജനസംഖ്യാ പരമായി പാർലിമെന്റ് സീറ്റുകൾ വിഭജിച്ചാൽ പോപ്പുലേഷൻ നിയന്ത്രണം നടപ്പിലാക്കിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലിമെന്റ് സീറ്റുകൾ കുറയുകയും, ഉയർന്ന ജനസംഖ്യയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്യും എന്നത് മനസിലാക്കി 2001- ൽ വീണ്ടും 25 വർഷത്തേക്ക് കൂടി ഇത് നീട്ടാൻ തീരുമാനിച്ചു.

ആ കാലാവധി വരുന്ന 2026-ൽ അവസാനിക്കും. എന്നാൽ ഈ കാലയളവിനുള്ളിൽ കേരളവും തമിഴ് നാടും അടക്കം ഏതാണ്ട് എല്ലാ സൗത്ത് ഇന്ത്യൻ സ്റ്റേറ്റുകളും ജീവിത നിലവാര സൂചിക വികസിപ്പിക്കുകയും ജനസംഖ്യാ വളർച്ചയിൽ കാര്യമായ നിയന്ത്രണം നടപ്പിലാക്കുകയും ചെയ്തു. എന്നാൽ അപ്പോഴും അതേ യു.പി, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ഇന്ന് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യയെ മാറ്റാൻ കാര്യമായ പങ്കു വഹിച്ചു.

പുതിയ സെൻട്രൽ വിസ്ത പ്രൊജക്റ്റ് പ്രകാരമുള്ള പാർലിമെന്റ് മന്ദിരത്തിലെ ലോകസഭാ കെട്ടിടത്തിൽ 880-ലധികം എം.പിമാർക്ക് ഇരിക്കാവുന്ന സീറ്റിങ് കപ്പാസിറ്റിയുണ്ട്. പുതിയ സെൻസസ് പ്രകാരം ലോക്‌സഭാ സീറ്റുകൾ വിഭജിക്കുമ്പോൾ 820-840 സീറ്റുകൾ വരെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്, അതിൽ യു.പിയിൽ മാത്രം 120 സീറ്റുകളോളമുണ്ടാകും. കൂടാതെ ഒട്ടുമിക്ക നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റുകൾ വർദ്ധിക്കുമ്പോഴും ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലെ സീറ്റ് നില തന്നെ തുടരും.

അതായത് മൂന്നോ നാലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കൊണ്ട് മാത്രം 28 സംസ്ഥാനങ്ങളും യൂണിയൻ ടെറിട്ടറികളും ഭരിക്കാൻ ഒരു പാർടിക്ക് സാധിക്കും, നമ്മൾ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ വോട്ട് പോലും അതിന് ആവശ്യമില്ലാതെ വരും.

കർണാടക തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുള്ള ചർച്ചയിൽ ഒത്തൊരുമിച്ച് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താം എന്നാണ് പൊതുവെയുയർന്ന വാദങ്ങൾ, അത് സത്യവുമാണ്. എന്നാൽ എല്ലാ ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളും ജനാധിപത്യ വിശ്വാസികളും ആദ്യം എതിർക്കേണ്ടത് ജനസംഖ്യാ പരമായി പാർലിമെന്റ് സീറ്റുകൾ വീതം വെക്കാൻ പോകുന്ന ഈ പരിപാടിയെയാണ്.

അതിന് ഭരണഘടനാ ഭേദഗതി വരുത്തണമെങ്കിൽ അതിനായുള്ള പ്രവർത്തനങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ കൌ ബെൽറ്റ് എന്നറിയപ്പെടുന്ന മൂന്ന് നാല് സംസ്ഥാനങ്ങളിലെ നാല് കലാപങ്ങൾ മാത്രം മതി എന്ത് പ്രതിപക്ഷ ഐക്യത്തേയും അതിജീവിച്ച് ബിജെപിക്ക് രാജ്യം ഭരിക്കാൻ. തെക്കേ ഇന്ത്യയും കിഴക്കൻ ഇന്ത്യയുമൊക്കെ അപ്പ കഷണങ്ങൾക്ക് വേണ്ടി കൈ നീട്ടുന്ന അടിമകൾ മാത്രമായി കൂടുതൽ പരുങ്ങലോടെ തുടരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.