...
Home News National ബിപിൻ റാവത്ത് എന്ന വിവാദങ്ങളുടെ തോഴൻ

ബിപിൻ റാവത്ത് എന്ന വിവാദങ്ങളുടെ തോഴൻ

ഒരു കാശ്മീരി യുവാവിനെ ബോണറ്റിൽക്കെട്ടി മണിക്കൂറുകൾ ജീപ്പോടിച്ച മേജർ ലിതുൽ ഗൊഗോയിയെ മെഡൽ നൽകി ആദരിക്കാനും റാവത്ത് മറന്നില്ല.

683

രാജ്യത്തിന്റെ സൈനിക മേധാവിയായിരിക്കുമ്പോഴും രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പെടെ തന്റെ വ്യക്തമായ അഭിപ്രായം തുറന്നുപറയുന്ന വിവാദങ്ങളുടെ കളിത്തോഴനായിരുന്നു ജനറൽ ബിപിൻ റാവത്ത്. പിന്നീട്, രാജ്യ ചരിത്രത്തിൽ ആദ്യമായി പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിതനാവുന്നത് പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനിടയിലായിരുന്നു.

റാവത്ത് ഇന്ത്യൻ കരസേനയുടെ മേധാവിയായതും സീനിയോറിറ്റി മറികടന്നായിരുന്നു. രാജ്യ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയം അനുകൂലമായി പറയാൻ സൈനികവേഷത്തിലും റാവത്ത് മടികാണിക്കാറില്ല എന്നത് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവി എന്ന പദവിയിലും എത്തിച്ചു.

ഇന്ത്യൻ സംയുക്ത സേനാമേധാവിയാവുന്നതിന് ദിവസങ്ങൾക്കുമുമ്പ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കെതിരേ റാവത്ത് തുറന്നടിച്ചു. കേന്ദ്രത്തിനെതിരായ പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ പേരിലായിരുന്നുഈ അസാധാരണ രാഷ്ട്രീയാഭിപ്രായം.

സ്വന്തം രാജ്യത്തെ ജനങ്ങളെ തെറ്റായ വഴികളിലേക്കും തീവെപ്പിലേക്കും നയിക്കുന്നവരല്ല, നേർവഴിക്ക് നയിക്കേണ്ടവരാകണം നേതാക്കളെന്നായിരുന്നു പരാമർശം. രാജ്യത്തിന്റെ കരസേനാമേധാവി രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നാരോപിച്ച് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആ സമയം ശബ്ദം ഉയർത്തിയിരുന്നു.

അതിനു ശേഷം കശ്മീരിൽ പ്രക്ഷോഭം നടക്കുന്നതിനിടെ സൈനിക വാഹനത്തിനുമുന്നിൽ യുവാവിനെ കെട്ടി മനുഷ്യകവചമാക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു. ‘‘ജനം കല്ലും പെട്രോൾ ബോംബും എറിയുമ്പോൾ സൈനികരോട് കാത്തിരിക്കൂ, മരിക്കൂ, നിങ്ങൾക്ക് പുതിയ ശവപ്പെട്ടിയും ദേശീയ പതാകയും കൊണ്ടുവരാം എന്നുപറയണോ ’’ എന്നായിരുന്നു റാവത്തിന്റെ ചോദ്യം. ഒരു കാശ്മീരി യുവാവിനെ ബോണറ്റിൽക്കെട്ടി മണിക്കൂറുകൾ ജീപ്പോടിച്ച മേജർ ലിതുൽ ഗൊഗോയിയെ മെഡൽ നൽകി ആദരിക്കാനും റാവത്ത് മറന്നില്ല.

അതേപോലെ തന്നെ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുസ്‌ലിങ്ങൾ കൂടുന്നു എന്ന റിപ്പോർട്ട് വന്നപ്പോൾ റാവത്ത് പ്രതികരിച്ചതിങ്ങനെ: ‘‘ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശ് മനഃപൂർവം അഭയാർഥികളെ കടത്തിവിടുന്നു. ചൈനയുടെ പിന്തുണയോടെയുള്ള പാകിസ്താന്റെ ഒളിയുദ്ധമാണിത്.’’

മറ്റൊരു വിവാദം സ്ത്രീകളെ രാജ്യത്തിന്റെ യുദ്ധമുന്നണിയിൽ വേണ്ടെന്ന അഭിപ്രായമായിരുന്നു. സ്ത്രീകൾക്ക് പരിമിതികളുണ്ടെന്നും അവരെ ആരെങ്കിലും ഒളിഞ്ഞു നോക്കിയാലോയെന്നും ആറുമാസം അവധി നൽകാനാവില്ലെന്നുമൊക്കെയായിരുന്നു ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ വിചിത്ര മറുപടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.