...
Home Entertainments സിനിമയും രാഷ്ട്രീയവും എനിക്ക് എൻ്റെ മക്കളെപ്പോലെ; അഞ്ജലി നായർ പറയുന്നു

സിനിമയും രാഷ്ട്രീയവും എനിക്ക് എൻ്റെ മക്കളെപ്പോലെ; അഞ്ജലി നായർ പറയുന്നു

284

വെള്ളിത്തിരയിലെ അഭിനയ മികവിന് സംസ്ഥാന പുരസ്കാരമടക്കം നേടിയ അഞ്ജലി നായർ ഇനി രാഷ്ട്രീയത്തിൻ്റെ വലിയ വേദിയിലേക്ക്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വൻ്റി 20 സ്ഥാനാർഥിയായി ജനവിധി തേടുന്ന അഞ്ജലി, ഇന്നത്തെ ജനറേഷൻ സി, ആൽഫ തലമുറകൾക്ക് രാഷ്ട്രീയത്തോടുള്ള താൽപര്യം കുറഞ്ഞുവരുന്നത് ഗൗരവകരമാണെന്ന് നിരീക്ഷിക്കുന്നു. യുവാക്കളിൽ രാഷ്ട്രീയ ബോധം വളർത്തുക എന്നത് തൻ്റെ ലക്ഷ്യമാണെന്ന് അവർ പറഞ്ഞു.

“പുതിയ തലമുറയെ മാറ്റിനിർത്താതെ അവരെ രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കാൻ എൻ്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കും. ഒരു നടിയെന്ന നിലയിൽ എന്നെ വിലയിരുത്തിയ പ്രേക്ഷകർ ഇനി ഒരു ജനപ്രതിനിധിയെന്ന നിലയിൽ വിലയിരുത്താനുള്ള സമയം വരാനിരിക്കുന്നതേയുള്ളൂ,” അഞ്ജലി വ്യക്തമാക്കി.

പുതിയ തലമുറ പഴയ തലമുറ എന്നിങ്ങനെയുള്ള വേർതിരിവ് ഒരു രാഷ്ട്രീയപ്രവർത്തക എന്നുള്ള രീതിയിൽ ഞാൻ കാണുന്നില്ല. എല്ലാവരെയും ഒരുപോലെ കാണാനാണ് ഞാൻ ശ്രമിക്കുന്നത്. വിജയിച്ചു വന്നാൽ എല്ലാവരെയും ഒരേ മനോഭാവത്തോടെ മുന്നോട്ടു കൊണ്ടുപോകാനും നയിക്കാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു.

തികച്ചും അപ്രതീക്ഷിതമായാണ് കലാകാരിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന എന്നെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുത്തത്. ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്താൻ തന്നെയാണ് ശ്രമം. ചെറുപ്പം മുതൽ തന്നെ എല്ലാവരെയും സഹായിക്കണമെന്ന മനോഭാവം എനിക്കുണ്ടായിരുന്നു. ഒരു രാഷ്ട്രീയപ്രവർത്തക എന്നുള്ള നിലയിൽ അങ്ങനെയൊരു മനോഭാവം എനിക്കുള്ളത് പ്ലസ് പോയിൻ്റ് ആണ്. തൃപ്പൂണിത്തുറ മണ്ഡലത്തെ വികസനത്തിൻ്റെ പാതയിൽ നയിക്കാൻ എന്നാൽ ആകുന്നത് ചെയ്യും.

താൻ പഠിച്ചുവളർന്ന തൃപ്പൂണിത്തുറയുടെ മണ്ണും മനസ്സും തനിക്ക് നന്നായി അറിയാമെന്ന് അഞ്ജലി പറയുന്നു. “എൻ്റെ അച്ഛൻ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ജോലികൾ ചെയ്തിരുന്ന ആളാണ്. ഈ നഗരവുമായി എനിക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. എൻ്റെ രാഷ്ട്രീയം എൻ്റെ മനസ്സ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബിജെപിയിലേക്ക് ആകർഷിക്കുന്നതിന് കാരണമായത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. ട്വൻ്റി 20 പാർട്ടിയും സാബു ജേക്കബ് സാറിൻ്റെ മുന്നാക്കപരമായ കാഴ്ചപ്പാടുകളും മാതൃകയായിട്ട് തോന്നി.

നൃത്തം പഠിപ്പിക്കുന്നുണ്ടായിരുന്നു. അമ്പലവാസിയായിരുന്നു. ഒരു കൂട്ടിൽ അടച്ച തരത്തിലുള്ള ജീവിതം നയിച്ചു കൊണ്ടിരുന്ന ഞാൻ സിനിമയിൽ എത്തിയത് അവിചാരിതമായാണ്. 150-ലധികം ചിത്രങ്ങളിൽ അഭിനയിക്കാനും പുരസ്കാരങ്ങൾ നേടാനും സാധിച്ചത് ദൈവാനുഗ്രഹമാണെന്ന് അഞ്ജലി വിശ്വസിക്കുന്നു. “സിനിമയെക്കുറിച്ച് ഒന്നുമറിയാതെ വന്ന് അത് പഠിച്ചതുപോലെ രാഷ്ട്രീയവും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ പ്രസംഗങ്ങളും പ്രവർത്തനങ്ങളും ഇപ്പോൾ ഗൗരവത്തോടെയാണ് കാണുന്നത്. കാര്യങ്ങൾ കൃത്യമായി പഠിക്കാൻ ഒരു ‘ട്യൂഷൻ’ വേണമെന്ന് പോലും സഹപ്രവർത്തകരോട് തമാശയായി പറയാറുണ്ട്. എങ്കിലും ജനങ്ങൾക്ക് നല്ലത് ചെയ്യുക എന്ന ലക്ഷ്യത്തിൽ മാറ്റമില്ല.”

രാഷ്ട്രീയത്തിൽ ഇറങ്ങിയതുകൊണ്ട് സിനിമ ഉപേക്ഷിക്കില്ലെന്ന് താരം വ്യക്തമാക്കി. “സിനിമയും രാഷ്ട്രീയവും എനിക്ക് എൻ്റെ മക്കളെപ്പോലെയാണ്. ഒരു അമ്മ എല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കുന്നത് പോലെ ഞാൻ ഇവ രണ്ടിനെയും കൊണ്ടുപോകും. നിലവിൽ അഭിനയിച്ച സിനിമകളുടെ ഡബ്ബിങ് പൂർത്തിയാക്കി. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ എൻ്റെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് വലിയ സന്തോഷം നൽകുന്നു,” അഞ്ജലി നായർ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.