...
Home News Kerala ഇനിയും നാലു വർഷം കൂടി കാത്തിരിക്കാൻ കോൺഗ്രസുകാർക്ക് ക്ഷമയില്ല

ഇനിയും നാലു വർഷം കൂടി കാത്തിരിക്കാൻ കോൺഗ്രസുകാർക്ക് ക്ഷമയില്ല

എസ് എഫ് ഐ ക്കാരെ പുറത്താക്കി ഷട്ടറിട്ട ശേഷം ആരാണ് എം പി ഓഫീസ് അടിച്ചു തകർത്തത്? എസ് എഫ് ഐക്കാർ പോയ ശേഷം ആരാണ് ഗാന്ധിജിയുടെ ചിത്രമടക്കം വലിച്ചെറിഞ്ഞത് ? എസ് എഫ് ഐ ക്കാരില്ലാതിരുന്ന എം പി ഓഫീസിൽ ആരാണ് അക്രമം അഴിച്ചുവിട്ടത്? ഉത്തരം ദൽഹിയിൽ നിന്നും വയനാടൻ ചുരത്തിലൂടെ വരുന്ന കാറ്റിലുണ്ട്

206

| എസ് സുധീപ്

കേരളത്തിലെ ക്രമസമാധാനനില തകരണം എന്ന ഒരേയൊരു അജണ്ട മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. പത്തു കൊല്ലം തുടർച്ചയായി കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിനു പുറത്താകുക എന്നതു കോൺഗ്രസിനു സങ്കല്പിക്കാനാകാത്ത കാര്യമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ രണ്ടക്കം തികയ്ക്കാൻ കഴിയുക എന്നതിനപ്പുറം യാതൊരു പ്രതീക്ഷയും ഒരു കോൺഗ്രസുകാരനുമില്ല.

അല്ലെങ്കിലും കേന്ദ്രത്തിൽ ഭരണം കിട്ടിയിട്ട് സാദാ കോൺഗ്രസുകാരന് ഒരു കാര്യവുമില്ല. കേരള ഭരണം കിട്ടിയാലേ പൊലീസ് സ്റ്റേഷൻ ഭരിക്കാനും പത്രാസ് കാണിക്കാനും കഴിയൂ. അതിനായി ഇനിയും നാലു വർഷം കൂടി കാത്തിരിക്കാൻ കോൺഗ്രസുകാർക്കു ക്ഷമയില്ല. സ്വപ്ന വിവാദം ചീറ്റിപ്പോയി.
അമിതാവേശവും അതിരു കടന്ന പ്രതിഷേധങ്ങളും കോൺഗ്രസിനെ പരിഹാസ്യമാക്കി.
പക്ഷേ രണ്ടാം വിമോചന സമരമെന്ന സ്വപ്നം ഉപേക്ഷിക്കാൻ കോൺഗ്രസിനു കഴിയില്ല. അതാണ് ഏക പ്രതീക്ഷ.

അപ്പോഴാണ് എസ് എഫ് ഐക്കാർ പ്രകടനം നടത്തുന്നതും വയനാട്ടിലെ കോൺഗ്രസ് നേതാവും അമേഥിയിൽ വരെ തോറ്റയാളും വയനാട്ടിലെ എം പിയുമായ രാഹുൽ എന്നയാളുടെ കസേരയിൽ വാഴ വച്ചിട്ടു പോകുന്നതും. ഇതാണ് സംഭവിച്ചത്. സി പി എം നേതാവ് അരുൺ കുമാർ, സംഭവം നടന്ന ഉടനെയുള്ള മാതൃഭൂമി ടി വി യുടെ ലൈവ് വീഡിയോ പങ്കുവച്ച് പറഞ്ഞ കാര്യങ്ങളാണ് യഥാർത്ഥ വസ്തുതകൾ.

എം പിയുടെ ഓഫീസ് മുറിയിൽ ഒരു ഫയൽ പോലും താഴെ വീണിട്ടില്ല. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ട്. രാഹുലിന്റെ ഫോട്ടോയ്ക്കു പോലും ഒരു പോറലില്ല. ഒരു കസേര പോലും നിരതെറ്റിയിട്ടില്ല. ആകെയുള്ള മാറ്റം കസേരയിൽ വാഴയിരിക്കുന്നതാണ്. എസ് എഫ് ഐ ക്കാരെ പുറത്താക്കിയെന്നും ഷട്ടറിട്ടു കഴിഞ്ഞെന്നും ആ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.

എസ് എഫ് ഐ ക്കാരെ പുറത്താക്കി ഷട്ടറിട്ട ശേഷം ആരാണ് എം പി ഓഫീസ് അടിച്ചു തകർത്തത്? എസ് എഫ് ഐക്കാർ പോയ ശേഷം ആരാണ് ഗാന്ധിജിയുടെ ചിത്രമടക്കം വലിച്ചെറിഞ്ഞത് ? എസ് എഫ് ഐ ക്കാരില്ലാതിരുന്ന എം പി ഓഫീസിൽ ആരാണ് അക്രമം അഴിച്ചുവിട്ടത്? ഉത്തരം ദൽഹിയിൽ നിന്നും വയനാടൻ ചുരത്തിലൂടെ വരുന്ന കാറ്റിലുണ്ട്… കെ പി സി സി-ഡി സി സി ഓഫീസുകളിൽ നിന്നും കന്റോൺമെന്റ് ഹൗസിൽ നിന്നും വീശുന്ന കാറ്റിലുണ്ട്. ഒന്നാം വിമോചന സമരകാലത്ത് ശവക്കല്ലറകൾ പണിത നേരത്ത് രക്തസാക്ഷികളെ കിട്ടിയതിൽ ആഹ്ലാദിച്ചവരുടെ ചിരി നിറഞ്ഞ കാറ്റിലുണ്ട്.

വിമോചന സമരക്കാർ അക്രമം അഴിച്ചുവിട്ടു പ്രകോപനം സൃഷ്ടിച്ചതെങ്ങനെയാണെന്ന് വിമോചന സമര നേതാവായിരുന്ന ഫാദർ വടക്കൻ തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്. അങ്കമാലിയിലും വരന്തരപ്പള്ളിയിലും നടന്ന കുഴപ്പങ്ങൾക്ക് ഉത്തരവാദികൾ വിമോചന സമരക്കാരായിരുന്നു. ഫാദർ വടക്കൻ: (എൻ്റെ കുതിപ്പും കിതപ്പും) “അങ്കമാലിയിൽ മദ്യപിച്ചു ബോധംകെട്ടു നൂറുകണക്കിനാളുകൾ പൊലീസ് സ്റ്റേഷനിലേയ്ക്കു തുരുതുരാ കല്ലെറിഞ്ഞപ്പോൾ സഹികെട്ട പൊലീസുകാർ വെടിവച്ചതാണ്. വരന്തരപ്പള്ളിയിൽ വിമോചന സമരക്കാരിൽപ്പെട്ട ചില ചട്ടമ്പികൾ കുടിച്ചു കുന്നുംകായയായി ഒരു കമ്യൂണിസ്റ്റ് ജാഥയെ കടന്നാക്രമിക്കുകയാണുണ്ടായത്. രക്ഷയില്ലെന്നു വന്നപ്പോൾ അവർ കഠാരയെടുത്തു കാച്ചി, ആറേഴുപേർ മരിച്ചു.”

ചരിത്രം ആവർത്തിക്കാനായി കാത്തിരിക്കുന്നവരുണ്ട്. അങ്കമാലിയും വരന്തരപ്പള്ളിയുമൊക്കെ രംഗത്തെത്താൻ കാത്തിരിക്കുകയാണ്. അതിന്റെ മുന്നോടിയാണ് ഇൻഡിഗോ വിമാന നാടകവും വയനാടുമൊക്കെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.