...
Home News National പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി

സംസ്ഥാനങ്ങളുടെ പ്രതിഷേധ സാഹചര്യം കൂടികണക്കിലെടുത്താണ് പൗരത്വ നടപടികൾ ഓൺലൈനാക്കിയത്.

239

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു. ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇതിനായി പോർട്ടൽ സജ്ജമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലം അറിയിച്ചു. സംസ്ഥാനങ്ങളുടെ പ്രതിഷേധ സാഹചര്യം കൂടികണക്കിലെടുത്താണ് പൗരത്വ നടപടികൾ ഓൺലൈനാക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, ജൈനന്മാര്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. അവസാന ഒരു വര്‍ഷമോ കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമോ ഇന്ത്യയില്‍ താമസിച്ചിരുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നേരത്തെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള കാലയളവ് 11 വര്‍ഷമായിരുന്നു. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അസമിലെ കര്‍ബി ആംഗ്ലോങ്, മേഘാലയയിലെ ഗാരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖലകള്‍ എന്നിവയുള്‍പ്പെടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെയാണ് നിയമത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണം അദ്ദേഹം കൂട്ടിച്ചെർത്തു.

പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് പേടി തുടങ്ങി. അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് കൊടുത്ത കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ സിഎഎ നടപ്പാക്കില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വനിയമം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. ജാതിമത അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകത്തില്‍ എവിടെയും അംഗീകരിക്കാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഡല്‍ഹിലെ ഷഹീന്‍ബാദിലും അസമിലെ ഗുവഹാത്തിയിലും വലിയ സമരങ്ങള്‍ നടന്നിരുന്നു. പൗരത്വനിയമം പാസാക്കി നാല് വര്‍ഷത്തിലേറെയായെങ്കിലും ചട്ടങ്ങള്‍ തയ്യാറാക്കാതിരുന്നതിനാല്‍ നിയമം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.