...
Home News National വോട്ടിന് കോഴ ; അഴിമതിക്ക് പാർലമെന്ററി പരിരക്ഷ ഇല്ല

വോട്ടിന് കോഴ ; അഴിമതിക്ക് പാർലമെന്ററി പരിരക്ഷ ഇല്ല

അഴിമതിക്ക് പാർലമെന്ററി പരിരക്ഷയില്ലെന്ന് പറഞ്ഞ കോടതി വോട്ടിന് കോഴ വാങ്ങി വിചാരണ നേരിടുന്ന എംപിമാർക്കും എംഎൽഎമാർക്കും യാതൊരുവിധ ഇളവും ഇല്ലെന്നും വ്യക്തമാക്കി.

195

പണം ഉപയോഗിച്ച് ജനാധിപത്യത്തിൽ ഏതുതരത്തിലുള്ള ഇടപെടൽ നടത്താമെന്ന തരത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം കൂപ്പുകുത്തുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ സുപ്രധാന വിധി പ്രസ്താവനയുമായി രാജ്യത്തെ പരമോന്നത കോടതി. കോഴ വാങ്ങിയ ജനപ്രതിനിധികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടന ബഞ്ചിന്റെ ആണ് വിധി. 1998 ലെ നരസിംഹറാവു കേസിലെ വിധി കോടതി റദ്ദാക്കി.

അഴിമതിക്ക് പാർലമെന്ററി പരിരക്ഷയില്ലെന്ന് പറഞ്ഞ കോടതി വോട്ടിന് കോഴ വാങ്ങി വിചാരണ നേരിടുന്ന എംപിമാർക്കും എംഎൽഎമാർക്കും യാതൊരുവിധ ഇളവും ഇല്ലെന്നും വ്യക്തമാക്കി. വിചാരണയിൽ നിന്ന് സംരക്ഷണമില്ല. പണം വാങ്ങി വോട്ട് ചെയ്യുന്നവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം. അവർ വിചാരണ നേരിടുകയും വേണം. ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

പാര്‍ലമെന്ററി അവകാശങ്ങള്‍ എന്താണെന്ന് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ബോധ്യമുണ്ടാകണം. നിയമനിര്‍മ്മാണ സഭയുടെ കൂട്ടായ അവകാശത്തിന്റെ ഭാഗമാണ് പാര്‍ലമെന്ററി അവകാശങ്ങളുടെ ഭാഗമായ സംരക്ഷണം. ഭയരഹിതമായ അന്തരീക്ഷം ഉറപ്പു നല്‍കുന്നതും നിയമ നിര്‍മ്മാണ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പാര്‍ലമെന്ററി അധികാരങ്ങളും അവകാശങ്ങളും സുരക്ഷിതത്വവും. 1998ലെ നരസിംഹറാവു കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയനുസരിച്ച് വോട്ടിനും പ്രസംഗത്തിനും പാര്‍ലമെന്ററി അവകാശങ്ങളുടെ സുരക്ഷിതത്വം ലഭിക്കും. ആക്ഷേപമുയര്‍ന്നാലും അന്വേഷണമോ വിചാരണയോ ജനപ്രതിനിധിക്ക് എതിരെ നടത്താനാവില്ലെന്നായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിധി. ഈ വിധി പൊതു താല്‍പര്യത്തിനും ജനപ്രതിനിധികളുടെ പൊതുജീവിതത്തിലെ സത്യസന്ധത, പാര്‍ലമെന്ററി ജനാധിപത്യം എന്നിവയ്ക്ക് എതിരാണെന്ന് വിശാലബെഞ്ച് നിരീക്ഷിച്ചു.

1998ലെ പിവി നരസിംഹറാവു കേസിലെ പിഴവ് തിരുത്തുന്നുവെന്നും വിധി നിലനില്‍ക്കുന്നതല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. 2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ട് പ്രശ്‌നം ഉന്നയിച്ച് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സിത സോറന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. പിവി നരസിംഹറാവു കേസിലെ വിധി ചോദ്യം ചെയ്ത് 2019ല്‍ നല്‍കിയ ഹര്‍ജിയില്‍ ഏഴംഗ ബെഞ്ച് രണ്ട് ദിവസമാണ് വാദം കേട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.