| ഹരിമോഹൻ
നിറഞ്ഞ കണ്ണുകളുമായി വേണ്ടപ്പെട്ടവരെ വാരിപ്പുണർന്നവരുണ്ട്, അമ്മയിൽ നിന്നു സന്തോഷത്തിന്റെ ഉമ്മ വാങ്ങിയവരുണ്ട്, അച്ഛന്റെ നെഞ്ചിൽ തല ചാരി ആശ്വാസം കണ്ടെത്തിയവരുണ്ട്. ഇങ്ങനെ എത്രയെത്ര കുട്ടികളാണ് ഇന്നു കൺമുന്നിൽ ആശ്വാസവും സന്തോഷവുമായി വന്നിറങ്ങിയത്.
വെടിയൊച്ചയുടെയും എയർ സൈറണുകളുടെയും ലോകത്തു നിന്നു ജീവൻ കൈയിൽപ്പിടിച്ചോടിയ ഓട്ടത്തിനൊടുവിൽ വേണ്ടപ്പെട്ടവരുടെ അടുത്തെത്തുമ്പോഴുണ്ടാകുന്ന അതിജീവനത്തിന്റെ സന്തോഷമുണ്ടല്ലോ, അതാണിന്ന് ഓരോരുത്തരുടെയും മുഖത്തു കണ്ടത്.
ഇപ്പോഴും അവരെ കുറ്റപ്പെടുത്തുന്നവരുണ്ട്. സാമ്പത്തികമായി വളരെ ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരാണ് ഇവർ ഓരോരുത്തരും, അതുകൊണ്ടാണത്രെ നാട്ടിൽ പഠിക്കാതെ ഉക്രൈനിൽ പഠിക്കാൻ പോയത്. കുറച്ചുദിവസങ്ങളായി കേൾക്കുന്നതാണ്. ഇന്നു വന്ന കുട്ടികളുടെ വേണ്ടപ്പെട്ടവരെ കണ്ടതിനാൽ മാത്രം എഴുതുന്നതാണ്.
ഉക്രൈനിലെ മെഡിക്കൽ കോളേജുകൾ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളവയാണ്. കൂടാതെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ളതിനാൽ അവിടെ നിന്ന് ലഭിക്കുന്ന ബിരുദങ്ങൾക്ക് ഇന്ത്യയിലും സാധ്യതകളുണ്ട്. മാത്രമല്ല, അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മെഡിക്കൽ ലൈസൻസിങ് എക്സാമിനേഷന്റെയും (USMLE) ബ്രിട്ടനിലെ പ്രൊഫഷണൽ ആൻഡ് ലിങ്വിസ്റ്റിക്സ് അസ്സസ്മെന്റസ് ബോർഡിന്റെയും (PLAB) അംഗീകാരം ഇതിനുണ്ട്.
ഓരോ ഉക്രൈൻ മെഡിക്കൽ യൂണിവേഴ്സിറ്റിയും കുറഞ്ഞത് 15 ആശുപത്രികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് വിദ്യാർഥികൾക്കു പഠന കാലയളവിൽ കൂടുതൽ ആശുപത്രി പരിശീലനം ലഭിക്കും. മാത്രമല്ല, ഉക്രൈനിലെ പഠനച്ചിലവു മാത്രമല്ല, ജീവിക്കാനുള്ള ചിലവും താരതമ്യേന കുറവാണ്. റസിഡൻഷ്യൽ കാർഡ്, വിസ, ഏജൻസി ഫീസ്, യാത്രാ ചിലവുകൾ, കോളേജ് ഫീസ്, താമസച്ചിലവുകൾ എന്നിവയുൾപ്പെടെ ആദ്യ വർഷം ഏകദേശം 13 മുതൽ 14 ലക്ഷം രൂപയാണ് ഇവിടെ ചിലവു വരിക. രണ്ടാം വർഷം മുതൽ, ട്യൂഷൻ ഫീസും താമസച്ചിലവുകൾക്കുമായി പ്രതിവർഷം 5 മുതൽ 6 ലക്ഷം രൂപ വരെയാണു ചിലവ്. ഇന്ത്യയിൽ പ്രൈവറ്റ് ആയി എം.ബി.ബി.എസ് പഠിക്കാൻ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചിലവു വരും.
ഇങ്ങനെയായതുകൊണ്ടാണ് ആദ്യ ഘട്ടം മുന്നറിയിപ്പു ലഭിച്ചിട്ടും വിമാനക്കമ്പനികൾ 56,000 മുതൽ ഒരു ലക്ഷം രൂപ വരെ വിമാന ടിക്കറ്റ് നിരക്കു കൂട്ടിയതിനാൽ തിരികെ വരാനാകാതെ പലരും അവിടെ പെട്ടുപോയത്. അപ്രതീക്ഷിതമായി നാട്ടിലെത്തുമ്പോൾ യാത്ര ചെയ്യാനുള്ള വിമാനക്കൂലി കൈവശമുള്ള എത്ര വീട്ടുകാർ ഇവർക്കിടയിലുണ്ടാകുമെന്നറിയില്ല. അവരെ സുരക്ഷിതമായി വീടു വരെയെത്തിക്കുക എന്നതു സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. അതിൽക്കവിഞ്ഞുള്ള പൊതുപണ ദുർവിനിയോഗം മാത്രം കണക്കിലെടുത്താൽ മതി.
വിദേശപഠനം നടത്തുന്ന കുട്ടികൾ സാമ്പത്തികമായി ഏറ്റവും ഉയർന്നു നിൽക്കുന്നവരാണെന്നും അതുകൊണ്ട് അവരുടെ ചിലവുകൾ സർക്കാർ വഹിക്കേണ്ടതില്ലെന്നുമുള്ള പൊതുബോധം എല്ലാക്കാലത്തും ഇവിടെയുണ്ട്, മുൻപു കോവിഡ് കാലത്തും അതു കണ്ടതാണ്. ഇനി അഥവാ, സാമ്പത്തികമായി ഉയർന്ന നിലയിൽ നിൽക്കുന്നവരാണെങ്കിൽപ്പോലും ഈ കുട്ടികളുടെ ദയനീയമായ അവസ്ഥയിൽ ഒട്ടും മനുഷ്യത്വം തോന്നാത്തവർക്കു മാത്രം കഴിയുന്ന ചിന്തകളാണിത്.
ഇന്നിറങ്ങിയ കുട്ടികളെത്തന്നെ നോക്കൂ. ആശ്വാസവും സന്തോഷവുമൊക്കെ ഉണ്ടെങ്കിലും അവർ വന്നിറങ്ങിയപ്പോൾ മുതൽ സംസാരിക്കുന്നത്, അവർക്കൊപ്പം അവിടെയുണ്ടായിരുന്ന, ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെക്കുറിച്ചാണ്. ദിവസവും, അൽപ്പസമയം മുൻപു പോലും തങ്ങൾ കഴിയുന്ന മെട്രോ സ്റ്റേഷനു തൊട്ടടുത്തു വാഹനം കത്തിയെരിയുന്നതിന്റെ വീഡിയോ അയച്ചു തന്നവരുണ്ട്. എപ്പോഴാണു ഞങ്ങളെ തിരിച്ചെത്തിക്കുന്നതെന്നു ചോദിക്കുന്നവരുണ്ട്. പ്രാർഥിക്കുന്നവർ അവർക്കു വേണ്ടി അങ്ങനെ ചെയ്യുക.
അല്ലാത്തവർ കഴിയാവുന്ന വിവരങ്ങൾ സർക്കാരുമായി പങ്കുവെയ്ക്കുക. അതിനും കഴിയാത്തവർ ഒന്നും ചെയ്തില്ലെങ്കിലും ഈ സമയം കൂടുതൽ തലച്ചോറു പ്രവർത്തിപ്പിക്കാതിരിക്കുക. ഇതിനിടയിൽ ഇങ്ങനെ കുറച്ചുപേർ തിരിച്ചെത്തുമ്പോൾ അവരെ ചേർത്തുപിടിച്ച് അമ്മയും അച്ഛനും സഹോദരങ്ങളും സുഹൃത്തുക്കളും ചുംബിക്കുന്നതു കാണുമ്പോഴുണ്ടാകുന്നതൊരു വല്ലാത്ത സന്തോഷമാണ്.



