...
Home News Kerala നികേഷിനെതിരായ കേസുകൾ; ദിലീപ് വിഷയത്തിൽ സർക്കാർ ആർക്കൊപ്പമാണ് എന്നതിന് തെളിവ്

നികേഷിനെതിരായ കേസുകൾ; ദിലീപ് വിഷയത്തിൽ സർക്കാർ ആർക്കൊപ്പമാണ് എന്നതിന് തെളിവ്

പോലീസ് ആർക്കൊപ്പമാണ് നിൽക്കുന്നത് എന്ന കാര്യത്തിൽ ഇനിയും ആർക്കെങ്കിലും സംശയമുണ്ടാകാൻ സാധ്യത ഇല്ല. എന്നാൽ ഈ സർക്കാർ ആർക്കൊപ്പമാണ് എന്ന കാര്യം അവർ തന്നെ പരസ്യമായി വ്യക്തമാക്കേണ്ടതുണ്ട്.

695

| ശരണ്യ എം ചാരു കരിവെള്ളൂർ

ദിലീപ് വിഷയത്തിൽ വാർത്ത നൽകി എന്നത് കൊണ്ട് മാത്രം റിപ്പോർട്ടർ ടിവിയിലെ നികേഷ് കുമാറിനെതിരെ പരാതി പോലും ഇല്ലാതെ 5 കേസുകൾ സംസ്ഥാന സൈബർ പോലീസ് സ്വമേധയാ രെജിസ്റ്റർ ചെയ്തിരിക്കുന്നു. അഞ്ചിനും വെവ്വേറെ എഫ്ഐആറും. ദിലീപ് വിഷയത്തിൽ സർക്കാർ ആർക്കൊപ്പമാണ് എന്നതിന് ഇതിൽപരം തെളിവുകൾ ആവശ്യമുള്ളവരുണ്ടോ? ഉള്ളവർക്ക് വേണ്ടി ചിലത് പറയാം,

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി.വിക്കെതിരെ സ്വമേധയാ പൊലീസ് കേസെടുത്തത്. അതും 228 A (3) വകുപ്പ് ചുമത്തി കൊണ്ട്. എന്ന് വച്ചാൽ വിചാരണ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയം വിചാരണ കോടതിയുടെ അനുമതി ഇല്ലാതെ പ്രസിദ്ധീകരിച്ചാൽ കേസെടുക്കാനുള്ള വകുപ്പ് പ്രകാരം ഒരു കേസ് അങ്ങോട്ട് കേസ് രജിസ്റ്റർ ചെയ്യുന്നു.

കുറെ കൂടി വ്യക്തമായും ചുരുക്കിയും പറഞ്ഞാൽ നടി ആക്രമിക്കപ്പെട്ട് ദിലീപിനെ പ്രതിചേർത്ത് രെജിസ്റ്റർ ചെയ്ത ഒരു കേസിലും സാക്ഷിയല്ലാത്ത, മാസങ്ങൾക്ക് മുൻപ് മാത്രം മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയും ഇന്നീ കാണുന്ന മാറ്റങ്ങൾ ആ കേസിന് വരുത്തുകയും ചെയ്ത ഒരു പൗരനെ ഇന്റർവ്യൂ ചെയ്യാനോ, അതുമായോ പ്രതി സ്ഥാനത്ത് നിൽക്കുന്ന ആൾക്കെതിരെയോ സംസാരിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. അത്രേ ഉള്ളൂ കാര്യം. അല്ലാതെ, കേസിന്റെ വിചാരണാ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുവാദം ഇല്ല എന്ന നിയമം ഒക്കെ ഞങ്ങള് പണ്ടേ എടുത്ത് കളഞ്ഞൂന്ന്.

ഇന്നലെ കോടതിയിൽ നടന്ന ചില കാര്യങ്ങൾ കൂടി ചേർത്ത് ഈ വിഷയത്തെ വായിക്കേണ്ടത് പ്രധാനമാണ്. തന്നെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ല എന്നാവശ്യപ്പെട്ട് കൊണ്ട് ദിലീപ് ഹൈക്കോടതിയിൽ ഒരു ഹർജി നൽകുന്നു. ഹർജി പരിഗണിച്ച കോടതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് ഇത് കൈമാറുന്നു. പോലീസ് ഒറ്റ രാത്രി കൊണ്ട് 5 കേസുകളും വേറെ വേറെ എഫ്ഐആറും നികേഷിനും അദ്ദേഹത്തിന്റെ ചാനലിനും എതിരെ രെജിസ്റ്റർ ചെയ്യുന്നു. എന്തൊരു സത്യസന്ധതയും വേഗതയുമാണ് നിയമം നടപ്പിലാക്കാൻ എന്ന് നോക്കണം.

കോടതി വിചാരണയിലിരിക്കുന്ന കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചർച്ച സംഘടിപ്പിച്ചതായിട്ടാണ് എഫ്‌ഐആറിൽ പറയുന്നത്. റിപ്പോർട്ടർ ലൈവ് വെബ്‌സൈറ്റിൽ കേസുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പോലീസ് ആർക്കൊപ്പമാണ് നിൽക്കുന്നത് എന്ന കാര്യത്തിൽ ഇനിയും ആർക്കെങ്കിലും സംശയമുണ്ടാകാൻ സാധ്യത ഇല്ല. എന്നാൽ ഈ സർക്കാർ ആർക്കൊപ്പമാണ് എന്ന കാര്യം അവർ തന്നെ പരസ്യമായി വ്യക്തമാക്കേണ്ടതുണ്ട്. കൂട്ടത്തിൽ ഇതിനുള്ള ട്രെയിനിങ് കർണ്ണാടകയിലേയും ഉത്തർപ്രദേശിലെയും പൊലീസുകരിൽ നിന്നാണോ കിട്ടുന്നത് എന്ന് കൂടി പറഞ്ഞാൽ കുറെ കൂടി ഉപകാരമായേനെ! എന്തൊക്കെ സംഭവിച്ചാലും നികേഷിനൊപ്പവും, റിപ്പോർട്ടറിനൊപ്പം, സർവൈവറിനൊപ്പവും മാത്രം നിൽക്കുന്ന ചില മനുഷ്യർ കൂടി ഉണ്ടെന്ന് സർക്കാരും പോലീസും മറക്കരുത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.