...
Home Trending പൂച്ചകൾക്കും പട്ടികൾക്കും ഇനി വിമാന ക്യാബിനുള്ളിൽ പറക്കാം; അയാട്ടയുടെ പുതിയ ആഗോള മാർഗനിർദേശങ്ങൾ പുറത്ത്

പൂച്ചകൾക്കും പട്ടികൾക്കും ഇനി വിമാന ക്യാബിനുള്ളിൽ പറക്കാം; അയാട്ടയുടെ പുതിയ ആഗോള മാർഗനിർദേശങ്ങൾ പുറത്ത്

ചെക്ക്-ഇൻ സമയത്ത് മൃഗങ്ങളുടെ പ്രായം, ഇനം, ആരോഗ്യം എന്നിവ ഉദ്യോഗസ്ഥർ കർശനമായി പരിശോധിക്കും. മൃഗങ്ങൾ അസ്വസ്ഥമാണെന്നോ അല്ലെങ്കിൽ കണ്ടെയ്നറുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നോ കണ്ടാൽ ബോർഡിങ് നിഷേധിക്കാൻ എയർലൈനുകൾക്ക് അധികാരമുണ്ടാകും.

4

അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ‘അയാട്ട’ (IATA) വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനായി പുതിയ ആഗോള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ലോകമെമ്പാടും വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ബുക്കിങ്, ചെക്ക്-ഇൻ, സുരക്ഷ, ബോർഡിങ് തുടങ്ങിയ കാര്യങ്ങളിൽ എല്ലാ എയർലൈനുകളിലും ഒരേ മാനദണ്ഡങ്ങൾ നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം പൂച്ചകൾക്കും പട്ടികൾക്കും ഇനി വിമാനത്തിന്റെ ക്യാബിനുള്ളിൽ തന്നെ യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ ഇതിനായി അയാട്ട നിശ്ചയിച്ചിട്ടുള്ള ‘സി.ആർ. വൺ’ നിലവാരത്തിലുള്ള പ്രത്യേക കണ്ടെയ്നറുകൾ നിർബന്ധമായും ഉപയോഗിക്കണം. മൃഗത്തിന് ഉള്ളിൽ സുഖമായി എഴുന്നേറ്റ് നിൽക്കാനും, ഇരിക്കാനും, കിടക്കാനും, തിരിയാനും ആവശ്യമായ സ്ഥലം ഈ കണ്ടെയ്നറിൽ ഉണ്ടായിരിക്കണമെന്ന് മാർഗരേഖയിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

യാത്രയ്ക്ക് 48 മുതൽ 72 മണിക്കൂർ മുൻപ് തന്നെ വളർത്തുമൃഗങ്ങൾക്കായുള്ള ബുക്കിങ് പൂർത്തിയാക്കേണ്ടതുണ്ട്. ‘പി.ഇ.ടി.സി’ (PETC – Pet in Cabin) എന്ന പുതിയ ബുക്കിങ് കോഡ് ആണ് ഇതിനായി ഉപയോഗിക്കുക. മൃഗങ്ങളുടെ ആരോഗ്യ സർട്ടിഫിക്കറ്റും വാക്സിനേഷൻ രേഖകളും മുൻകൂട്ടി സമർപ്പിക്കണം. മിക്ക ട്രാവൽ ഏജൻസി സൈറ്റുകളിലും നിലവിൽ ഈ സൗകര്യം ഇല്ലാത്തതിനാൽ എയർലൈനുകളെ നേരിട്ട് ബന്ധപ്പെടുന്നതാണ് ഉചിതമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

ചെക്ക്-ഇൻ സമയത്ത് മൃഗങ്ങളുടെ പ്രായം, ഇനം, ആരോഗ്യം എന്നിവ ഉദ്യോഗസ്ഥർ കർശനമായി പരിശോധിക്കും. മൃഗങ്ങൾ അസ്വസ്ഥമാണെന്നോ അല്ലെങ്കിൽ കണ്ടെയ്നറുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നോ കണ്ടാൽ ബോർഡിങ് നിഷേധിക്കാൻ എയർലൈനുകൾക്ക് അധികാരമുണ്ടാകും. ടേക്ക്-ഓഫ്, ലാൻഡിങ്, ടർബുലൻസ് സമയങ്ങളിൽ വളർത്തുമൃഗങ്ങൾ നിർബന്ധമായും കണ്ടെയ്നറിനുള്ളിൽ തന്നെ ഇരിക്കണം. വിമാനയാത്രയിൽ തടസ്സങ്ങളോ റദ്ദാക്കലുകളോ സംഭവിക്കുകയാണെങ്കിൽ മൃഗങ്ങളുടെ സുരക്ഷയ്ക്കായി വിമാനത്താവള-വെറ്ററിനറി അധികൃതരുമായി സഹകരിക്കാൻ എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കണക്ഷൻ ഫ്ലൈറ്റുകളിൽ ‘പെറ്റ് റിലീഫ് ഏരിയകൾ’ ലഭ്യമാണോ എന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും പുതിയ മാർഗരേഖയിലുണ്ട്. അതേസമയം, സർവീസ് ഡോഗുകൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. എന്നാൽ എമോഷണൽ സപ്പോർട്ട് അനിമലുകളെ ഓരോ എയർലൈനിന്റെയും നയം അനുസരിച്ച് സാധാരണ വളർത്തുമൃഗങ്ങളായി തന്നെയായിരിക്കും പരിഗണിക്കുകയെന്ന് അയാട്ട വ്യക്തമാക്കി.

ഈ ആഗോള മാർഗനിർദേശങ്ങൾ എയർലൈനുകളുടെ സ്വന്തം നയങ്ങൾക്ക് പകരമല്ല, മറിച്ച് യാത്രക്കാരുടെ ആശയക്കുഴപ്പം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അയാട്ട അധികൃതർ അറിയിച്ചു. എയർലൈനുകൾക്ക് തങ്ങളുടെ വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കും. എങ്കിലും പുതിയ മാനദണ്ഡങ്ങൾ വരുന്നതോടെ വളർത്തുമൃഗങ്ങളുമായുള്ള വിമാനയാത്ര കൂടുതൽ സുതാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.