12 September 2026
Home News International കാലാവസ്ഥാ വ്യതിയാനം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ച് ട്വിറ്റർ

കാലാവസ്ഥാ വ്യതിയാനം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ച് ട്വിറ്റർ

ട്വിറ്ററിന്റെ പലവിധ ഉള്ളടക്ക നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ട്വിറ്ററിന്റെ സുപ്രധാന സ്ഥാനങ്ങളിലേക്ക് ഇലോണ്‍ മസ്‌ക് വരുന്നത് കമ്പനി ആഗ്രഹിക്കുന്നില്ല.

138

കാലാവസ്ഥാ വ്യതിയാനംവുമായി ബന്ധപ്പെട്ട ശാസ്ത്ര വിശദീകരണങ്ങളെ നിഷേധിക്കുന്നതും വിരുദ്ധമായതുമായ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ട്വിറ്റര്‍. തങ്ങൾ സ്വീകരിച്ചിട്ടുള്ള ഉള്ളടക്ക നയം അനുസരിച്ച് ട്വിറ്ററിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്ര വിരുദ്ധമായ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിച്ചിരിക്കുന്നു’, ട്വിറ്റര്‍ ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി മാനേജര്‍ കാസി ജുനോദ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

കാലാവസ്ഥാ നിഷേധത്തിലൂടെ ട്വിറ്ററില്‍ ധനസമ്പാദനം നടത്തരുത്. പരസ്യങ്ങള്‍ നൽകുമ്പോൾ കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് വ്യതിചലിക്കുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്‌ട്ര തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് തങ്ങള്‍ മനസിലാക്കുന്നു. എന്നത്തേക്കാളുമേറെ ഫലവത്തായ കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ നമ്മള്‍ എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടത് നിര്‍ണായകമാണെന്നും ജുനോദ് പറഞ്ഞു.

കാലാസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സംഭാഷണങ്ങള്‍ എളുപ്പം കണ്ടെത്തുന്നതിന് സഹായിക്കുന്ന ടോപ്പിക് ഫീച്ചര്‍ ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രം ഉള്‍പ്പടെ വിശ്വാസയോഗ്യവും ആധികാരികവുമായ വിവരങ്ങള്‍ അതില്‍ ലഭ്യമാണ്. അതേസമയം ട്വിറ്ററില്‍ ഉപഭോക്താക്കള്‍ക്ക് ആഗ്രഹിക്കുന്നതെന്തും പറയാന്‍ സാധിക്കണമെന്ന നിലപാടുള്ള വ്യക്തിയാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ 9.2 ശതമാനം ഓഹരി സ്വന്തമാക്കിയ അദ്ദേഹം ഇപ്പോള്‍ ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. ഈ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ട്വിറ്ററിന്റെ പുതിയ നടപടി.

ട്വിറ്ററിന്റെ പലവിധ ഉള്ളടക്ക നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ട്വിറ്ററിന്റെ സുപ്രധാന സ്ഥാനങ്ങളിലേക്ക് ഇലോണ്‍ മസ്‌ക് വരുന്നത് കമ്പനി ആഗ്രഹിക്കുന്നില്ല. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് പിന്‍മാറ്റം തീരുമാനിച്ചതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌കിന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുന്നതും ദിവസങ്ങള്‍ക്ക് പിന്നാലെ അദ്ദേഹം ട്വിറ്ററിനെ മൊത്തമായും ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തത്. 4300 കോടി ഡോളറാണ് അദ്ദേഹം ട്വിറ്ററിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.