...
Home News Kerala അസ്മിയയുടെ മരണം; കേരളത്തിലെ മത സംഘടനകൾ ഇത് വരെ വല്ലതും മിണ്ടിയിട്ടുണ്ടോ?

അസ്മിയയുടെ മരണം; കേരളത്തിലെ മത സംഘടനകൾ ഇത് വരെ വല്ലതും മിണ്ടിയിട്ടുണ്ടോ?

അസ്മിയ മരണപ്പെട്ടിരിക്കുന്നത് ഒരു മതസ്ഥാപനത്തിൽ വെച്ചാണ്. കുറച്ച് കൂടി വ്യക്തമായി പറഞാൽ ഒരു മുസ്‌ലിം മത സ്ഥാപനത്തിൽ വെച്ച്. ആരോപണങ്ങൾ ചെന്ന് നിൽക്കുന്നത് സ്ഥാപന അധികാരികൾക്ക് നേരെയും.

237

| എമ്മെസ് ഷൈജു

തിരുവനന്തപുരത്ത് ഒരു 17 കാരി മരണപ്പെട്ടിട്ടുണ്ട്. അസ്മിയ എന്നാണ് പേര്. ഒരു ബോർഡിംഗ് സ്ഥാപനത്തിൽ നിന്ന് പഠിക്കുകയായിരുന്നു. സ്ഥാപനത്തിലെ അധികൃതരിൽ നിന്നും തനിക്ക് വലിയ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നുവെന്നും എത്രയും പെട്ടെന്ന് ഇവിടെ നിന്ന് തന്നെ കൊണ്ട് പോകണമെന്നും അവൾ മാതാവിനെ വിളിച്ച് കരഞ്ഞ് പറഞ്ഞു.

മാതാവും ബന്ധുക്കളും അവിടെയെത്തുമ്പോൾ കാത്തിരിക്കാനും മകൾ കുളിക്കുകയാണ് എന്നുമുള്ള മറുപടിയാണ് അവർക്ക് കിട്ടുന്നത്. സാഹചര്യങ്ങൾ അസ്വാഭാവികമായി തോന്നിയ അവർ ബലമായി ഉള്ളിൽ കടന്ന് നോക്കുമ്പോൾ കാണുന്നത്, മകൾ ലൈബ്രറിയിൽ തൂങ്ങി മരിച്ച നിലയിലുള്ള കാഴ്ചയാണ്. മകൾ കൊല ചെയ്യപ്പെട്ടതാണ് എന്ന് അവർ ആവർത്തിച്ച് കൊണ്ടിരിക്കുന്നു. ഇത്രയും പറഞ്ഞത് വസ്തുതകളും വിവരങ്ങളുമാണ്.

ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് രോഷവും പ്രതികരണ ബോധവുമുണ്ടാകുന്നുവെങ്കിൽ അത് സ്വാഭാവികമായ പൗര ബോധത്തിൽ നിന്നും നീതിബോധത്തിൽ നിന്നുമുണ്ടാകുന്നതാണ്. കാരണം പ്രഥമ ദൃഷ്ട്യാ ആ മരണത്തിൽ മാനേജ്മെൻ്റിന് പങ്കുണ്ട്. ഇതിനർത്ഥം അവർ ആ കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്ന് ആരോപിക്കലല്ല. അങ്ങനെയാണോ അല്ലയോ എന്ന് അന്വേഷണം നടന്ന് സ്ഥിരീകരിക്കേണ്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ സംവിധാനങ്ങളുൾപ്പെടെയുള്ള ഏത് മാനേജ്മെൻ്റുകളോടും നമ്മുടെ വികാരം ഒന്ന് തന്നെയായിരിക്കും.

അസ്മിയ മരണപ്പെട്ടിരിക്കുന്നത് ഒരു മതസ്ഥാപനത്തിൽ വെച്ചാണ്. കുറച്ച് കൂടി വ്യക്തമായി പറഞാൽ ഒരു മുസ്‌ലിം മത സ്ഥാപനത്തിൽ വെച്ച്. ആരോപണങ്ങൾ ചെന്ന് നിൽക്കുന്നത് സ്ഥാപന അധികാരികൾക്ക് നേരെയും. സമാന സംഭവങ്ങളിൽ നീതിക്ക് വേണ്ടി അതിശക്തമായി ശബ്ദമുയർത്തിയിരുന്ന ഇവിടുത്തെ മത സംഘടനകൾക്ക് ഇതിൽ ഒരഭിപ്രായവും പറയാൻ തോന്നുന്നില്ലേ?

അസ്മിയയുടെ മരണത്തെക്കുറിച്ച് കേരളത്തിലെ മത സംഘടനകൾ ഇത് വരെ വല്ലതും മിണ്ടിയിട്ടുണ്ടോ എന്നറിയില്ല. ഇത് വരെ ഒന്നും എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇനി ഞാൻ കാണാത്തതാണോ എന്നറിയില്ല. അവളുടെ മരണത്തിൽ ഒരസ്വഭാവിതയും അവർക്കാർക്കും തോന്നിയിട്ടില്ലേ? ആ ഉമ്മക്ക് ഒപ്പം നിൽക്കാൻ അവർക്ക് തോന്നുന്നില്ലേ? അവളുടെ മരണത്തിൻ്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണക്കാരെ കണ്ടെത്തേണ്ടത് ഒരാവശ്യമായി ആർക്കും തോന്നുന്നില്ലേ? അവരുടെ വിദ്യാർത്ഥി സംഘടനകൾക്ക് എന്തേ ഒരു മൗനം?

ഇനി ഇതിനോടൊന്നും ഒരു ബന്ധവുമില്ലാത്ത ഒരു കാര്യം പറയാം. പണ്ടൊരിക്കൽ ശിഷ്യന്മാരിലൊരാൾ അവരുടെ ആചാര്യനോട് ചോദിച്ചു. എന്താണ് ഗുരോ വർഗീയത? ആചാര്യൻ മറുപടി പറഞ്ഞു. “സ്വന്തം ആളുകളെ അന്യായത്തിൽ പിന്തുണക്കലാണ് വർഗീയത” ആ ആചാര്യൻ്റെ പേര് മുഹമ്മദ് നബിയെന്നാണ് അദ്ദേഹത്തിൻ്റെ ചരിത്രം പറയുന്ന ഗ്രന്ഥങ്ങളിൽ എഴുതിക്കാണുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.