...
Home News Kerala ഗസറ്റിൽ പരസ്യം ചെയ്യുക എന്ന നിസ്സാര തടസ്സം മാത്രമേ ജാതിവാൽ ദഹനത്തിനുള്ളൂ

ഗസറ്റിൽ പരസ്യം ചെയ്യുക എന്ന നിസ്സാര തടസ്സം മാത്രമേ ജാതിവാൽ ദഹനത്തിനുള്ളൂ

മുക്കിലേക്ക് എത്ര മുദ്രാവാക്യവും ആർക്കുമെഴുതി കൊടുക്കാം. പക്ഷെ,അതിൽ എത്ര എണ്ണം സ്വന്തം മുറ്റത്ത് സ്ഥാപിക്കാൻ കഴിയുന്നു എന്ന രാഷ്ട്രീയ ചോദ്യം ഉള്ളിലേക്ക് ചോദിക്കേണ്ടതുണ്ട്.

264

|സി എസ് രാജേഷ്

‘മുരുകൻ നായർ’ മലയാളം മിഷൻ ഡയറക്ടറായ വാർത്തയുടെ ഞെട്ടലിലേക്ക് വീണുകഴിഞ്ഞു കേരളം. അതുകണ്ട് ഞെട്ടാത്ത ചിലരെങ്കിലും കേരളത്തിൽ കാണും. അക്കൂട്ടത്തിൽ പെടുന്ന ഒരാളാണ് നല്ല സുഹൃത്തുകൂടിയായ ഞാൻ. ഇക്കാര്യം പണ്ടേ അറിഞ്ഞിരുന്നു. മുരുകൻ കവി ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായിരുന്ന മുറിക്കു മുന്നിൽ തൂക്കിയിരുന്ന നെയിം ബോർഡിലും ഇങ്ങനെ തന്നെയായിരുന്നു പേര്. വേണമെങ്കിൽ വാല് വെക്കാവുന്ന, പക്ഷെ അതുപേക്ഷിച്ച് നടക്കുന്ന കവി ജഗദീഷ് കോവളം ഒരിക്കൽ ഇതിനെ ചോദ്യം ചെയ്തിരുന്ന സംഭവവും ഇപ്പോഴോർക്കുന്നു. സൗഹൃദം കാരണം അതൊരു ചർച്ചയാക്കാതെ വിട്ടതാണ്. ഇപ്പോൾ അതേ വിഷയം സംസ്കാരിക കേരളം ചൂടൻചർച്ച ചെയ്യുമ്പോൾ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുറിക്കുന്നതാണിക്കാര്യം.

വൈറലായ ‘മനുഷ്യനാകണം’ എന്ന പാട്ട് കേട്ടപ്പോഴും കണ്ടപ്പോഴും ഇക്കാര്യമോർത്തു ചിരിച്ചിരുന്നു. മുക്കിലേക്ക് എത്ര മുദ്രാവാക്യവും ആർക്കുമെഴുതി കൊടുക്കാം. പക്ഷെ,അതിൽ എത്ര എണ്ണം സ്വന്തം മുറ്റത്ത് സ്ഥാപിക്കാൻ കഴിയുന്നു എന്ന രാഷ്ട്രീയ ചോദ്യം ഉള്ളിലേക്ക് ചോദിക്കേണ്ടതുണ്ട്. ഒഫിഷ്യൽ നെയിം അങ്ങനെയായിപ്പോയി , പിന്നെന്തുചെയ്യാൻ പറ്റും – എന്ന മറുചോദ്യം ഇത്തരം ഘട്ടങ്ങളിൽ പലരും ചോദിച്ച് കേട്ടിട്ടുണ്ട്.

ഒരിക്കൽ ഒരു സർക്കാർ – സാഹിത്യ ക്യാമ്പിൽ ഇതേ മറുചോദ്യം എഴുത്തുകാരി ഇന്ദുമേനോൻ സദസ്സിനോട് ചോദിക്കുന്നതും കണ്ടിരുന്നു. വാല് കളയൽ വലിയ പണിയാണെന്നും അതിനു പിന്നാലെ പോകാൻ സമയമില്ലെന്നുമായിരുന്നു ഇന്ദുവിന്റെ ന്യായീകരണം. തുടർന്നു സംസാരിച്ച കവി എസ്. രമേശൻ ആ വാദം തെറ്റാണെന്ന് സ്ഥാപിച്ചെടുത്തു. ഗസറ്റിൽ പരസ്യം ചെയ്യുക എന്ന നിസ്സാര തടസ്സം മാത്രമേ ജാതിവാൽ ദഹനത്തിനുള്ളൂ എന്നും അതിനു മനസ്സുതോന്നുക എന്നതാണ് പ്രധാനമെന്നും എസ്. രമേശൻ ആ വേദിയിൽ തുടർന്നു പറയുകയുണ്ടായി. ‘ജാതിവാൽ നിഷ്കാസനം’ – എന്നൊരു മൂവ്മെന്റ് തന്നെ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതായി കെ.ഈ.എൻ. കുഞ്ഞഹമ്മദ് പലതവണ സൂചിപ്പിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിനത് തുടങ്ങാൻ കഴിഞ്ഞിട്ടില്ലിതുവരെ .

നിങ്ങളെല്ലാം 100 % വും മനുഷ്യനാകണം, ഞങ്ങൾക്ക് പക്ഷെ 50 % മനുഷ്യനാകാനേ മനസ്സുള്ളൂ എന്നാണ് അത്തരക്കാർ പറയാതെ പറയുന്ന കാര്യം. പുരോഗമനകാരികളും ജാതിവാൽ ഉപയോഗിക്കുന്നതല്ല – അത് ചോദ്യം ചെയ്യുന്നതാണ് ജാതിക്കുറ്റമായി ഇവിടെ മാറുന്നത്. എന്തൊരു വിചിത്ര വിപ്ലവ കേരളം !


ഇപ്പോൾ ഇവിടെ കാണുന്ന ഈ സ്വാഗതപത്രികയിൽ , വേണമെങ്കിൽ ലോകർക്ക് മുഴുവനറിയാവുന്ന പേരുതന്നെ ഉപയോഗിക്കാമായിരുന്നു . അതുചെയ്യാതെ ഇങ്ങനെ തന്നങ്ങോട്ട് പോട്ടെ, രണ്ടുദിവസത്തെ ചർച്ചയിൽ കൂടുതലായി എന്തുവരാനാ , എന്നൊരു ധൈര്യം ഈ തലമുറയിൽ പൊതുവെ കൂടിയിട്ടുണ്ട്. ആ അറപ്പില്ലായ്മ എങ്ങനെ കേരളത്തിൽ തിരിച്ചുവന്നു എന്ന് ഇവിടെയാർക്കാണറിയാത്തത്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.