| കെ സഹദേവൻ
കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ‘ദ ടെലഗ്രാഫ്’ വളരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
സിഎജി, കഴിഞ്ഞ മാസം, പുറത്തിറക്കിയ, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിലെ, ”അക്കൗണ്ടുകളുടെയും സാമ്പത്തിക റിപ്പോര്‍ട്ടിംഗ് രീതികളുടെയും ഗുണനിലവാരം” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച 27 പേജുള്ള മൂന്നാമത്തെ അധ്യായത്തില്‍ മോദി സര്‍ക്കാരും അതിന്റെ അക്കൗണ്ടന്റുമാരും പൊതുപണം രഹസ്യവഴികളിലേക്ക് തിരിച്ചുവിടുന്നത് സംബന്ധിച്ച പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. പാര്‍ലമെന്റ് അംഗീകരിച്ച, വിവിധ പദ്ധതികള്‍ക്കുള്ള പണമാണ് ഇത്തരത്തില്‍ വകമാറ്റി ചെലവഴിച്ചതായി സിഎജി സൂചിപ്പിക്കുന്നത്.
2003ലെ ഫിസ്‌ക്കല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്റ് (എഫ്ആര്‍ബിഎം) നിയമത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍വചനത്തിന് വിരുദ്ധമായി, ചരിത്രപരമായ വിനിമയ നിരക്കില്‍ (historical exhange rate) 4.39 ലക്ഷം കോടി രൂപയായി കണക്കാക്കിയ വിദേശ കടത്തില്‍ നിന്നാണ് ഗവണ്‍മെന്റിന്റെ അക്കൗണ്ടുകളിലെ കള്ളപ്പണം ആരംഭിക്കുന്നത്.
FRBM നിയമം സാമ്പത്തിക ചെലവുചുരുക്കലിനാവശ്യമായ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്നു. അതിലെ വ്യവസ്ഥകള്‍ പ്രകാരം, 2021 മാര്‍ച്ച് അവസാനത്തോടെ ധനക്കമ്മി ജിഡിപിയുടെ 3 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നു. ഗവണ്‍മെന്റിന്റെ പൊതുകടം (അതായത് കേന്ദ്രവും സംസ്ഥാനങ്ങളും) ജിഡിപിയുടെ 60 ശതമാനമായി പരിമിതപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്. അതനുസരിച്ച്, 2025 മാര്‍ച്ച് 31-നകം കേന്ദ്ര ഗവണ്‍മെന്റ് കടം ജിഡിപിയുടെ 40 ശതമാനത്തിന് മുകളിലായിരിക്കരുത്. ഈ വര്‍ഷം 5.9 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ധനക്കമ്മി ലക്ഷ്യത്തിലേക്ക് ഇതുവരെ ഒരു സര്‍ക്കാരും എത്തിയിട്ടില്ല. 2021-22ല്‍ ഇത് 6.7 ശതമാനമായി ഉയര്‍ന്നു.
സര്‍ക്കാര്‍ എഫ്ആര്‍ബിഎം നിര്‍വചനത്തില്‍ ഉറച്ചുനില്‍ക്കുകയും നിലവിലെ വിനിമയ നിരക്കില്‍ വിദേശ കടത്തിന്റെ മൂല്യം കണക്കാക്കുകയും ചെയ്തിരുന്നെങ്കില്‍, അത് 6.58 ലക്ഷം കോടി രൂപയായി ഉയരുമായിരുന്നുവെന്ന് സിഎജി പറയുന്നു. ഇതിനര്‍ത്ഥം 2021-22 സാമ്പത്തിക വര്‍ഷത്തെ ഗവണ്‍മെന്റിന്റെ അക്കൗണ്ടുകളില്‍ വിദേശ കടത്തിന്റെ മൂല്യം 2.19 ലക്ഷം കോടി രൂപ കുറച്ചുകാണിച്ചു എന്നാണ്.
അതോടൊപ്പം തന്നെ സിഎജി ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ അക്കൗണ്ടുകളിലെ പ്രശ്‌നങ്ങള്‍ ഇവയാണ്:
- ചെറു സമ്പാദ്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍ എന്നിവയ്ക്ക് മേലുള്ള ബാധ്യതകള്‍ ((liabilities) 21,560 കോടിയായി കുറച്ചുകാണിച്ചു.
- പൊതുഫണ്ടുകള്‍ ബാങ്കുകളുടെ കറന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുക, കുറഞ്ഞ ബാധ്യത കാണിക്കുന്നതിനായി കേന്ദ്രത്തിന്റെ പേയ്മെന്റ് ബാധ്യതകള്‍ ബോധപൂര്‍വ്വം മറച്ചുവെക്കുക.
- പ്രത്യേക ആവശ്യങ്ങള്‍ക്കായി ചുമത്തപ്പെടുന്ന ലെവികളും സെസുകളും ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താതിരിക്കുക. ഇവ ഗവണ്‍മെന്റിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പ്രവഹിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക.
- സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഇക്വിറ്റിയില്‍ യഥാര്‍ത്ഥത്തില്‍ എത്ര നിക്ഷേപം നടത്തിയെന്നും അതുവഴി എത്ര ലാഭവിഹിതം ശേഖരിച്ചുവെന്നും സിഎജിക്ക് സമര്‍പ്പിച്ച രേഖകളില്‍ സൂചിപ്പിക്കുന്നില്ല.
- ഇത്തരത്തിലുള്ള 15ഓളം പൊതു ഉടമസ്ഥതയിലുള്ള കമ്പനികളുടെ ലാഭവിഹിതം സംബന്ധിച്ച കണക്കുകള്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി.



