| ശ്രീജ നെയ്യാറ്റിൻകര
പി സി ജോർജ്ജെന്ന അപകടകാരിയായ വർഗീയ വിഷത്തെ കുറിച്ച് തന്നെയാണ് പറയാനുള്ളത് . കേരളത്തിൽ പി സി ജോർജ്ജ് വീണ്ടും മുസ്ലീം സമുദായത്തിന്റെ മേൽ കൊടും വർഗീയ വിഷം ചീറ്റിയിരിക്കുകയാണ് . നിമിഷം പ്രതിയെന്നോണം അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമുദായത്തിന്റെ മേൽ പി സി ജോർജ്ജ് കാണിച്ച ഈ അക്രമം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മതേതരത്വത്തെ പ്രണയിക്കുന്ന ഒരാൾക്കും പൊറുക്കാവുന്നതല്ല .
എത്രമാത്രം ദയാരഹിതമായാണയാൾ മുസ്ലീം സമൂഹത്തോട് പെരുമാറിയിരിക്കുന്നത് . എത്രമാത്രം സ്നേഹ ശൂന്യതയോടെയാണയാൾ മുസ്ലീം സമൂഹത്തെ സമീപിച്ചിരിക്കുന്നത്. സാഹോദര്യമെന്ന രാഷ്ട്രീയ ദർശനത്തെ എത്ര നിസാരമായാണയാൾ കുടഞ്ഞെറിഞ്ഞിരിക്കുന്നത്. ലൂലു മാളിനോട് രാഷ്ട്രീയമായി വിയോജിപ്പുകൾ ഏറെയുണ്ട് . മുസ്ലീം വംശഹത്യയുടെ ചോരക്കറ പുരണ്ട കൈകളുമായി ഭരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി പ്രാർത്ഥിക്കുന്ന ലൂലുവിന്റെ ഉടമ യൂസഫലിയോട് യാതൊരു രാഷ്ട്രീയ മമതയുമില്ല താനും .
എന്നാൽ ആ മനുഷ്യന്റെ മുസ്ലീം സ്വത്വത്തിന് നേരെ ആരെങ്കിലും ആക്രമണം നടത്തിയാൽ വൻകിട മാളുകളോടുള്ള രാഷ്ട്രീയ വിയോജിപ്പ് നില നിർത്തി കൊണ്ടു തന്നെ നരേന്ദ്ര മോദിക്കായി പ്രാർത്ഥിച്ച യൂസഫലിയോടുള്ള എതിർപ്പ് നിലനിർത്തിക്കൊണ്ടുതന്നെ യൂസഫലിക്കൊപ്പം എന്ന് പറയാൻ എനിക്ക് യാതൊരു മടിയുമില്ല .
നിസംശയം പറയുന്നു വർഗീയ വിഷം ചീറ്റിയ പി സി ജോർജ്ജിനൊപ്പമല്ല മുസ്ലീം സമുദായത്തെ അടിക്കാൻ പി സി ജോർജ്ജ് ആയുധമാക്കിയ യൂസഫലിക്കൊപ്പമാണ് . ലൂലു മാളിൽ നിന്ന് ഒരു സേഫ്റ്റി പിൻ പോലും ഇതുവരെ വാങ്ങിയിട്ടില്ല എറണാകുളത്തോ തൊട്ടടുത്ത തിരുവനന്തപുരത്തോ ഉള്ള ലൂലു മാളുകളിൽ ഇതുവരെ കയറിച്ചെന്നിട്ടില്ല . ഒരു കൗതുകവും വൻകിട മാളുകളോട് ഇന്നേവരെ തോന്നിയിട്ടുമില്ല . എന്നാൽ ചില രാഷ്ട്രീയ നിലപാടുകൾ അതിനേക്കാൾ പ്രധാന്യമുള്ള മറ്റു ചില രാഷ്ട്രീയ നിലപാടുകൾക്ക് വേണ്ടി കൊമ്പ്രമൈസ് ചെയ്യേണ്ടി വരും അതുകൊണ്ടു തന്നെ ഒരു തവണയെങ്കിലും ലുലു മാളിൽ പോകും. പൊറോട്ടയും ബീഫും വാങ്ങി കഴിക്കും . അവിടത്തെ പുസ്തക ശാലയിൽ നിന്ന് ഏതെങ്കിലുമൊരു പുസ്തകവും വാങ്ങും.
ലുലുവിലൂടെ പി സി ജോർജ്ജ് മുസ്ലീങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തേക്കാൾ എനിക്കേറെ അപകടകരമായി തോന്നിയത് മുസ്ലീങ്ങൾ നടത്തുന്ന ഭക്ഷണ ശാലകളിൽ വന്ധ്യകരണത്തിനുള്ള മരുന്ന് ഫില്ലറിലൂടെ തുള്ളികളായി ഭക്ഷണ സാധനങ്ങളിൽ ചേർക്കുന്നു എന്ന പെരും നുണയാണ് . ഇതിനെ ഒരു നുണയായി മാത്രം ചർച്ച ചെയ്ത് കളയാൻ കഴിയില്ല കാരണം അയാൾ ആ നുണയിലൂടെ കൺവേ ചെയ്യുന്നൊരു രാഷ്ട്രീയമുണ്ട്. അത് വംശഹത്യയുടെ രാഷ്ട്രീയമാണ് . മുസ്ലീം ജനവിഭാഗത്തെ എന്ത് കൊണ്ട് വംശഹത്യ ചെയ്യണം എന്നതിന്റെ ഉത്തരമാണ് പി സി ജോർജ്ജ് പറഞ്ഞത് മുസ്ലീങ്ങളല്ലാത്ത ജനവിഭാഗങ്ങളുടെ ജനസംഖ്യാ നിരക്ക് കുറയ്ക്കാൻ ശ്രമിക്കുന്ന മുസ്ലീങ്ങളെ വംശഹത്യ ചെയ്യണം എന്നാണയാൾ പറഞ്ഞതിന്റെ രത്നച്ചുരുക്കം .
ലോകത്തെവിടെ വംശഹത്യകൾ നടന്നിട്ടുണ്ടോ അവിടെയെല്ലാം വംശഹത്യയ്ക്കിരയാകുന്ന വിഭാഗത്തിന് നേരെ ഈ ജനസംഖ്യ ‘ആകുലത’കൾ വേട്ടക്കാർ ഉയർത്തി വിട്ടിട്ടുണ്ട് . യൂസഫലിയുടെ ലുലു മാളിനെതിരെ പി സി ജോർജ്ജ് ഉയർത്തിയ വംശീയ വിദ്വേഷം ചർച്ചയാക്കുന്ന പലരും അതിനേക്കാൾ അപകടകരമായ ഈ വിഷയത്തെ അഡ്രസ് ചെയ്ത് കാണുന്നില്ല . പി സി ജോർജ്ജ് എന്നാൽ സ്ത്രീ വിരുദ്ധത, ദലിത് വിരുദ്ധത, മുസ്ലീം വിരുദ്ധത ഇതൊക്കെ ഒന്നിച്ചു കായ്ക്കുന്ന ഒരു വിഷ മരമാണ് . ആ മരത്തിൽ കായ്ക്കുന്ന വിഷക്കനികൾ സമൂഹത്തിൽ അത്യന്തം അപകടം ഉണ്ടാക്കും .
ചുരുക്കി പറഞ്ഞാൽ കെ പി ശശികല ഉണ്ടാക്കുന്ന അപകടത്തേക്കാൾ വലിയ അപകടം . കാരണം ഒരു കാലഘട്ടം വരെ പി സി ജോർജ്ജ് സാധാരണ ജനങ്ങൾക്ക് മതേതരനായിരുന്നു . ( ഇപ്പോഴും അയാളെ മതേതര പക്ഷത്ത് നിർത്തിയിരിക്കുന്ന ഒരു ജനസഞ്ചയമുണ്ടിവിടെ ) ദീർഘകാലം കേരള നിയമസഭയിൽ അംഗമായിരുന്ന ജനപ്രതിനിധി . ഒരു വേള പൊതുബോധം എക്കാലവും തീവ്രവാദികളായി മുദ്രകുത്തി അകറ്റി നിർത്തിയിരുന്ന എസ് ഡി പി ഐ യുമായി പരസ്യ സഖ്യത്തിലേർപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് . അങ്ങനെയൊരാൾ മുസ്ലീം ജനതയ്ക്ക് നേരെ ഇങ്ങനെ വിഷം ചീറ്റുമ്പോൾ അതുണ്ടാക്കുന്ന അപകടം ചെറുതല്ല .
ഹിന്ദു – ക്രിസ്ത്യൻ ജനസംഖ്യാ നിരക്ക് കുറയ്ക്കാൻ മുസ്ലീങ്ങൾ പ്രയത്നിക്കുന്നു എന്ന് ശശികല പറയുന്നത് പോലല്ല പി സി ജോർജ്ജ് പറയുമ്പോൾ സമൂഹം അതിനെ നോക്കിക്കാണുന്നത്. അയാൾ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടെന്ന് വിശ്വസിക്കുന്ന വലിയ ആൾക്കൂട്ടമുണ്ടീ കേരളത്തിൽ . അതുകൊണ്ടുതന്നെ പി സി ജോർജ്ജിനെ നിലയ്ക്ക് നിർത്താൻ കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് കഴിയണം .
2021 ഏപ്രിൽ 11 ന് അതായത് കൃത്യം ഒരു വർഷം മുൻപ് ഞാൻ പി സി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി സഖാവ് പിണറായി വിജയനും പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. അന്ന് തൊടുപുഴയിൽ വച്ച് പി സി ജോർജ്ജ് നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു എന്റെ പരാതി . എൽ ഡി എഫും യു ഡി എഫും ചേർന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം എന്നുമായിരുന്നു അന്നയാൾ പ്രസംഗിച്ചത് .
തീർന്നില്ല സുപ്രീം കോടതി ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞു എന്നാൽ ലവ് ജിഹാദ് ഉണ്ടെന്നും ഈ പോക്കവസാനിപ്പിക്കാൻ ഒരു മാർഗമേയുള്ളൂ മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം അല്ലാതെ രക്ഷപ്പെടില്ലെന്നും പി സി ജോർജ്ജ് പ്രസംഗിച്ചു . പ്രസ്തുത പ്രസംഗം നടത്തിയ പി സി ജോർജ്ജിനെതിരെ ഞാൻ നൽകിയ പരാതിയിന്മേൽ ഒരു വർഷം പിന്നിട്ടിട്ടും നടപടിയില്ല. വീണ്ടും പി സി ജോർജ്ജ് മുസ്ലീം വിഭാഗത്തിന് നേരെ വംശീയ വിദ്വേഷം പ്രചരിപ്പിക്കുമ്പോൾ ആർക്ക് മുന്നിലാണ് പരാതിയുമായി ചെല്ലേണ്ടത്? മുസ്ലീം യൂത്ത് ലീഗ് ആഭ്യന്തര മന്ത്രിക്കും ഡി ജി പി യ്ക്കും പരാതി നൽകിയതായി അറിയുന്നു വളരെ നല്ല കാര്യം. എന്ത് നടപടിയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ആ പരാതിയിന്മേൽ സ്വീകരിക്കുക?
പി സി ജോർജ്ജിന്റെ ഈ വംശീയ വെറിക്കെതിരെ നിശബ്ദത പാലിക്കുന്ന കപട മതേതര വാദികളോടാണ്, നിങ്ങളാണ് വംശഹത്യ വീരന്മാരുടെ ഇന്ധനം. നിങ്ങളിൽ നിന്നാണ് ഫാസിസം ഇന്ത്യൻ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ധൈര്യം സംഭരിക്കുന്നത് . പ്രിയപ്പെട്ട മുസ്ലീം സമുദായമേ നിരുപാധികം നിങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നു. സാധ്യമാകുന്ന സന്ദർഭങ്ങളിലൊക്കേയും ഞാനും എന്റെ അമ്മയും മകളും നിങ്ങളുടെ ഭക്ഷണ ശാലകളിൽ നിന്ന് ഭക്ഷണം കഴിക്കും നിങ്ങളോട് ഭയമോ വെറുപ്പോ വച്ചു പുലർത്തില്ല.



