...
Home News Kerala കോര്‍പറേറ്റ് വ്യാമോഹങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഭാഷ മുഖ്യമന്ത്രിക്ക് ചേരില്ല; കോര്‍പറേറ്റ് കാര്യസ്ഥനേ ചേരൂ

കോര്‍പറേറ്റ് വ്യാമോഹങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഭാഷ മുഖ്യമന്ത്രിക്ക് ചേരില്ല; കോര്‍പറേറ്റ് കാര്യസ്ഥനേ ചേരൂ

മുഖ്യമന്ത്രിക്ക് മുതലാളിത്ത വികസനത്തെ മുന്‍നിര്‍ത്തി സംസാരിക്കാന്‍ ആയിരം നാവുകളാണ്. ഭൂസമരങ്ങളെ അഭിസംബോധന ചെയ്യാന്‍ വാക്കുകളില്ല.

380

| ഡോ. ആസാദ്

കേരളത്തിന്റെ ചിരകാല സ്വപ്നങ്ങളെല്ലാം സ്വപ്നങ്ങളായിത്തന്നെ കിടക്കുന്നുവെന്നും കേരളത്തിന്റെ വന്‍ പദ്ധതികള്‍ക്കെല്ലാം ചിലര്‍ തടസ്സം നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി. നമ്മുടെ വലിയ സ്വപ്നമെന്താണ്? നമ്മുടെ വന്‍ പദ്ധതികള്‍ ഏതു സ്വപ്നത്തെ സാക്ഷാത്കരിക്കാനാണ്?

ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂരഹിത കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കുന്ന അഥവാ ഭൂമിയില്‍ അവകാശം നിശ്ചയിക്കുന്ന ഏതെങ്കിലും പദ്ധതിയാണോ? പുതുതായി ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണോ? കാര്‍ഷിക രംഗത്തെ സ്തംഭനം പരിഹരിക്കുന്ന ഉത്തേജക പദ്ധതിയാണോ?

സാമൂഹിക ജനാധിപത്യം ഉറപ്പുവരുത്തുന്ന കര്‍മ്മ പദ്ധതികളാണോ? അതോ ഇരകളെ സൃഷ്ടിക്കുന്ന മുതലാളിത്ത പുറംതള്ളല്‍ വികസനമാണോ? ആ വികസനത്തെക്കുറിച്ച് എല്ലാ കാലത്തെയും അധികാരിവര്‍ഗം ധാരാളം സംസാരിച്ചു കേട്ടിട്ടുണ്ട്. അതിന്റെ ദുരനുഭവങ്ങളോടും ദീര്‍ഘകാല പ്രത്യാഘാതങ്ങളോടും ഏറ്റു മുട്ടിയാണ് ഇവിടെ ഇടതുപക്ഷ രാഷ്ട്രീയം വളര്‍ന്നു വന്നത്. ആ ഇടതുപക്ഷ പതാക മുതലാളിത്ത വികസനത്തിന്റെ വിജയ പതാകയായി മാറുന്ന കാഴ്ച്ച ദുഖകരമാണ്. അപലപനീയമാണ്.

മുഖ്യമന്ത്രിക്ക് മുതലാളിത്ത വികസനത്തെ മുന്‍നിര്‍ത്തി സംസാരിക്കാന്‍ ആയിരം നാവുകളാണ്. ഭൂസമരങ്ങളെ അഭിസംബോധന ചെയ്യാന്‍ വാക്കുകളില്ല. കയ്യേറ്റ മാഫിയകളെ തടയാനോ, സ്ത്രീ ശിശു പീഡകരെ തടയാനോ, കുട്ടിക്കടത്തു മാഫിയകളെ പുറംതള്ളാനോ, പോക്സോ കേസ് പ്രതികളെയും കസ്റ്റഡി കൊലപാതകം നടത്തുന്നവരെയും പൊലീസില്‍നിന്ന് പുറത്താക്കാനോ വാക്കുകളില്ല.

മരംമുറി സംഘങ്ങളെ അമര്‍ച്ച ചെയ്യാനോ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരെ തടയാനോ ശബ്ദമില്ല. ദുരിതാശ്വാസ ഫണ്ടു മുതല്‍ സഹകരണ ബാങ്ക് നിക്ഷേപം വരെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പ്രാപ്തിയില്ല. ജനങ്ങള്‍ അറിയേണ്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാനും നാവു വഴങ്ങുന്നില്ല.

കോടികള്‍ കമ്മീഷന്‍ മറിയുന്ന വന്‍കിട പദ്ധതികളല്ല, ജനങ്ങളെ സാമൂഹിക ജനാധിപത്യത്തിലേക്കും രാഷ്ട്രീയ ജനാധിപത്യത്തിലേക്കും വളര്‍ത്തുന്ന നിശ്ചയങ്ങളാണ് യഥാര്‍ത്ഥ വികസനം. ജനകീയമായ വികസനം. അത് ഇടതുപക്ഷ പതാകയേന്തുന്നവര്‍ മറക്കരുതാത്തതാണ്.

കൊള്ളയും കൊലയും കുട്ടിക്കടത്തും ഭൂമി കൈയേറ്റവും ഖനന ചൂഷണവും പ്രകൃതി നശീകരണവും സ്ത്രീ പീഡനവും ശിശുപീഡനവും പിന്‍വാതില്‍ നിയമനവും കുടിയൊഴിപ്പിക്കലും കൊലയാളികളെ താലോലിക്കലും ഗുണ്ടാ സംഘങ്ങളെ അഴിച്ചു വിടലും ഒക്കെയായി അങ്ങേയറ്റം ദുഷിച്ച സാമൂഹിക ജീവിതാവസ്ഥയാണ് കേരളത്തിലുള്ളത്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഭരണപക്ഷ രാഷ്ട്രീയക്കാര്‍തന്നെ പറയുന്നു. കാലിയായ ഖജനാവ് ഒരുവിധ ധൂര്‍ത്തിനും തടസ്സമാവുന്നില്ല. കടംവാങ്ങി ധൂര്‍ത്തു നടത്താനുള്ള ധിക്കാരമാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്.

കെ റെയില്‍ പദ്ധതി വികസനമല്ല ധൂര്‍ത്താണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തുതന്നെ ചൂണ്ടിക്കാട്ടുന്നു. എല്‍ ഡി എഫ് വിജയത്തിനു പരിശ്രമിച്ച വലിയൊരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പാണുള്ളത്. എന്നിട്ടും മുഖ്യമന്ത്രിക്ക് കടുത്ത വാശിയാണ്. കേരളത്തെ ആ വഴിയില്‍ കടപ്പെടുത്തി കെട്ടിയിടുന്നതാണ് വികസനമെന്ന് അദ്ദേഹത്തെ പഠിപ്പിച്ച ഉപദേശകന്‍ ആരാണാവോ! ബി ജെ പിയും കോണ്‍ഗ്രസ്സും ജമാ അത്തെ ഇസ്ലാമിയുമാണ് കെ റെയില്‍ വികസനത്തെ എതിര്‍ക്കുന്നതെന്ന് ഒരു ‘അവിശുദ്ധ സഖ്യ’ത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പക്ഷേ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര സംഘടനയെപ്പറ്റി മിണ്ടാട്ടമില്ല. സി പി ഐയുടെ ചില പോഷക സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പും മൂടി വെച്ചിരിക്കുന്നു.

ഈ മുഖ്യമന്ത്രി കോര്‍പറേറ്റുകളുടെ കാര്യസ്ഥനാണോ? ജനപുരോഗതിയുടെ നായകനാവേണ്ട മുഖ്യമന്ത്രി ജനങ്ങളുടെ ദുരിതങ്ങളെപ്പറ്റിയാണ് ആശങ്കപ്പെടേണ്ടത്. അതിജീവനത്തിനുതകുന്ന അടിയന്തര തീരുമാനങ്ങളാണ് കൈക്കൊള്ളേണ്ടത്. കോര്‍പറേറ്റ് വ്യാമോഹങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഭാഷ മുഖ്യമന്ത്രിക്കു ചേരില്ല. കോര്‍പറേറ്റ് കാര്യസ്ഥനേ ചേരൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.