...
Home News National ഗുജറാത്ത് ഭരണം അട്ടിമറിക്കാന്‍ ഗൂഢാലോചന; ആരോപണം തള്ളി ടീസ്റ്റ സെതല്‍വാദ്

ഗുജറാത്ത് ഭരണം അട്ടിമറിക്കാന്‍ ഗൂഢാലോചന; ആരോപണം തള്ളി ടീസ്റ്റ സെതല്‍വാദ്

കലാപക്കേസില്‍ കൃത്രിമ തെളിവുകള്‍ ചമച്ചുവെന്നാരോപിച്ച് മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ആര്‍ബി ശ്രീകുമാറിനൊപ്പം ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദും അറസ്റ്റിലാകുകയായിരുന്നു.

226

2002ൽ നടന്ന ഗുജറാത്ത് കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി ഗൂഢാലോചന നടത്തിയെന്ന് ഗുജറാത്ത് പോലീസ് ആരോപിച്ച കുറ്റങ്ങള്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് നിഷേധിച്ചു. കലാപത്തിന് ശേഷം കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിനൊപ്പം സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റ സെതല്‍വാദെന്ന് ഗുജറാത്ത് പോലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പ്രശസ്തരായ ബിജെപി നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താന്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ടീസ്്റ്റയ്‌ക്കെതിരേ പോലീസ് ചുമത്തിയ കുറ്റം.

കലാപവുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റുള്ളവര്‍ക്കും നല്‍കിയ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവച്ചതിന് തൊട്ടുപിന്നാലെ, കലാപക്കേസില്‍ കൃത്രിമ തെളിവുകള്‍ ചമച്ചുവെന്നാരോപിച്ച് മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ആര്‍ബി ശ്രീകുമാറിനൊപ്പം ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദും അറസ്റ്റിലാകുകയായിരുന്നു.

ഐപിസി 468 (വ്യാജരേഖ ചമയ്ക്കല്‍), 194 (വധശിക്ഷാ കുറ്റത്തിന് ശിക്ഷിക്കപ്പെടുക എന്ന ഉദ്ദേശത്തോടെ തെറ്റായ തെളിവുകള്‍ നല്‍കുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് കേസെടുത്തത്. ടീസ്റ്റ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അഹമ്മദബാദ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഹർജിയിലെ വാദത്തിനിടെ പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ടീസ്റ്റ നിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണവും സത്യവാങ്മൂലം തിരുത്തിയെന്നതും സെതല്‍വാദ് നിഷേധിച്ചു. അഹമ്മദാബാദ് കോടതിയിൽ ഈ മാസം 20ന് വാദം പുനരാരംഭിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.