ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് (CAA)യ്ക്ക് ഇടക്കാല സ്‌റ്റേയില്ല. നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിൽ മൂന്നാഴ്ചയക്കകം മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഏപ്രിൽ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. സിഎഎ വിവേചനപരവും വർഗീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കേരള സർക്കാർ ഉൾപ്പെടെ നൽകിയ 237 ഹർജികളാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
മറുപടി സത്യവാങ്മൂലത്തിന് കേന്ദ്ര സർക്കാർ നാലാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും മൂന്നാഴ്ചയക്കകം മറുപടി നൽകാൻ സുപ്രീംകോടതി നിർദേശം നൽകുകയായിരുന്നു. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഹാജരായി. പൗരത്വ ഭേദഗതി നിയമം ഒരാളുടേയും പൗരത്വം എടുത്ത് കളയില്ലെന്ന് മെഹ്ത പറഞ്ഞു.
എല്ലാ ഹര്‍ജിക്കാര്‍ക്കുമായി ഒരു നോഡല്‍ അഭിഭാഷകനെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു. ആവശ്യങ്ങൾ ഒരുമിച്ച് എഴുതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇത് അഞ്ച് പേജില്‍ കൂടരുതെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഏപ്രില്‍ രണ്ടിനകം ഹര്‍ജിക്കാര്‍ ആവശ്യങ്ങള്‍ എഴുതി നല്‍കണം. അസം, ത്രിപുര ഹര്‍ജികളില്‍ പ്രത്യേകം നോഡല്‍ അഭിഭാഷകനെ വയ്ക്കാമെന്നും കോടതി നിർദ്ദേശിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹർജികൾക്കായി പ്രത്യേക നോഡൽ അഭിഭാഷകരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ബെഞ്ച് പുറപ്പെടുവിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. അങ്കിത് യാദവിനെയും എതിർഭാഗത്തിനായി അഡ്വ. കനു അഗർവാളിനെയുമാണ് നിയമിച്ചത്.



