| കെപി യാഷിഖ്
ജാതി വ്യവസ്ഥ അവസാനിക്കണം എന്നാണെങ്കിൽ പിന്നെ എന്തിനാണ് ജാതിയുടെ പേരിൽ സംവരണം ? നമ്മുടെ സമൂഹത്തിൽ ഇന്നേറെ കേൾക്കുന്നൊരു ചോദ്യമാണിത്. നിഷ്കളങ്കർ വളരെ വേഗം വീണു പോകുന്ന അത്ര നിഷ്കളങ്കമല്ലാത്തൊരു ചോദ്യം.
ജാതിവ്യവസ്ഥ മാത്രമല്ല മനുഷ്യനെ ഏതെങ്കിലും തരത്തിൽ ഭിന്നിപ്പിക്കുന്നതെല്ലാം എതിർക്കപ്പെടേണ്ടതും ഇല്ലായ്മ ചെയ്യപ്പെടേണ്ടതും തന്നെയാണ്. ജാതിവ്യവസ്ഥയുടെ യഥാർത്ഥ ഇരകളായ പിന്നോക്ക സമുദായങ്ങൾ ജാതിവ്യവസ്ഥയെ എതിർക്കുന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ മൂലമാണെന്നത് മനസ്സലാക്കാം. എന്നാൽ ജാതിവ്യവസ്ഥയുടെ പ്രിവിലേജുകളിൽ അഭിരമിക്കുന്ന; ഏറ്റവും ചുരുങ്ങിയത് മാറ്റി നിർത്തപ്പെടാതിരിക്കുകയെങ്കിലും ചെയ്ത സവർണർ ജാതിവ്യവസ്ഥയെ എതിർക്കുകയും എല്ലാവർക്കും തുല്യത എന്ന മഹത്തായ ആശയങ്ങൾ പുലമ്പുകയും ചെയ്യുമ്പോൾ അറിയാതെ പോലും കൈയ്യടിച്ചു പോകരുത്.
ഏതാനും വർഷം മുമ്പ് ആലപ്പുഴയിൽ വെച്ച് നടന്ന ഭാരതീയ ബ്രാഹ്മണസഭയുടെ സമ്മേളനത്തിലെ ആശയം ജാതി ചിന്ത വെടിയുക, ബ്രാഹ്മണ്യം അംഗീകരിക്കുകയെന്നതായിരുന്നു. എന്നു വെച്ചാൽ ജാതി ചിന്ത വെടിയേണ്ടത് ബ്രാഹ്മണരല്ല; കീഴ്ജാതിക്കാരനാണ് എന്നു സാരം. കീഴ്ജാതിക്കാരന്റെ സാമുദായിക അസ്തിത്വം ഇല്ലാതായാൽ സാമുദായിക സംവരണവും അപ്രസക്തമാകുമെന്ന യുക്തി തന്നെയാണതിന്റെ അടിസ്ഥാനം. അതേ യുക്തി തന്നെയാണ് തുടക്കത്തിൽ പറഞ്ഞ ചോദ്യത്തിന്റെ പിന്നിലും പ്രവർത്തിക്കുന്നത്. 103 ആം ഭരണഘടനാ ഭേദഗതിയായി അവതരിപ്പിക്കപ്പെട്ട മുന്നോക്കക്കാരുടെ സാമ്പത്തിക സംവരണവും ഇതേ ഉന്മൂലന തന്ത്രത്തിന്റെ ഭാഗം തന്നെയാണ്.
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കായി 10% മാറ്റിവെക്കപ്പെടുമ്പോൾ മെറിറ്റിൽ / ജനറലിൽ പിന്നെയും കുറവ് വരികയാണ്. ആ കുറവാകട്ടെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ടതും. എന്നാൽ അതെവിടെയും അഡ്രസ്സ് ചെയ്യപ്പെടില്ല. എന്നു വെച്ചാൽ 10 % ൽ പിന്നോക്ക സമുദായത്തിൽ നിന്നും ആരും വരില്ല എന്ന് ഉറപ്പ് വരുത്താൻ കഴിയുകയും അതോടൊപ്പം മെറിറ്റ് / ജനറൽ 50% ൽ നിന്നും 40% ആയി കുറയുന്നതോടെ മുന്നോക്കക്കാരായ ചെറുപ്പക്കാരിൽ സംവരണത്തിനെതിരെ ഏറെയായി നില നിൽക്കുന്ന അസഹിഷ്ണുത പിന്നെയും വർദ്ധിപ്പിക്കാനും കഴിയും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ തീർച്ചയായും ചേർത്തു പിടിക്കേണ്ടത് തന്നെയാണ്. മുന്നോക്ക സമുദായമായി എന്നത് കൊണ്ട് അവഗണിക്കപ്പെടേണ്ടവരല്ലവർ. പക്ഷേ അവർ നേരിടുന്ന പിന്നോക്കാവസ്ഥ സാമ്പത്തികമായി മാത്രമാണ്. എന്നുവെച്ചാൽ സാമ്പത്തികമായി പിന്തുണ ലഭിച്ചാൽ മറ്റ് മുന്നോക്കക്കാരനുള്ള എല്ലാ സാമുദായിക പ്രിവിലേജുകളും അവർക്ക് ലഭിക്കും എന്നർത്ഥം.
അത്തരമൊരു സാഹചര്യത്തിൽ അവർക്ക് വേണ്ടത് സാമ്പത്തിക പാക്കേജുകളാണ്. അവർക്കു മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സർവ്വർക്കും. അല്ലാതെ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ ചേർത്തു പിടിക്കേണ്ടത് സാമ്പത്തികമായി മുന്നേറിയാൽ പോലും പാർശ്വവൽക്കരിക്കപ്പെടുന്ന പിന്നോക്ക സമുദായക്കാർക്കും കൂടി അവകാശപ്പെട്ട മെറിറ്റ് / ജനറൽ ക്വാട്ട തട്ടിപറിച്ചു വീതം വെച്ചല്ല. അതറിഞ്ഞിട്ടും സാമ്പത്തിക സംവരണം അംഗീകരിക്കപ്പെടുന്നുണ്ടെങ്കിൽ സാമ്പത്തിക സംവരണം സാമുദായിക സംവരണത്തെ മുഴുവനായും വിഴുങ്ങുന്ന കാലം വിദൂരമല്ല.



