...
Home News Kerala മുഖം നോക്കാതെ വിമർശിക്കുക എന്നാൽ മുഖത്ത് ചളിവാരിത്തേക്കുക എന്നതല്ല

മുഖം നോക്കാതെ വിമർശിക്കുക എന്നാൽ മുഖത്ത് ചളിവാരിത്തേക്കുക എന്നതല്ല

ഭൂരിപക്ഷ - ന്യൂനപക്ഷ ഭേദമെന്യേ വർഗീയതയോട് ജീവിതത്തിലുടനീളം സമരം പ്രഖ്യാപിക്കുകയും നിർഭയം സംസാരിക്കുകയും ചെയ്ത ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരിൽ അപൂർവ്വരിലൊരാളാണ് കാരശ്ശേരി മാഷ്.

572

| ശ്രീചിത്രൻ എംജെ

കാരശ്ശേരി മാഷ് സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ പരിഹസിച്ചപ്പോൾ എണ്ണമിട്ട് ചരിത്രത്തെ മുൻനിർത്തി ആദ്യം മറുപടി പറയുകയും മാഷ് പറഞ്ഞത് തെറ്റാണ് എന്നു തെളിവുകളെ മുൻനിർത്തി വീഡിയോ ചെയ്യുകയും ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ അതിനർത്ഥം എം എൻ കാരശ്ശേരി ആരെന്നുമെന്തെന്നും ഞാനറിയുന്നീല എന്നല്ല. ഭൂരിപക്ഷ – ന്യൂനപക്ഷ ഭേദമെന്യേ വർഗീയതയോട് ജീവിതത്തിലുടനീളം സമരം പ്രഖ്യാപിക്കുകയും നിർഭയം സംസാരിക്കുകയും ചെയ്ത ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരിൽ അപൂർവ്വരിലൊരാളാണ് കാരശ്ശേരി മാഷ്.

മതേതരവും ഗാന്ധിയൻ മൂല്യങ്ങളിലധിഷ്ഠിതമായ അദ്ദേഹത്തിൻ്റെ നൈതികബോധവും സഹജമായ നർമ്മബോധവും വക്കം അബ്ദുൾ ഖാദർ മുതലിങ്ങോട്ട് അനേകരിൽ കാണുന്ന ആർജ്ജവവും ഞാനദ്ദേഹത്തിൽ പലപ്പോഴും കണ്ടിട്ടുണ്ട്. എൻ്റെ ഗുരുനാഥൻമാരുടെ ഗുരുനാഥനാണദ്ദേഹം. എന്നാലിതൊന്നും തന്നെ, ‘രാഷ്ട്രീയമായി ഞാൻ വിയോജിക്കുന്നു.’ എന്ന് പറയേണ്ടപ്പോൾ പറയാൻ എന്നെ തടുത്തിട്ടില്ല. വിയോജിപ്പുകൾ തത്വാധിഷ്ഠിതമാണെന്നും വ്യക്തിപരമല്ലെന്നും പറഞ്ഞറിയിക്കേണ്ട കാര്യം പോലും അദ്ദേഹത്തോടില്ല .

പറഞ്ഞുവന്നതെന്തെന്നാൽ – ആരെയും വിമർശിക്കാം. ക്രിട്ടിക്കൽ തിങ്കിങ്ങ് നമ്മുടെ ഒത്തുതീർപ്പില്ലാത്ത നിലപാടുമായിരിക്കണം. പക്ഷേ അതോടൊപ്പം ആരെയാണ് വിമർശിക്കുന്നതെന്നും അദ്ദേഹം ചെയ്തതെന്തെന്നും അറിയുന്നതിൽ തെറ്റില്ല. മുഖം നോക്കാതെ വിമർശിക്കുക എന്നാൽ മുഖത്ത് ചളിവാരിത്തേക്കുക എന്നതല്ല.

അറിയാം, പ്രായോഗിക രാഷ്ട്രീയത്തിൻ്റെ ഭാഗമായി പലതും പറയേണ്ടി വരും. പക്ഷേ കമ്യൂണിസ്റ്റ് മൊറാലിറ്റി എന്നും ഒരു പാഠമുണ്ട്. മൂല്യബോധത്തോട് മൂല്യബോധത്തോടെ കലഹിക്കണം. അല്ലെങ്കിൽ കാതലുള്ള ജീവിതങ്ങളെ അറിയാതെ പോകും. നിങ്ങൾ എന്നോട് യോജിക്കണമെന്നില്ല. ഇടക്ക് നമുക്കും വിയോജിക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.