...
Home News Kerala ഇതുപോലെ ആത്മവിശ്വാസം വളർത്തുന്നതിന്റെ പേര് വിദ്യാഭ്യാസം എന്നല്ല

ഇതുപോലെ ആത്മവിശ്വാസം വളർത്തുന്നതിന്റെ പേര് വിദ്യാഭ്യാസം എന്നല്ല

ഇന്ത്യൻ പ്രധാന മന്ത്രിയെ കുറിച്ചുള്ള ചോദ്യത്തിന് നരേന്ദ്ര മോദിയെ ഇഷ്ടമല്ല എന്നോ കേരള മുഖ്യമന്ത്രിയെ കുറിച്ച് പിണറായി വിജയനെ ഇഷ്ടമല്ല എന്നോ എഴുതി വെക്കാം. ഇതൊക്കെ കേൾക്കാൻ വലിയ ആത്മ വിശ്വാസം തന്നെയാണ്.

249

| ശ്രീകാന്ത് പികെ

‘ എനിക്കിഷ്ടമില്ലാത്തത് ഞാനെഴുതില്ല. അതിനി മാർക്കു പോയാലും ഞാനെഴുതില്ല’ എന്ന് പറഞ്ഞ നാലാം ക്ലാസുകാരി പെൺകുട്ടിയുടെ “ആത്മവിശ്വാസവും നിറഞ്ഞ ചിരിയും നിശ്ചയദാർഢ്യവും പലർക്കും വലിയ പ്രതീക്ഷ” നൽകുന്നുണ്ടെന്നറിഞ്ഞു.

ഇതൊക്കെ ഒരു വാർത്താ മൂല്യത്തിനപ്പുറം ആഘോഷമാക്കുന്ന പൊതു സമൂഹത്തെ ഓർത്ത് വ്യാകുലപ്പെടുന്നതിന് പകരം പൊതു സമൂഹത്തിന്റെ പൊതു ബോധ രൂപീകരണത്തിൽ പങ്കാളിയാകുന്നവർ പോലും വായിൽ തോന്നുന്നത് സാഹിത്യമായി തള്ളി വിടുകയാണ്.
ആഘോഷങ്ങളൊക്കെ കഴിഞ്ഞാൽ കൊള്ളാവുന്ന മനുഷ്യർ ആ നാലാം ക്ലാസ്സുകാരിയെ വിളിച്ചിരുത്തി,’ മോളെ നമുക്ക് വ്യക്തിപരമായി പല ഇഷ്ടങ്ങളും ഇഷ്ടകുറവുകളും വികാരങ്ങളുമൊക്കെ കാണും, അതൊക്കെ അത് കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിച്ച് ഇതുപോലൊരു പരീക്ഷയിൽ വികാരം മാറ്റി വച്ച് യുക്തി സഹമായും വസ്തു നിഷ്ഠമായും ഉത്തരം എഴുതണം എന്ന് ഉപദേശിക്കണം.’

ഇതിപ്പോ മെസ്സിയോ നെയ്മറോ ഒക്കെ ആയത് കൊണ്ട് ക്യൂട്നെസിന്റെ പുറത്ത് ആഘോഷിക്കാൻ രസമുണ്ടാകും. ഇത് പോലെ പരിണാമ സിദ്ധാന്തത്തിൽ വിശ്വസിക്കാത്ത കുട്ടിക്ക് തങ്ങളുടെ മത സിദ്ധാന്തമോ അല്ലെങ്കിൽ എനിക്ക് പരിണാമ സിദ്ധാന്തം ഇഷ്ടമല്ല, എനിക്ക് ഇഷ്ടമല്ലാത്തത് മാർക്ക് പോയാലും എഴുതില്ല എന്നോ എഴുതി വെക്കാം.

ഇന്ത്യൻ പ്രധാന മന്ത്രിയെ കുറിച്ചുള്ള ചോദ്യത്തിന് നരേന്ദ്ര മോദിയെ ഇഷ്ടമല്ല എന്നോ കേരള മുഖ്യമന്ത്രിയെ കുറിച്ച് പിണറായി വിജയനെ ഇഷ്ടമല്ല എന്നോ എഴുതി വെക്കാം. ഇതൊക്കെ കേൾക്കാൻ വലിയ ആത്മ വിശ്വാസം തന്നെയാണ്. ഇഷ്ടമില്ലാത്ത കാര്യം മാർക്ക് പോയാലും എഴുതി വെക്കാതിരിക്കുന്നത് ആത്മവിശ്വാസമാണെങ്കിൽ, ആ ആത്മവിശ്വാസം വളർത്തുന്ന സ്ഥലത്തിന്റെ പേരല്ല വിദ്യാലയം എന്നത്, ആ ആത്മവിശ്വാസം വളർത്തുന്നത്തിന്റെ പേര് വിദ്യാഭ്യാസം എന്നുമല്ല.

വൈകാരികത കുത്തി നിറച്ച് അനേകം തലമുറ പഠിച്ചു വളർന്നതിന്റെ ഫലമാണ് രാജ്യമിന്ന് അനുഭവിക്കുന്നത്, ഇനിയുള്ള പിള്ളേരെയെങ്കിലും കാര്യങ്ങളെ പ്രൊഫഷണലായി സമീപിക്കാൻ പഠിപ്പിക്കാനാണ് നോക്കേണ്ടത്. ചെറിയ കുട്ടികൾക്ക് ഇങ്ങനെ പല തമാശകളും കാണും, അതൊക്കെ സ്നേഹത്തോടെ തിരുത്തുന്നതിന് പകരം ചപ്പടാച്ചി സാഹിത്യമെഴുതി നിറച്ച് അവരെ കൂടെ വഴി തെറ്റിക്കരുത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.