...
Home News Kerala പാർലമെന്റിലേക്ക് മത്സരിക്കാൻ തയ്യാറാവാതെ കോൺഗ്രസ് നേതാക്കൾ; ഇടതുപക്ഷത്തിന് നൽകുന്ന സന്ദേശം

പാർലമെന്റിലേക്ക് മത്സരിക്കാൻ തയ്യാറാവാതെ കോൺഗ്രസ് നേതാക്കൾ; ഇടതുപക്ഷത്തിന് നൽകുന്ന സന്ദേശം

അടുത്ത നിയമ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും എന്നുള്ള അവരുടെ ആത്മവിശ്വാസം അല്ലേ.? അതിനേക്കാൾ പ്രാധാന്യം എന്നിടത്തേക്കാണ് ചിന്തിക്കേണ്ടത്.യുഡിഎഫ്-ന് ഈ ആത്മവിശ്വാസം എങ്ങിനെ ഉണ്ടായി..?

149

| ജലീൽ കാളിയത്ത്

പാർലമെന്റിലേക്ക് മത്സരിക്കാൻ പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ തയ്യാറാവുന്നില്ല എന്നൊരു വാർത്ത കണ്ടു. അതിനെ ട്രോളാൻ മുന്നിട്ടിറങ്ങുന്നവർ ആദ്യം ചില യാഥാർഥ്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട് എന്ന് തോന്നുന്നു.

കേന്ദ്രത്തിൽ പോയി, ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള സഭകളിൽ പോയി വെറുതെ ഇരിക്കുന്നത് കൊണ്ട് അവർക്ക് എന്ത് ലാഭമാണ് ഉണ്ടാക്കാൻ കഴിയുക എന്ന് അവർ സ്വയം ചിന്തിക്കുന്നു എന്നതാണ് ഒന്നാമത്തെ കാര്യം എന്നത് സമ്മതിക്കാം.

പക്ഷേ, അടുത്ത നിയമ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും എന്നുള്ള അവരുടെ ആത്മവിശ്വാസം അല്ലേ.? അതിനേക്കാൾ പ്രാധാന്യം എന്നിടത്തേക്കാണ് ചിന്തിക്കേണ്ടത്.യുഡിഎഫ്-ന് ഈ ആത്മവിശ്വാസം എങ്ങിനെ ഉണ്ടായി..? എവിടെ നിന്ന് ഉണ്ടായി..? എന്നത് കാര്യമായി ചർച്ച ചെയ്യപ്പെടുമ്പോൾ, ഇന്നത്തെ കേരളത്തിലെ ഭരണം കൂടെ ചർച്ച ചെയ്യപ്പെടേണ്ടി വരും എന്ന കാര്യം പലരും സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്.

ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി, ഘടക കക്ഷികളിലെ ചോട്ടാ നേതാക്കൾ മുതൽ മുതിർന്നവർ വരെ അഴിമതിക്കും അനീതിക്കും വേണ്ടി, ഉദ്യോഗസ്ഥരെ സ്വന്തം സ്വാധീനം ഉപയോഗിച്ച് വരുതിയിലാക്കുന്ന കാഴ്ചകൾ (ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സ്വഭാവമാണ് ഉദ്യോഗസ്ഥർക്ക് എന്നത് വേറെ വിഷയം..) ഇന്ന് കേരളത്തിൽ സർവ്വ സാധാരണം ആയിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർഥ്യം ആണെന്ന് തന്നെ പറയേണ്ടി വരും.

സ്വയം ആലോചിച്ചു നോക്കുക, ഒന്നാം പിണറായി സർക്കാരിനെ പോലെ, അതിലെ മന്ത്രിമാരെ പോലെ, എത്രത്തോളം പൊതുജന സമ്മതരായ മന്ത്രിമാരാണ് ഇപ്പോഴത്തെ മന്ത്രി സഭയിൽ ഉള്ളത്..? ജനങ്ങൾക്ക് വേണ്ടിയാണ്, ജനങ്ങളോടൊപ്പമാണ്, എന്ന് തോന്നുന്ന ഭരണം ഉണ്ടായില്ലെങ്കിൽ, പ്രതിപക്ഷത്ത് ഇരിക്കുന്ന നേതാക്കൾ, എംപി സ്ഥാനം വേണ്ടെന്ന് വെച്ച്, അടുത്ത യുഡിഎഫ് മന്ത്രി സഭയിൽ അംഗമാവുന്നതിന്, എംഎൽഎ സ്ഥാനത്തിന് വേണ്ടി ചരട് വലി നടത്തുന്നത് സ്വാഭാവികം മാത്രമാണ്. കടൽ തിരയിൽ നിൽക്കുമ്പോൾ, കാൽക്കീഴിൽ നിന്ന് മണൽ ഊർന്നുപോവുന്നത് ശ്രദ്ധിക്കണം, അല്ലെങ്കിൽ കാലിടറി വീണു പോകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.