...
Home Entertainments ജൂനിയർ എൻ ടി ആറിന്റെ കട്ട് ഔട്ടിൽ പാലാഭിഷേകത്തിനൊപ്പം രക്താഭിഷേകവും

ജൂനിയർ എൻ ടി ആറിന്റെ കട്ട് ഔട്ടിൽ പാലാഭിഷേകത്തിനൊപ്പം രക്താഭിഷേകവും

ദേവരയിലെ ജൂനിയർ എൻടിആറിന്റെ ക്യാരക്ടർ പോസ്റ്ററിലാണ് ആരാധകർ രക്താഭിഷേകം നടത്തുന്നത്. 50 അടിയുള്ള കട്ട് ഔട്ടിൽ രൂക്ഷ ഭാവത്തോടെ കയ്യിൽ കത്തിയും പിടിച്ചാണ് എൻ ടി ആർ നിൽക്കുന്നത്.

262

ജൂനിയർ എൻ ടി ആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദേവര’. സെപ്റ്റംബർ 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനിരിക്കെ ആരാധകർക്കിടയിൽ ആവേശം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജൂനിയർ എൻ ടി ആറിന്റെ 50 അടി കട്ട് ഔട്ടിൽ ആരാധകർ രക്താഭിഷേകവും പാലഭിഷേകവും നടത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദേവരയിലെ ജൂനിയർ എൻടിആറിന്റെ ക്യാരക്ടർ പോസ്റ്ററിലാണ് ആരാധകർ രക്താഭിഷേകം നടത്തുന്നത്. 50 അടിയുള്ള കട്ട് ഔട്ടിൽ രൂക്ഷ ഭാവത്തോടെ കയ്യിൽ കത്തിയും പിടിച്ചാണ് എൻ ടി ആർ നിൽക്കുന്നത്. പൂമാലയും പാലാഭിഷേകവും രക്താഭിഷേകവും നടത്തി ആരാധകർ നടനോടുള്ള ആരാധന പ്രകടമാക്കുമ്പോൾ ഇത് മൊബൈൽ ഫോണിൽ പകർത്താൻ നിരവധി പേർ ചുറ്റും കൂടി നിൽക്കുന്നതും വീഡിയോയിൽ കാണാം. ഇതൊക്കെ കുറച്ച് ഓവർ അല്ലേ എന്നാണ് വീഡിയോയുടെ താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.

അതേസമയം, ഹൈദരാബാദിൽ നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ചടങ്ങ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ജൂനിയർ എൻടിആർ ഉൾപ്പടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്. എന്നാൽ വേദിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഇതേതുടർന്ന് പരിപാടി റദ്ദാക്കുകയും മുഖ്യാതിഥിയായിരുന്ന സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് മടങ്ങുകയുമുണ്ടായി. പിന്നാലെയാണ് എൻടിആർ ആരാധകർ അക്രമാസക്തരാവുകയും വേദിയിലെ കസേരകളും മറ്റുമൊക്കെ അടിച്ചുതകർക്കുകയും ചെയ്തത്.

ജൂനിയർ എൻ ടി ആറിനുമൊപ്പം ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ദേവര. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.