...
Home News National ഡീപ് ഫേക്ക് രാജ്യത്തിന് തലവേദന; കടിഞ്ഞാണിടാൻ കേന്ദ്രം

ഡീപ് ഫേക്ക് രാജ്യത്തിന് തലവേദന; കടിഞ്ഞാണിടാൻ കേന്ദ്രം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായുള്ള സുപ്രധാന യോഗത്തിന് ശേഷമാണ് തീരുമാനം.

203

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ഡീപ് ഫേക്ക്. ഡീപ്ഫേക്കുകൾ ഇന്റർനെറ്റിൽ വളരെക്കാലമായി പ്രചരിക്കുന്നുണ്ടെങ്കിലും തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വിവാദമായതോടെയാണ് വിഷയം ശ്രദ്ധയാകർഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതിന് കടിഞ്ഞാൺ ഇടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

ഡീപ് ഫേക്ക് ഉപയോഗത്തിന്റെ പ്രതിരോധം, വ്യാപനം എന്നിവ തടയാൻ വിശദമായ മാർഗനിർദേശങ്ങളും നിയമവും കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ പറയുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായുള്ള സുപ്രധാന യോഗത്തിന് ശേഷമാണ് തീരുമാനം. ഡീപ് ഫേക്കുകളുടെ തെറ്റായ ഉപയോഗത്തിൽ എത്രയും വേഗം നിയന്ത്രണം കൊണ്ടുവരാനും കുറച്ച് സമയത്തിനുള്ളിൽ കരട് തയ്യാറാക്കുമെന്നും അറിയിച്ചു. ജനാധിപത്യത്തിന് പുതിയ ഭീഷണിയായി ഡീപ്ഫേക്കുകൾ ഉയർന്നുവന്നിരിക്കുന്നുവെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.

നാല് പ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ഡീപ് ഫേക്കുകൾ എങ്ങനെ കണ്ടെത്താം എന്നതാണ് അതിൽ പ്രധാനം. ഡീപ്ഫേക്കുകൾ പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ആളുകളെ എങ്ങനെ തടയാം, അത്തരം ഉള്ളടക്കം വൈറലാകുന്നത് തടയാൻ എന്ത് ചെയ്യാം, ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ടിങ് സംവിധാനം എങ്ങനെ വിപുലീകരിക്കാം, എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്.

ഒരു റിപ്പോർട്ടിങ് സംവിധാനം വിപുലീകരിച്ചാൽ ഏതെങ്കിലും ആപ്പിലെയോ വെബ്‌സൈറ്റിലെയോ ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിനെയും അധികാരികളെയും ഡീപ്ഫേക്കിനെക്കുറിച്ച് അറിയിക്കാൻ സാധിക്കും. അതുവഴി നടപടികൾ ഊർജ്ജിതമാക്കാമെന്നാണ് അധികൃതർ കരുതുന്നത്.

നേരത്തെ ഡീപ് ഫേക്ക് സംബന്ധിച്ച വിഷയങ്ങൾ ആശങ്കയുണർത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി സെലിബ്രറ്റികളും അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ ബോളിവുഡ് നടി കത്രീന കൈഫിന്റെയും സമാനമായ വീഡിയോ പുറത്ത് വന്നിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.