| അഭിമുഖം : ലിയോണ ലിഷോയ്/ ശ്യാം സോർബ
മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കലാകാരിയാണ് ലിയോണ ലിഷോയ്. തന്റെ ഏറ്റവും പുതിയ സിനിമയായ കനകരാജ്യത്തെ പറ്റിയും സിനിമ ജീവിതത്തെ പറ്റിയും ലിയോണ പ്രേക്ഷകരുമായി പങ്കുവെക്കുന്നു.
?: “കനകരാജ്യം” റിലീസ് ചെയ്തതിൽ ആദ്യമേ അഭിനന്ദനങ്ങൾ. സിനിമയിലെ റോളിനെ കുറിച്ചും ഈ പ്രോജെക്ടിലേക്ക് നിങ്ങളെ ആകർഷിച്ചതിനെ കുറിച്ചും പങ്കുവെക്കാമോ?
: നന്ദി, കനകരാജ്യം ഞങ്ങൾ 2022 ൽ ചെയ്ത ഒരു സിനിമയാണ്. അതിലെ കഥാപാത്രത്തിന്റെ പേര് ദേവു എന്നാണ്. വീട് മാത്രമാണ് ലോകം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു സ്ത്രീയാണ്. ദേവു ഒരു ഭാര്യയും അമ്മയും മകളും ഒക്കെയാണ്. പലർക്കും വളരെ നന്നായി ബന്ധപ്പെടുത്താൻ പറ്റുന്ന ഒരു കഥാപാത്രമാണ് ദേവു എന്നത്. പല വീടുകളിലും കാണുന്ന അമ്മമാരെ പോലെ ഒരു സ്ത്രീ ആണ് ദേവു.

ഈ അടുത്ത കാലത്തായി സിനിമകളിൽ കാണാത്ത ഒരു കഥാപാത്രം കൂടിയാണ് ഇത് എന്ന് എനിക്ക് തോന്നുന്നു. വീട്ടിലുള്ള ചെറിയ കാര്യങ്ങൾക്കും, അല്ലെങ്കിൽ വീട്ടിലെ എല്ലാ സമ്മർദ്ദങ്ങളും ഭർത്താവിന് കൊടുക്കുന്ന, സ്നേഹത്തിന്റെ പുറത്ത് തെറ്റ് ശരി ഒന്നും ചിന്തിക്കാത്ത ഒരു കഥാപാത്രം. അത്തരത്തിൽ ഒരു കഥാപാത്രം ഞാൻ ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെ ഒരു കഥാപാത്രം ആയതുകൊണ്ടുകൂടിയാണ് ഞാൻ ഈ സിനിമയിലേക്ക് എത്തുന്നത്.
?: കനകരാജ്യം എന്ന സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ എങ്ങനെ ആയിരുന്നു? ചിത്രീകരണത്തിനിടയിലെ നല്ല നിമിഷങ്ങളെ പറ്റി പറയാമോ?
: കനകരാജ്യം ഒരു രണ്ട വർഷം മുൻപ് ഷൂട്ട് നടന്നൊരു സിനിമ ആയിരുന്നു. കൊല്ലത്ത് വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നത്. ആദ്യം തന്നെ മുരളി ചേട്ടനെ പോലെ ഒരാളുടെ കൂടെ അഭിനയിക്കുന്നു എന്ന ടെൻഷൻ ഉണ്ടായിരുന്നു, കാരണം എന്റെ അറിവിൽ വളരെ സീരിയസ് ആയിട്ടുള്ള ഒരാൾ കൂടെയാണ് അദ്ദേഹം. സ്‌ക്രീനിൽ ഭാര്യയും ഭർത്താവും ആയിട്ട് കൂടെ ഉള്ള ഒരു കഥാപാത്രം കൂടെ ആകുമ്പോൾ ഞങ്ങൾ തമ്മിൽ കെമിസ്ട്രി വർക്ക് ആകുമോ എന്നൊക്കെ ഷൂട്ടിന് മുൻപ് തന്നെ ഒരുപാട് ആലോചിച്ചിരുന്നു.
പക്ഷെ അതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വളരെ സ്വീറ്റ് ആയിട്ടുള്ള മനുഷ്യൻ ആണ്. പിന്നെ ഇന്ദ്രൻസ് ചേട്ടൻ, അദ്ദേഹം എല്ലായ്പ്പോഴും അങ്ങനെ തന്നെ ആണ്. ഇന്ദ്രൻസ് ചേട്ടന്റെ കൂടെ ഒരുപാട് കോമ്പിനേഷൻ സീനുകൾ അങ്ങനെ ഉണ്ടായിരുന്നില്ല. പക്ഷെ സെറ്റിൽ വളരെ അറിയാവുന്ന ഒരാളായിട്ട് നമുക്ക് അദ്ദേഹത്തെ തോന്നും. പിന്നെ മുരളി ചേട്ടൻ ഒരു എഴുത്തുകാരൻ കൂടിയാണ്, അതിന്റെ ഒരു ഗുണം ഓരോ സീനുകൾ ചെയ്യുമ്പോഴും ഉണ്ടായിരുന്നു. ഡയലോഗ് പഠിക്കാനും, റിഹേഴ്സൽ ചെയ്യാനും ഒക്കെ അദ്ദേഹം തന്നെ മുൻ കൈ എടുക്കുമായിരുന്നു. ഒരു ഷോട്ട് നന്നായാൽ ആ നിമിഷം തന്നെ അഭിനന്ദിക്കാൻ ഒക്കെ അദ്ദേഹം ശ്രമിക്കും. അതൊക്കെ വളരെ നല്ല അനുഭവങ്ങൾ ആണ്.
സംവിധായകൻ സാഗർ, മുരളി ചേട്ടൻ, എല്ലാവരുമായും വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിൾ ആയിരുന്നു. വളരെ പ്രൊഫെഷണൽ ആയിട്ടുള്ള ഒരു സെറ്റ് ആയിരുന്നു. തമാശകൾക്കും കളികൾക്കും അപ്പുറത്ത് വളരെ സീരിയസ് ആയ ദിവസങ്ങൾ തന്നെ ആയിരുന്നു. ഒരുപാട് സീനുകൾ രാത്രികളിൽ ആയിരുന്നു ഷൂട്ട്.
ക്ലൈമാക്സ് ഷൂട്ട് ശരിക്കും നേരം വെളുക്കും വരെ പോയിരുന്നു. എനിക്ക് ആണേൽ ഉറക്കം വന്നാൽ ഒരു കണ്ണ് ചെറുതായങ്ങു അടഞ്ഞു പോകും. കഷ്ടപ്പെട്ട് കണ്ണൊക്കെ തുറന്നു പിടിക്കാനുള്ള തത്രപ്പാടായിരുന്നു. കണ്ണ് തുറന്നിട്ടുണ്ട്, വേഗം ഷോട്ട് എടുത്തോളൂ എന്നൊക്കെ പറയേണ്ട ഒരു അവസ്ഥ. ഇപ്പൊ ആലോചിക്കുമ്പോൾ വളരെ രസകരമായ നിമിഷങ്ങൾ ആണ് അതൊക്കെ.
?: ഈ ഒരു കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എങ്ങനെ ആയിരുന്നു? ഒരു പ്രത്യേക അനുഭവമോ സങ്കേതമോ ഈ കഥാപാത്രത്തിന് സഹായിച്ചിട്ടുണ്ടോ?
: ഈ ഒരു കഥാപാത്രത്തിന്റെ തയ്യാറെടുപ്പുകൾ എന്ന് പറയുന്നത് വളരെ ബേസിക് ആയിട്ടുള്ള തയ്യാറെടുപ്പുകൾ തന്നെ ആയിരുന്നു. ലിയോണ എന്ന എനിക്ക് എവിടെയും ബന്ധപ്പെടുത്താൻ പറ്റാത്ത ഒരു കഥാപാത്രം ആണ് ദേവു എന്നത്. അതുകൊണ്ട് തന്നെ എന്റെ ‘അമ്മ ഉൾപ്പെടെയുള്ള അമ്മമാർ തന്നെ ആയിരുന്നു എന്റെ റെഫെറെൻസ് എന്ന് പറയുന്നത്. പുറമെ പോയി ജോലികൾ നോക്കാത്ത,വീട്ടിലെ തയ്യൽ മെഷിൻ വെച്ച് പൈസ ഉണ്ടാക്കുന്ന, എന്റെ അമ്മമ്മയെ പോലെ ആളുകൾ ഒക്കെ തന്നെ ആയിരുന്നു ഈ കഥാപാത്രത്തിലേക്കുള്ള എന്റെ റെഫെറെൻസുകൾ.
?: തുടർച്ചയായി നല്ല അഭിനയ പരിശീലനങ്ങൾ നടത്തുന്ന ആളെന്ന നിലയിൽ ഏറ്റവും ഫലപ്രദമായ സെഷനുകളെ കുറിച്ചും വർക്ഷോപ്പുകളെ കുറിച്ചും പറയാമോ?
: ആക്ടിങ് വർക്ഷോപ്പുകൾ എപ്പഴും വളരെ ഇന്ററസ്റ്റിംഗ് ആയിട്ട് തോന്നിയിട്ടുണ്ട്. നമ്മളെ ഒന്നുകൂടെ, എല്ലാ രീതിയ്ക്കും അഭിനയത്തിലൂടെ എന്തെല്ലാം എക്‌സ്‌പ്ലോർ ചെയ്യാൻ പറ്റും എന്നത്, ആ ഒരു രീതി, ഒരു വ്യക്തി എന്ന നിലയിൽ നമ്മുടെ ഇമോഷനുകളെ പറ്റി ഉള്ള സ്വയം വിലയിരുത്തൽ, മനസ്സിലാക്കൽ, നമ്മൾ നമ്മളെ തന്നെ വെല്ലുവിളിക്കുന്ന അവശതകൾ, നമ്മളെക്കൊണ്ട് ഒരിക്കലും നടക്കില്ല എന്ന് തോന്നുന്ന നിമിഷങ്ങൾ, ഇവയെ എല്ലാം മറികടക്കാൻ ഉള്ള ഒരു പ്രോസസ്സ് ആണ് വർക്ഷോപ്പുകൾ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതും ഒരു പഠനമാണ്, എല്ലാം ഒരു പഠനാനുഭവം ആയിട്ടാണ് ഞാൻ കാണുന്നത്.
പലസ്ഥലങ്ങളിൽ നിന്നും പലതാണ് പഠിച്ചിട്ടുള്ളത്, അങ്ങനെ പഠിച്ചോണ്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്, ആഗ്രഹവുമുണ്ട്. കൂടുതൽ പഠിക്കുക, കൂടുതൽ സ്വയം മനസിലാക്കുക, കൂടുതൽ നന്നായി പെർഫോം ചെയ്യുക, കൂടുതൽ നന്നായി ഒരു കഥാപാത്രമായി മാറാൻ പറ്റുക എന്നാണ് എന്നെ സംബന്ധിച്ചുള്ള കാര്യം. അഭിനയത്തിലേക്ക് വന്നതിനു ശേഷം മനുഷ്യരെ കൂടുതൽ മനസിലാക്കാൻ സാധിക്കാറുണ്ട്. മറ്റൊരാളുടെ പെർസ്പെക്റ്റീവ്, ഒരു അവസ്ഥയിൽ ഒരാൾ എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്നൊക്കെ ഇപ്പൊൾ ഞാൻ കൂടുതൽ മനസിലാക്കാൻ ശ്രമിക്കാറുണ്ട്.
ആഴത്തിൽ അത്തരത്തിൽ അന്വേഷിക്കാനും മനസിലാക്കാനും സാധിക്കുന്നു എന്നത്, ഒരു കഥാപാത്രത്തെ മനസിലാക്കി നന്നായി അവതരിപ്പിക്കാനും സഹായകമാകുന്നുണ്ട്. ഇതിനെയൊക്കെ എന്നെ സഹായിച്ചത് ഇത്തരത്തിൽ ഉള്ള വർക്ഷോപ്പുകൾ ആയിരുന്നു. നമ്മൾ ഒരുമിച്ചു ചെയ്ത സ്പാനിഷ് തിയേറ്റർ വർക്ഷോപ്പ് , അതിനു മുൻപൊക്കെ ആൾക്കൂട്ടങ്ങൾ പ്രശ്‍നം ആയിരുന്നു, അങ്ങനെ ഓരോ വർക്ഷോപ്പുകളും ഓരോ തരത്തിൽ ആണ് നവീകരിക്കുന്നത്.
പോണ്ടിച്ചേരി ആദിശക്തിയിൽ പോയപ്പോൾ, ശ്വാസം എത്രമാത്രം പ്രധാനമാണ് എന്ന് മനസിലാക്കിയിട്ടുണ്ട്. ശ്വാസം നിയന്ത്രിച്ചുകൊണ്ട് ഇമോഷൻസിനെ നിർമ്മിക്കാൻ പറ്റും എന്നൊക്കെ ഉള്ള അറിവുകൾ അവിടെ നിന്നുമാണ്. നടനകൈരളിയിൽ വർക്ഷോപ് ചെയ്തപ്പോൾ നമ്മുടെ ഉള്ളിലുള്ള , അടക്കി വെച്ചിരിക്കുന്ന ഇമോഷൻസിനെ ഉൾപ്പെടെ പുറത്തേക്ക് കൊണ്ടുവരാൻ പേടിച്ചു, അങ്ങനെ ഓരോ ഇടങ്ങളിൽ നിന്നും ഓരോന്ന് ആയിരുന്നു.

?: നാടകത്തോട് ശക്തമായ ഒരു അഭിനിവേശം ഉള്ള ആളാണ് ലിയോണ. എന്തുകൊണ്ടാണ് നാടകത്തോടുള്ള ഈ പ്രിയം ഉണ്ടാവാനുള്ള കാരണം?
: ചെറുപ്പം മുതൽക്കേ അച്ഛന്റെ നാടക ട്രൂപ്പ് , റിഹേഴ്സലുകൾ ഒക്കെ കണ്ടു വളർന്ന ഒരാളാണ്. സ്റ്റേജിൽ പെർഫോം ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഡാൻസ് ചെയ്യാറുണ്ട് എങ്കിൽപ്പോലും, അതിൽ അഭിനയം എനിക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ അച്ഛൻ നാടകങ്ങൾ ചെയ്യുന്നത് എപ്പഴും കാണാറുണ്ട്. പക്ഷെ അപ്പോഴും ആഗ്രഹം മാത്രം ആയിരുന്നു, അതൊന്ന് ശ്രമിച്ചു നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നെ ഞാൻ വളർന്നു വന്നപ്പോൾ അച്ഛൻ നാടകങ്ങൾ അധികം ചെയ്യാതെ ആയി, പിന്നീട് സിനിമയും സീരിയലും ഒക്കെ ആയിരുന്നു അച്ഛന്റെ മേഖല.
പിന്നീട് അഭിനയത്തോടുള്ള ഇഷ്ട്ടം കാരണം തന്നെ നാടകം ഒരെണ്ണം ചെയ്തു. അതിൽ സ്റ്റേജിൽ നിൽക്കുമ്പോൾ ഉള്ള ഒരു ഫീൽ, ഏത് എനിക്ക് മനസിലാക്കി തന്നത് നാടകവും സിനിമയും ചെയ്യുന്ന സുഹൃത്തുക്കൾ തന്നെയാണ്. അവരാണ് നാടകം ചെയ്യാൻ തന്നെ കാരണം. നാടകം എപ്പഴും എന്റെ രക്തത്തിൽ ഉണ്ടായിരുന്നു, പക്ഷെ അത് ഞാൻ മനസിലാക്കിയത് ഒരുപാട് വൈകിയാണ് എന്ന് തോന്നുന്നു.
?: അച്ഛൻ മലയാള സിനിമയിലെ വളരെ മികച്ച ഒരു അഭിനേതാവ് ആയിരുന്നു.അദ്ദേഹത്തിന്റെ കരിയറും ഉപദേശങ്ങളും സിനിമ യാത്രകളെ സഹായിച്ചിട്ടുണ്ടോ?
: അച്ഛന്റെ സിനിമ കരിയറും, യാത്രകളും ഒക്കെ വളരെ വ്യത്യസ്തമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉറപ്പായും അച്ഛൻ കാരണം തന്നെയാണ് ഞാൻ സിനിമയിലേക്ക് വരുന്നതും, ഇന്നും ആ അച്ഛന്റെ മകൾ ആണെന്നുള്ള സ്നേഹവും ബഹുമാനവും ആളുകൾ തരുന്നുമുണ്ട്. പക്ഷെ അച്ഛന്റെ അഭിനേതാവ് എന്ന രീതിയിൽ ഉള്ള യാത്ര വളരെ വ്യത്യസ്തം തന്നെ ആയിരുന്നു. അച്ഛൻ ഏറ്റവും കൂടുതൽ ക്യാരക്ടർ റോളുകൾ ആണ് ചെയ്തിരുന്നത്. ഞാൻ ഓരോ വർക്ഷോപ് കഴിഞ്ഞു വരുമ്പോഴും അവിടെ മനസിലായ കാര്യങ്ങൾ അച്ഛനോട് സംസാരിക്കുമ്പോഴും അച്ഛൻ അതൊക്കെ വളരെ രസകരമായി കേട്ടിരിക്കും.
അത്തരത്തിൽ അച്ഛനും ഞാനും തന്നെ നല്ല സംഭാഷണങ്ങൾ ഉണ്ടാകാറുണ്ട്. അച്ഛൻ ഇപ്പൊ ഒരു കഥാപാത്രത്തെ ചെയ്യുമ്പോ എനിക്ക് മനസിലായ കാര്യങ്ങൾ പറഞ്ഞു കൊടുക്കും, അത് അച്ഛൻ കേൾക്കും. അത്തരത്തിൽ വളരെ രസകരമായ ഒരു സംഭാഷണങ്ങൾ, കൊടുക്കൽ വാങ്ങൽ എന്നും ഞങ്ങൾക്ക് ഇടയിൽ നടക്കാറുണ്ട്.

?: വരാനിരിക്കുന്ന തിയേറ്റർ, സിനിമ പ്രൊജക്ടുകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർക്കുകൾ ഉണ്ടോ?
: ജൂലൈ 19 നു സമാധാന പുസ്തകം എന്ന സിനിമ റിലീസ് ആകും, കുട്ടികളുടെ സിനിമയാണ്. വരാനിരിക്കുന്ന ഒരു വലിയ പ്രൊജക്റ്റ് എന്ന് പറയുന്നത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഒരു വെബ് സീരിസ് ആണ് – അണലി. അതിൽ മെയിൻ ലീഡ് ആണ് ചെയ്യുന്നത്, അത് എനിക്ക് വലിയൊരു അനുഭവം തന്ന വേഷമാണ്.
ആ ഒരു കഥാപാത്രത്തിന് വേണ്ടി ഏകദേശം ഒരു വർഷത്തോളം മറ്റു വേഷങ്ങൾ ഒന്നും ചെയ്തിട്ടില്ല, ശാരീരികമായ ട്രാസ്‌ഫോർമേഷൻ, അതിന്റെ തയ്യാറെടുപ്പ്, അങ്ങനെ ഒരുപാട് സമയം എടുത്തുള്ള, ഇത്രേം എഫ്‌ഫോട് എടുത്തുള്ള മറ്റൊരു പ്രൊജക്റ്റ് ഉണ്ടായിട്ടില്ല. അത് കാരണം തന്നെ അതിന്റെ റിസൾട്ട് എങ്ങനെ ആയിരിക്കും എന്നറിയാനുള്ള ആകാംഷ ഉണ്ട്.
?: ഒരു യുവ നടി എന്ന നിലയിൽ സിനിമ ഇൻഡസ്ട്രിയിൽ നിങ്ങൾ നേരിട്ട പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? അവയെ എങ്ങനെ ആണ് തരണം ചെയ്തത്?
: സിനിമ എന്നത് വല്ലാതെ ആഗ്രഹിച്ചുകൊണ്ട് സിനിമയിലേക്ക് വന്ന ഒരാൾ അല്ല ഞാൻ. അഭിനയം പഠിച്ചുകൊണ്ട് സിനിമയിലേക്ക് വന്ന ആളും അല്ല ഞാൻ. അതിന്റെ ബുദ്ധിമുട്ടുകൾ തുടക്ക കാലത്ത് ഉണ്ടായിട്ടുണ്ട്. എനിക്ക് പറ്റിയ കാര്യം ആണോ, ഞാൻ മറ്റുള്ളവരുടെ സമയം കളയുകയാണോ എന്നൊക്കെ തോന്നാറുണ്ടായിരുന്നു. വളരെ ഉൾവലിഞ്ഞു നിൽക്കുന്ന ഒരു സ്വഭാവം ആയിരുന്നു എന്റേത് എല്ലായ്പ്പോഴും. അത് തരണം ചെയ്യാൻ വർഷങ്ങൾ എടുത്തു. ഓരോ പ്രോസസ്സുകൾ മനസിലാക്കാനും, ഇഷ്ടപ്പെടാനും, ഒക്കെ നാളുകൾ എടുത്തു.
ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് മുതൽ അത് കൂടുതൽ പഠിക്കണം എന്ന തോന്നൽ ഉണ്ടായി. ഓരോ സിനിമ കഴിഞ്ഞും അതിലെ കഥാപാത്രങ്ങളെ പറ്റി ആളുകളിൽ നിന്നും അഭിപ്രായങ്ങൾ എടുക്കാറുണ്ട്, ഒന്ന് ശരിയായില്ല എങ്കിൽ അത് എന്തുകൊണ്ട് ശരിയായില്ല എന്ന് മനസിലാക്കി അടുത്ത തവണ തിരുത്താൻ ശ്രമിക്കാറുണ്ട്. പൂർണ്ണമായും സിനിമയിലേക്ക് എത്തിയ എന്റെ യാത്ര വളരെ പതിയെ ആയിരുന്നു. വർക്ഷോപ്പുകൾ, കൂടെ വർക്ക് ചെയ്ത ആളുകൾ ഒക്കെ ആണ് ഇതിനൊക്കെ സഹായിച്ചിട്ടുള്ളത്. ഇപ്പഴും ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടേ ഇരിക്കുകയാണ്.
?: ഭാവിയിൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന പ്രത്യേക റോളുകളോ വിഭാഗങ്ങളോ ഉണ്ടോ? ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് കൂടുതൽ ആവേശം നൽകുന്നത്?
: ഇപ്പോൾ അഭിനയം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു കാര്യമാണ്. ഷൂട്ടിങ് പ്രോസസ്സുകൾ എത്ര ബുദ്ധിമുട്ട് ഉള്ളത് ആണെങ്കിലും ഞാൻ അതൊക്കെ എന്ജോയ് ചെയ്യാറുണ്ട്. മികച്ച കഥാപാത്രങ്ങൾ ചെയ്യണം, എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ ചെയ്യണം, മികച്ച സംവിധായകരുടെയും ടെക്‌നീഷ്യരുടെ കൂടെ വർക്ക് ചെയ്യണം എന്നൊക്കെ ആണ് ആഗ്രഹം.
ഇടയ്ക്ക് ഒരു ബയോപിക് ചെയ്യണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ അണലിയിൽ ചെയ്ത കഥാപാത്രം അത്തരത്തിൽ റിയൽ ലൈഫിൽ നിന്നും എടുത്തിട്ടുള്ള ഒരു ഫിക്ഷനൽ കഥാപാത്രമാണ്. അങ്ങനെ ഇന്ന കഥാപാത്രം എന്നില്ല, എല്ലാ തരത്തിലുമുള്ള വേഷങ്ങൾ ചെയ്യണം എന്നാണ് ഇപ്പോൾ ആഗ്രഹം.

?: കരിയറിൽ ഇതുവരെ ചെയ്ത വ്യത്യസ്ത റോളുകളിൽ നിന്നും നേടിയെടുത്ത പ്രധാന പാഠങ്ങൾ അല്ലെങ്കിൽ ഉൾക്കാഴ്ചകൾ എന്തൊക്കെയാണ്?
: അഭിനയം ചെയ്ത് തുടങ്ങിയതിൽ പിന്നെ, അതിനെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയതിൽ പിന്നെ മനുഷ്യരെ കൂടുതൽ മനസിലാക്കാൻ പറ്റാറുണ്ട് , അവരെ കൂടുതൽ ഒബ്സർവ് ചെയ്യാൻ പറ്റാറുണ്ട്. ഒരു മനഃശാസ്ത്രജ്ഞനെ പോലെ മനുഷ്യരുടെ വികാരങ്ങളെ പറ്റി മനസിലാക്കാൻ ശ്രമിക്കാറുണ്ട്. ഒരുപക്ഷെ സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ ഇത്ര മാത്രം മനുഷ്യരെ മനസിലാക്കാൻ എനിക്ക് സാധിക്കുമായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല. അത് തന്നെ ആണ് പഠിച്ച ഏറ്റവും വലിയ പാഠം.
?: നാടക പരിശീലനങ്ങൾ സിനിമ അഭിനയത്തെ സ്വാധീനിക്കാറുണ്ടോ? സിനിമ സെറ്റുകളിൽ അവ ഉപയോഗപ്രദമാക്കാറുണ്ടോ?
: തീർച്ചയായും ഉണ്ട്. എവിടെ ആണെങ്കിലും അഭിനയം എന്നാൽ അഭിനയം എന്ന് തന്നെയാണ്, രീതികൾ മാറുന്നുണ്ട് എങ്കിലും. പക്ഷെ കഥാപാത്രത്തെ മനസിലാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒക്കെ നാടകത്തിൽ ആണെങ്കിലും സിനിമയിൽ ആണെങ്കിലും ഒരുപോലെ തന്നെ ആണ്. കഥാപാത്രത്തെ മനസിലാക്കാനും, അവരുടെ വികാരങ്ങളെ ഉൾക്കൊള്ളാൻ, ബ്രീത്തിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാടകവുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ എല്ലാ തരത്തിലും അഭിനയത്തിൽ എന്നെ മെച്ചപ്പെടുത്തിയിട്ടുണ്ട്.
?: കനകരാജ്യം ഇതുവരെ പ്രേക്ഷകരുടെ സ്വീകരണം എങ്ങനെ ആയിരുന്നു? മികച്ച ഫീഡ്ബാക്കുകൾ ലഭിക്കുന്നുണ്ടോ?
: കനകരാജ്യം ഒരു ചെറിയ സിനിമയാണ്. കുടുംബ പ്രേക്ഷകർ സിനിമയെ സ്വീകരിച്ചിട്ടുണ്ട് എന്ന് തന്നെയാണ് മനസിലാക്കുന്നത്. പുതിയ തലമുറയിലെ സിനിമ ആസ്വാദകർക്ക് എത്രമാത്രം ഇഷ്ടപ്പെടാൻ പറ്റും എന്ന കാര്യത്തിൽ ഉറപ്പില്ല. പക്ഷെ കുടുംബ പ്രേക്ഷകർക്ക് എന്തുകൊണ്ട് സിനിമ ഇഷ്ടപ്പെടും എന്ന് തന്നെയാണ് വിശ്വാസം, ലഭിക്കുന്ന അഭിപ്രായങ്ങളും ആ തരത്തിൽ തന്നെ ആണ്.
?: തിരിഞ്ഞ് നോക്കുമ്പോൾ ഒരു അഭിനേത്രി എന്ന നിലയിൽ എങ്ങനെ വളർന്നു എന്നാണ് കരുതുന്നത്? ഏറ്റവും അഭിമാനം തോന്നുന്ന നാഴികകല്ലുകൾ ഉണ്ടോ?
: തിരിഞ്ഞു നോക്കുമ്പോൾ, ഓരോ സിനിമയിലും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷെ ഞാൻ മെച്ചപ്പെട്ടോ ഇല്ലയോ എന്നൊക്കെ പ്രേക്ഷകർ ആണല്ലോ പറയേണ്ടത്, ഞാൻ ഇനി എത്രയൊക്കെ മെച്ചപ്പെട്ടു എന്ന് പറഞ്ഞാലും പ്രേക്ഷകർക്ക് അത് മനസിലായത് മാത്രമല്ലെ വിജയിച്ചു എന്ന് പറയാൻ സാധിക്കു. വളരെ സാവകാശം കാര്യങ്ങൾ പഠിച്ചു ചെയ്യുന്ന ഒരാൾ ആണ് ഞാൻ. ഒരു ആറോ ഏഴോ വര്ഷം മുൻപ് സിനിമ ചെയ്തിരുന്ന പോലെയല്ല ഇപ്പോൾ ഞാൻ സിനിമ ചെയ്യുന്നത്. അഭിനേതാവ് എന്ന നിലയിൽ അൽപ്പം കൂടെ പക്വമായി എന്ന് തോന്നിയിട്ടുണ്ട്.
വളരെ സത്യസന്ധമായി വർക്ക് ചെയ്യുമ്പോൾ അതിന്റെ റിസൾട്ട് നന്നാകും എന്ന വിശ്വാസം ഉണ്ട്. സിനിമ വളരെ അനിശ്ചിതത്വം ഉള്ള ഒന്നാണ്. ഒരു മോമെന്റിൽ നമ്മൾ എന്തോ നേടി എന്ന തോന്നൽ ഉണ്ടായാൽ, അടുത്ത നിമിഷത്തിൽ അത് താഴെ പോകാനും സാധ്യത ഉള്ള ഒരു ഇടമാണ്. പക്ഷെ നമ്മൾ കഷ്ട്ടപ്പെട്ടു ചെയ്യുന്ന ഒരു കഥാപാത്രം ആളുകൾ സ്വീകരിക്കുന്നു, അത് അംഗീകരിക്കപ്പെടുന്നു എന്ന് പറയുന്ന മോമെന്റുകൾ തന്നെ ആണ് ഏറ്റവും സന്തോഷം നൽകുന്നത്. അണലി എന്ന വെബ് സീരിസ് അത്തരത്തിൽ ഒരു മോമെന്റ്റ് ആണ്, അതെ സമയം അതെങ്ങനെ ആളുകൾ സ്വീകരിക്കും എന്നുള്ള പേടിയും ഉണ്ട്. പക്ഷെ, തുടർന്നും വർക്കുകൾ ചെയ്യും, അത് തന്നെ ആണ് ആഗ്രഹം.

?: പുതിയ യുവ അഭിനേതാക്കൾക്കും, സിനിമ ആഗ്രഹമായി കൊണ്ട് നടക്കുന്നവർക്കും വേണ്ടി രണ്ട് വാക്ക്?
: സിനിമയിലേക്ക് എളുപ്പത്തിൽ ഒരിക്കലും പ്രവേശിക്കാൻ ആകില്ല. ഏതൊരു കലാരൂപത്തെ പോലെയും അതിന്റെതായ ഒരു പ്രോസസ്, ഡിസിപ്ലിൻ, ഒക്കെ ഉള്ള ഒന്നാണ് സിനിമയും. ഞാൻ വന്ന പോലെ ഒന്നും അറിയാതെ ഈ കാലത്ത് സിനിമയിലേക്ക് വരരുത് എന്നാണ്. ഞാൻ ഒന്നും സിനിമയിലേക്ക് വന്ന കാലവും അല്ല. ഇപ്പോൾ സിനിമയിലേക്ക് വരുന്ന ആളുകൾ കാര്യങ്ങൾ മനസിലാക്കി തന്നെ ആണ് വരുന്നത് എന്നാണ് കരുതുന്നത്.
സിനിമയും നാടകവും ഒക്കെ ഒരുപാട് മനുഷ്യരെ ഉൾക്കൊള്ളുന്ന ഒരു കലയാണ്. പരസ്പ്പരം ബഹുമാനിച്ചുകൊണ്ട്, എല്ലാവരും ചേർന്നുകൊണ്ട് ഒരു നല്ല സിനിമ ഉണ്ടാക്കാം, നാടകം ഉണ്ടാക്കാം എന്ന തോന്നൽ ആണ് വേണ്ടത്. നമുക്ക് ചുറ്റുമുള്ള മനുഷ്യരെയും മനസിലാക്കാനും ഉൾക്കൊള്ളാനും പറ്റണം.



