...
Home News Kerala എളുപ്പത്തിൽ കോടതിക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളുള്ള ഒരു കേസ്

എളുപ്പത്തിൽ കോടതിക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളുള്ള ഒരു കേസ്

കേസിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തെളിവുകൾ നഷ്ടപ്പെട്ടൊരു കേസാണ് ഷാരോണിൻ്റെ കൊലപാതകം. വരാനിരിക്കുന്ന കെമിക്കൽ എക്‌സാമിനേഷൻ റിസൾട്ടിൽ മാത്രം പ്രതീക്ഷ വയ്ക്കാവുന്ന കേസാണിതെന്ന് ചുരുക്കം

330

| ശരണ്യ എം ചാരു

മരണത്തിന് തൊട്ട് മുമ്പ് ഷാരോൺ മജിസ്‌ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ ഗ്രീഷ്മ നൽകിയ വിഷം കലർത്തിയ കഷായം കുടിച്ചതിനെ കുറിച്ചൊരു വരി പോലും ഷാരോൺ പറഞ്ഞിട്ടില്ല. വിഷം കലർത്തിയിരുന്നതിനെ കുറിച്ച് പോയിട്ട് കഷായം കുടിച്ചതിനെ കുറിച്ചേ വീട്ടുകാരോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടില്ല.

മരണത്തിന് തൊട്ട് മുമ്പ് അത്രയും സീരിയസ് ആയിരിക്കെ ആണ് കുടുംബം ഈ വിവരം അറിയുന്നത്. അത് പ്രകാരമാണ് ഷാരോണിന്റെ സഹോദരൻ ഗ്രീഷ്മയോട് ആ കഷായത്തെ കുറിച്ചു ചോദിക്കുന്നതും അവൾ ഒഴിഞ്ഞു മാറുന്നതും.

മരണ ശേഷം മകന്റെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി പാറശാല പോലീസിൽ കുടുംബം നൽകിയ പരാതിയിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നത് കൊണ്ട് തന്നെ, ഈ പറയുന്ന വിഷം കലർത്തിയ കഷായത്തിന്റെയോ പറയപ്പെടുന്ന എക്സ്പെരി ഡേറ്റ് കഴിഞ്ഞ ജ്യൂസിന്റെയോ സാമ്പിൾ കണ്ടെത്തിയിട്ടില്ല. ഷാരോണിൻ്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പോലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായുള്ള മരണമെന്നെ ഉള്ളൂ.

അതായത് കേസിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തെളിവുകൾ നഷ്ടപ്പെട്ടൊരു കേസാണ് ഷാരോണിൻ്റെ കൊലപാതകം. വരാനിരിക്കുന്ന കെമിക്കൽ എക്‌സാമിനേഷൻ റിസൾട്ടിൽ മാത്രം പ്രതീക്ഷ വയ്ക്കാവുന്ന കേസാണിതെന്ന് ചുരുക്കം.

നിലവിൽ പോലീസിന്റെ കയ്യിൽ ആകെയുള്ള തെളിവ് ഷാരോണിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ചാറ്റും, വീഡിയോസും, പെൺകുട്ടി പോലീസിനോട് കുറ്റം സമ്മതിക്കുന്ന മൊഴിയും മാത്രം. ഇതിൽ ചാറ്റുകളിൽ വിഷം നൽകിയതിനെ പറ്റി ഒരു സംസാരമില്ല. കഷായവും ജ്യൂസും നൽകി എന്ന് മാത്രമാണുള്ളത്, ഇതിന്റെ രണ്ടിന്റെയും കുപ്പി പോലും കണ്ടെടുത്തിട്ടില്ല എന്നത് കൊണ്ട് തന്നെ കോടതിയിലതിന്റെ ഭാവി എന്താകുമെന്ന കാര്യം കണ്ടറിയണം.

പിന്നെ ബാക്കിയുള്ളത് അവൾ കുറ്റം സമ്മതിച്ചു എന്നതുമാത്രമാണെന്നിരിക്കെ കോടതിയിലവളത് മാറ്റി പറയില്ലെന്നതിൽ എന്താണുറപ്പ്? പറഞ്ഞു വരുന്നത് വളരെ എളുപ്പത്തിൽ കോടതിക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളുള്ള ഈ കേസിന്റെ മുന്നോട്ടുള്ള പോക്കിൽ ആകാംഷ തോന്നുന്നുണ്ട്. ഒപ്പം പാറശാല പോലീസ് ഷാരോണിന്റെ കുടുംബത്തിന്റെ ആദ്യ പരാതിയിൽ കാണിച്ച നിഷ്‌ക്രിയത്വത്തിൽ കടുത്ത വിയോജിപ്പും.

എന്തായാലും കൊല്ലപ്പെട്ട യുവാവിനും അവന്റെ കുടുംബത്തിനും നീതി കിട്ടട്ടെ എന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം. ബാക്കി വഴിയേ കാണാം എന്നെ പറയാനൊക്കൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.