| കെ സഹദേവൻ
കെ-റെയിലുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ കാലാവസ്ഥാ നീതി(climate justice)യും വികസനവുമായി ബന്ധപ്പെട്ട് ഒരു വാദം ഡോ. തോമസ് ഐസക് ഉന്നയിക്കുന്നത് അടുത്തിടെയാണ് കേട്ടത്. വളരെ ആകര്‍ഷകവും വിഭവ വിനിയോഗത്തിലെ അസന്തുലിതത്വത്തെ ചോദ്യം ചെയ്യുന്നതെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്നതുമായ ഈ വാദത്തിലൂടെ യഥാര്‍ത്ഥത്തില്‍ ഡോ. ഐസക് ചെയ്യുന്നത് കെ-റെയിലിന്റെ അനിവാര്യതയെ സംബന്ധിച്ച അദ്ദേഹത്തിന്റെ തന്നെ മുന്‍വാദങ്ങളെ അസാധുവാക്കുകയാണ്.
ഡോ. ഐസക് പറയുന്നത്, കാലാവസ്ഥാ നീതി (climate justice) എന്നൊരു സങ്കല്‍പം നാം വിസ്മരിക്കരുതെന്നും. വികസിത രാജ്യങ്ങളുടെ കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ അഞ്ചും പത്തും മടങ്ങ് കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം മാത്രമേ ഇന്ത്യയടക്കുമുള്ള രാജ്യങ്ങള്‍ നടത്തുന്നുള്ളൂ എന്നുമാണ്. ഓരോ മനുഷ്യര്‍ക്കും പ്രകൃതിയില്‍ തുല്യ അവകാശമുണ്ടെന്നും കണക്കു പറയുമ്പോള്‍ അതത് രാജ്യങ്ങളുടെ ജനസംഖ്യാ കണക്കുകള്‍ കൂടി പരിഗണിക്കണമെന്നും ആണ് അദ്ദേഹത്തിന്റെ വാദം.
കണക്കനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനം 1.9 toe (ton oil equivalent)യും അമേരിക്കയുടേത് 18 toeയും ചൈനയുടേത് 8.3 toeയും ആണ്. അതുകൊണ്ടുതന്നെ അമേരിക്കയ്ക്കും യൂറോപ്പിനും അവകാശപ്പെട്ട കാര്‍ബണ്‍ സ്‌പേസ് ഇന്ത്യയ്ക്കും അവകാശമുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ വാദം.
കാലാവസ്ഥാ വ്യതിയാനത്തെയും കാര്‍ബണ്‍ ഉത്സര്ജ്ജനത്തെയും സംബന്ധിച്ച ആഗോള കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ ഇക്കാര്യം പൂര്‍ണ്ണമായും ശരിയായ കാര്യമാണ്. ആഗോള തലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും കാലാവസ്ഥാ ആക്ടിവിസ്റ്റുകളും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നുമാത്രമല്ല കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം (historical emission) ഏറ്റെടുക്കാന്‍ അമേരിക്ക അടക്കമുള്ള ഗ്ലോബല്‍ നോര്‍ത്ത് രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നതിലും പരിസ്ഥിതി-കാലാവസ്ഥാ പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ട്.
ഗ്ലാസ്‌ഗോവില്‍ ചേര്‍ന്ന COP-26ന്റെ ഗ്രീന്‍ സോണില്‍ നടന്ന മീറ്റുംഗുകള്‍, പ്രതിഷേധ റാലികള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങളില്‍ ഡോ. തോമസ് ഐസക്കിന്റെ വാദങ്ങളോട് പൂര്‍ണ്ണണായും യോജിക്കുമ്പോഴും കെ-റെയില്‍ വിഷയത്തെ കാലാവസ്ഥാ നീതിയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിക്കാണിക്കുവാനുള്ള ഡോ. തോമസ് ഐസക്കിന്റെ ശ്രമം അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നതെങ്ങിനെ എന്ന് നോക്കാം.
കാലാവസ്ഥാ നീതിയും കാര്‍ബണ്‍ സ്‌പേസിനുള്ള രാഷ്ടങ്ങളുടെ തുല്യ അവകാശത്തെയും കുറിച്ച് പറയുമ്പോള്‍ രാഷ്ട്രങ്ങള്‍ക്കകത്തുള്ള ജനസംഖ്യയിലെ അസമാനമായ വിഭവ വിതരണത്തെ മറന്നുകൊണ്ടാണ് ഡോ.ഐസക് സംസാരിക്കുന്നത്.
ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ വിസര്‍ജ്ജനത്തോത് കണക്കാക്കുമ്പോള്‍ മൊത്തം ബഹിര്‍ഗമനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ച് കിട്ടുന്ന കണക്കാണെന്ന് ഓര്‍ക്കുക. അതായത്, മുകേഷ് അംബാനിയും, ഗൗതം അദാനിയും, ശിവ് നടാരും ഒക്കെ അടങ്ങുന്ന ഇന്ത്യയിലെ അതിസമ്പന്നരും ഒഡീഷയിലെയും ഛത്തീസ്ഗഢിലെയും ആദിവാസികളുടെയും പ്രതിശീര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് 1.9 ടണ്‍ ആണ് എന്ന ക്രൂരഫലിതത്തെ നാം മറന്നുപോകുകയാണ്.
തീവണ്ടികളിലെ ഏസി ക്ലാസ്സുകളിലും കാറുകളിലും ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രം താങ്ങാന്‍ കഴിയുന്നതെന്ന് പദ്ധതി രേഖ തന്നെ വ്യക്തമാക്കുന്ന സെമി ഹൈ സ്പീഡ് റെയില്‍ സംവിധാനം എന്ത് കാലാസ്ഥാ നീതിയാണ് ഉറപ്പുനല്‍കുന്നതെന്ന് ഡോ. ഐസക് വിശദീകരിക്കുന്നില്ല.
ഇന്ത്യയുടെ ദരിദ്ര ജനകോടികളുടെ കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലിന്റെ ചെലവില്‍ ആര്‍ഭാട ജീവിതം നയിക്കുന്ന അതിസമ്പന്നര്‍ക്ക് വേണ്ടിയാകരുത് കാലാവസ്ഥാ നീതിയുടെ ഖഡ്ഗം എടുത്തു വീശേണ്ടത് ഡോ. തോമസ് ഐസക്. കേരളത്തിലും ഇന്ത്യയില്‍ പൊതുവിലും വര്‍ദ്ധിച്ചുവരുന്ന വരുമാന അസമത്വ(income inequality)മടക്കമുള്ള വിഷയങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട് വേണം സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ വികസന പദ്ധതികള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുവാന്‍. സാമൂഹ്യ ചയാപചയ വിള്ളലുകളെ സംബന്ധിച്ച (‘irreparable rift in interdependent process of social metabolism) മാര്‍ക്‌സിയന്‍ ബോദ്ധ്യങ്ങളെന്തെന്ന് വിശ്രമകാലത്തെങ്കിലും പഠിക്കാന്‍ ശ്രമിച്ചാല്‍ കാലാവസ്ഥാ നീതിയെ സംബന്ധിച്ച ഇരട്ട മാനദണ്ഡത്തെ തള്ളിക്കളയാന്‍ ഡോ.ഐസക്കിന് സാധിക്കും.



