...
Home News Kerala എംജിആറിന്റെ ശവമഞ്ചത്തിനരികിൽ നിന്ന ജയലളിതയെ എവിടെയോ ഓർമിപ്പിക്കുന്നുണ്ട് ചാണ്ടി ഉമ്മൻ

എംജിആറിന്റെ ശവമഞ്ചത്തിനരികിൽ നിന്ന ജയലളിതയെ എവിടെയോ ഓർമിപ്പിക്കുന്നുണ്ട് ചാണ്ടി ഉമ്മൻ

തന്നെ കല്ലെറിഞ്ഞവർക്ക് മാപ്പ് നൽകിയ മഹാനാണ് ചാണ്ടി സാർ എന്ന് മാധ്യമങ്ങൾ പറഞ്ഞവസാനിപ്പിക്കും മുൻപേ നടൻ വിനായകന് മാപ്പു നൽകി ചാണ്ടി ഉമ്മൻ ആ പാരമ്പര്യത്തിന്റെ പിന്തുടർച്ച എടുത്ത് കഴിഞ്ഞു.

343

| ജിബിൻ പുലിയങ്കോടൻ

വിലാപവും വിലാപ കാവ്യങ്ങളും അവസാനിച്ചെങ്കിൽ ഇനി ഒരൽപം രാഷ്ട്രീയ അവലോകനമാവാം. കാല്പനികതയും സാഹിത്യവും ചേർത്തുള്ള ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രാ റിപ്പോർട്ടിങ്ങിനിടെ മാധ്യമങ്ങൾ പോലും അത്ര ശ്രദ്ധിക്കാതെ പോയ ചാണ്ടി ഉമ്മനെ കുറിച്ചാണ് ഈ കുറിപ്പ്. കടുത്ത നേതൃദാരിദ്ര്യം അനുഭവപ്പെടുന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് ഒരു നേതാവിന്റെ ഉദയമാണോ ഉണ്ടാവാൻ പോകുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല.

സാധാരണയായി മരണപ്പെട്ട നേതാക്കളുടെ മക്കൾ എഴുന്നേറ്റു നിന്ന് കൈകൂപ്പുന്നത് ഏതെങ്കിലും വിവിഐപികൾ കാണാൻ എത്തുമ്പോഴാണ്. എന്നാൽ നീണ്ട മൂന്നു ദിനങ്ങൾ ജലപാനമില്ലാതെ, സ്വപിതാവിന്റെ മൃതദേഹത്തിന്റെ തലയ്ക്കൽ കൈകൂപ്പിയും കൈകൾ വീശിയും ഒരേ നിൽപ് നിന്ന ചാണ്ടി ഉമ്മൻ നിശബ്ദമായി പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടിക്ക് അപ്പുറത്ത് ആരാണ് എന്ന് തന്നെ ആണ്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ഇല്ലെന്നും ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെ പാർട്ടി നിശ്ചയിക്കും എന്നും ചർച്ചകൾ ആരംഭിക്കും മുൻപേ ചാണ്ടി ഉമ്മൻ പറഞ്ഞു കഴിഞ്ഞു.

തന്നെ കല്ലെറിഞ്ഞവർക്ക് മാപ്പ് നൽകിയ മഹാനാണ് ചാണ്ടി സാർ എന്ന് മാധ്യമങ്ങൾ പറഞ്ഞവസാനിപ്പിക്കും മുൻപേ നടൻ വിനായകന് മാപ്പു നൽകി ചാണ്ടി ഉമ്മൻ ആ പാരമ്പര്യത്തിന്റെ പിന്തുടർച്ച എടുത്ത് കഴിഞ്ഞു. ഭാരത് ജോഡോ യാത്രയിലടക്കം സാന്നിധ്യമായിരുന്ന ചാണ്ടി ഉമ്മൻ ഇതോടെ മറ്റൊരു കാര്യം കൂടി ഉറപ്പു വരുത്തുന്നുണ്ട് – ഇനി പുതുപ്പള്ളിയിലേക്ക് സ്വന്തം കുടുംബത്തിൽ നിന്നും താനല്ലാതെ മറ്റൊരു ഒരു പകരക്കാരൻ ഉണ്ടാവില്ല.

കാലവും സന്ദർഭവും കോണ്ടെക്സ്റ്റും ഒക്കെ വേറെയാണെങ്കിലും എംജിആറിന്റെ ശവമഞ്ചത്തിനരികിൽ നിന്ന ജയലളിതയെ എവിടെയോ ഓര്മിപ്പിക്കുന്നുണ്ട് ചാണ്ടി ഉമ്മൻ. ജനകീയനായ പിതാവിനെ ജനക്കൂട്ടത്തിന് വിട്ടു നൽകിയ ബാല്യം കൂടിയുണ്ട് ‘ജതിൻ രാംദാസിന്’ എന്ന ഒരു പിആർ സ്റ്റോറി കൂടി ആയാൽ അത് സമ്പൂർണമാകും.

ആദ്യ മത്സരത്തിൽ സഹതാപ തരംഗത്തിൽ ജയിക്കാൻ ചാണ്ടി ഉമ്മന് കഴിയും. മാധ്യമങ്ങളുടെ വാഴ്ത്തിപ്പടലിന് അപ്പുറത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം കുറഞ്ഞു കൊണ്ടിരിക്കുന്ന ഉമ്മൻ ചാണ്ടിയെ മറികടന്ന്, അടുത്ത തവണ പുതുപ്പള്ളി ഒരു അരുവിക്കരയാക്കാതിരിക്കാൻ ചാണ്ടി ഉമ്മന് പറ്റുമോ എന്നതാണ് യഥാർത്ഥ വെല്ലുവിളി.

ഉമ്മൻ ചാണ്ടി ഒരു ഘട്ടത്തിലും സംസ്ഥാന വ്യാപകമായി ഇടതുപക്ഷത്തിന് വെല്ലുവിളിയായിട്ടില്ല. അതുകൊണ്ടു തന്നെ ചാണ്ടി ഉമ്മനോ സഹതാപ തരംഗമോ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ഘടകമാവാനും ഒട്ടും സാധ്യതയില്ല. എന്നാൽ അടുത്ത തവണ എന്തെങ്കിലും കാരണം ഭരണമാറ്റം ഉണ്ടായാൽ, അധികാരത്തിൽ കണ്ണും നട്ടിരിക്കുന്ന സതീശൻ-ചെന്നിത്തല-സുധാകരൻ ത്രിത്വം മുതൽ സാക്ഷാൽ വേണുഗോപാൽ വരെയുള്ളവർക്ക് വെല്ലുവിളിയാകുന്നത് ചാണ്ടി ഉമ്മൻ തന്നെ ആകുമെന്ന് നിസംശയം പറയാം.

എല്ലാ സീനിയേഴ്‌സും ചേർന്ന് കസേരക്ക് വേണ്ടിയുള്ള പിടിവലിയാകും. എകെ ആന്റണിയുടെ മകൻ കളിക്കളം മാറ്റി, മറ്റു നേതാക്കളുടെ മക്കൾ കഴിവ് തെളിയിച്ചിട്ടില്ല. അത്തരം ഒരു സന്ദർഭത്തിൽ സഭയും എൻഎസ്എസും പിന്തുണയ്ക്കുകയും മുസ്ലിം ലീഗ് കൂടി പേര് നിർദേശിക്കുകയും ചെയ്‌താൽ ചാണ്ടി ഉമ്മൻ തന്റെ പിതാവിനെ വെല്ലുന്ന ചരിത്രമെഴുതാൻ ഇടയുണ്ട്. അതുകൊണ്ടു കൂടി തന്നെ ഈ നിമിഷം മുതൽ ചാണ്ടി ഉമ്മന്റെ മുന്നിൽ വെല്ലുവിളി ഉയർത്താൻ പോകുന്നത് സീനിയേഴ്സ് ആണെന്നതിൽ യാതൊരു സംശയവുമില്ല.

കോൺഗ്രസ് പാർട്ടി ആണെങ്കിൽ അതിനു കുപ്രസിദ്ധം ആണ് താനും. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പ് വിജയം പോലും ചിലപ്പോൾ ചാണ്ടി ഉമ്മന് മുന്നിൽ കീറാമുട്ടി ആവാൻ ഇടയുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ദുർബലമായ പ്രതിപക്ഷമായി കോൺഗ്രസ്സ് തുടരുന്നത് കൊണ്ട് തന്നെ മേല്പറഞ്ഞ കാര്യങ്ങൾ ഒക്കെ സംഭവിക്കാൻ വലിയ സാധ്യത ഇല്ലാ എന്നതാണ് മറ്റൊരു വശം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.