...
Home News Kerala തുണിയിൽ നിന്ന് പാഡിലേയ്ക്കും മെൻസ്ട്രുവൽ കപ്പിലേയ്ക്കും വളർന്ന കുട്ടികളെ മൂത്രക്കഥ പറഞ്ഞ് വിരട്ടാമെന്ന് കെയറാങ്ങളമാർ കരുതണ്ട

തുണിയിൽ നിന്ന് പാഡിലേയ്ക്കും മെൻസ്ട്രുവൽ കപ്പിലേയ്ക്കും വളർന്ന കുട്ടികളെ മൂത്രക്കഥ പറഞ്ഞ് വിരട്ടാമെന്ന് കെയറാങ്ങളമാർ കരുതണ്ട

ഇത്തലമുറയെങ്കിലും കൈ തെറുത്തുകേറ്റിയും പോക്കറ്റിൽ കയ്യിട്ടും നടക്കട്ടെ. കാലാകാലങ്ങളിൽ ഉപയോഗിച്ചു വന്നതുകൊണ്ട് മറ്റൊരു വിഭാഗത്തിന് നിങ്ങളുടെ വസ്ത്രത്തിന്റെ കുത്തകാവകാശം കൈമാറിക്കൊടുക്കാൻ ചെറിയൊരു മടിയൊക്കെ കാണും.സാരമില്ല.

652

| ലിഖിത ദാസ്

നാലാം ക്ലാസിൽ പഠിച്ചിരുന്ന കാലത്ത് നീലപ്പാവാടയുടെ അരയിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടുകിടക്കുന്ന വള്ളി പിടിച്ചു വലിക്കുന്ന ഒരാൺകുട്ടി സഹപാഠിയായി ഉണ്ടായിരുന്നു. പാവാട പൊക്കിപ്പിടിച്ച് ചന്തിയ്ക്ക് മാത്രം തല്ലുന്ന ഒരു മാഷും. തുറന്ന് വിശാലമായ മൂത്രപ്പെരയുടെ പൊളിഞ്ഞ മതിലിലൂടെ പെൺകുട്ടികൾ പാവാടപൊന്തിച്ചിരിക്കുന്നത് കാണാൻ ഒളിഞ്ഞു നോക്കിയിരുന്ന സീനിയർ ചേട്ടന്മാരുമുണ്ടായിരുന്നു. കക്കു കളിക്കുമ്പഴും ഷട്ടിലു കളിക്കുമ്പഴും ഒരു കൈ പാവാടയിൽ ഇറുക്കിപ്പിടിച്ചാണ് കളി.

കോണ്വെന്റ് ഹൈസ്കൂളിൽ എത്തിയപ്പൊ ചുരിദാറിലേയ്ക്ക് മാറി.ഒളിഞ്ഞുനോട്ടങ്ങൾക്കൊക്കെ ഇത്തിരി സമാധാനം വന്നപ്പഴാണ് സ്ഥിരമായി ബസിൽ പെൺകുട്ടികളുടെ ഷാളിനിടയിലൂടെ കയ്യിട്ട് പിടിയ്ക്കുന്ന ഒരു ചേട്ടനെപ്പറ്റി കൂട്ടുകാരികൾ പറഞ്ഞത്. ഒരു ദിവസം എന്റെ ചുരിദാർ ഷാളിനുള്ളിലേയ്ക്ക് വന്ന കൈക്കു കേറിപ്പിടിച്ച് കരണം നോക്കി അഞ്ചാറെണ്ണം പൊട്ടിച്ചതിന് ദൈവത്തിന്റെ മാലാഖമാർ സ്കൂളിന്റെ മാനം രക്ഷിക്കാൻ നട്ടുച്ചവരെ പുറത്തു നിർത്തി.ഷാളിന്റെ വീതി നോക്കി കുട്ടികളുടെ സ്വഭാവനിർണയവും കുടുംബത്തിന്റെ അന്തസും വരെ അവരു കണക്കുകൂട്ടി.

ഒന്ന് പൗഡറിട്ടാലൊ നല്ലൊരു കമ്മലിട്ടാലൊ പെണ്ണിന് പുതിയ ലൈനായെന്നും പഠിക്കാൻ തന്നെയാണൊ എഴുന്നള്ളിയതെന്നും വരെ ചോദിച്ച അധ്യാപകരുണ്ട്. ചുരിദാറിന്റെ കഴുത്തിനിടയിലൂടെ എത്തിനോക്കി ഇന്നേത് കളറാണെന്നും സൈസെത്രയെന്നും ഊഹിച്ച് കണക്കാക്കിപ്പറയുന്ന കോളേജ് ചേട്ടന്മാരെയും കടന്നുവേണം സ്കൂളിലെത്താൻ. സ്കാനിംഗും എക്സറേയും പോസ്റ്റ്മോർട്ടവും വരെ കഴിഞ്ഞാണ് ഇവനൊക്കെ ഞങ്ങളെ സ്കൂളിലേക്കയച്ചിരുന്നത്.

സ്കൂൾ കാലം കഴിഞ്ഞ് അധ്യാപികയായപ്പോഴും സാരിയ്ക്കുള്ളിലൂടെ കേറിവന്ന പലതിന്റെയും കരണം അടിച്ചു പൊളിച്ചിട്ടുണ്ട്. മതിവരുവോളം തല്ലിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ കിട്ടിയ എല്ലാ മോശം അനുഭവങ്ങളെയും ഒറ്റയടിയ്ക്ക് പുറത്തിടാൻ – ഒരേ ട്രോമകൾ വീണ്ടും ആയിരമായിരം തവണ അനുഭവിപ്പിക്കാൻ ഓരോ കേറിപ്പിടുത്തങ്ങളും കാരണമായിട്ടുണ്ട്. ഷാളിന്റെ തലപ്പും ചുരിദാറിന്റെ ഷോൾഡറും പാവാടയുടെ നീളവും കയറ്റിവച്ചും ഇറക്കിവച്ചും തീർന്നുപോയ പെൺകുട്ടിക്കാലത്തിന്റെ കഥയുണ്ട് എനിയ്ക്കും മറ്റുപലർക്കും.

ഇത്തലമുറയെങ്കിലും കൈ തെറുത്തുകേറ്റിയും പോക്കറ്റിൽ കയ്യിട്ടും നടക്കട്ടെ. കാലാകാലങ്ങളിൽ ഉപയോഗിച്ചു വന്നതുകൊണ്ട് മറ്റൊരു വിഭാഗത്തിന് നിങ്ങളുടെ വസ്ത്രത്തിന്റെ കുത്തകാവകാശം കൈമാറിക്കൊടുക്കാൻ ചെറിയൊരു മടിയൊക്കെ കാണും.സാരമില്ല. കണ്ടുകണ്ടു പഴകുമ്പൊ അതങ്ങ് മാറുമെന്നെയ്.

പിന്നെ മൂത്രമാണ് പ്രശ്നമെങ്കി നിന്ന് മൂത്രിക്കാനുള്ള സാധ്യതകളൊക്കെ കണ്ടുപിടിച്ചു കഴിഞ്ഞു ഹേ.. ഇനിയിപ്പൊ ഇതൊന്നും ഇല്ലെങ്കിലും നമ്മടെ പിള്ളേരതൊക്കെയങ്ങ് സെറ്റാക്കും. തുണിയിൽ നിന്ന് പാഡിലേയ്ക്കും പാഡിൽ നിന്ന് മെൻസ്ട്രുവൽ കപ്പിലേയ്ക്കും വളർന്ന കുട്ടികളെ മൂത്രക്കഥ പറഞ്ഞ് വിരട്ടാമെന്ന് കെയറാങ്ങളമാർ കരുതണ്ട.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.