...
Home Business മണപ്പുറം ഫിനാന്‍സിന്‍റെ 143 കോടി രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചു; ഓഹരി വിപണിയിൽ കൂപ്പുകുത്തി

മണപ്പുറം ഫിനാന്‍സിന്‍റെ 143 കോടി രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചു; ഓഹരി വിപണിയിൽ കൂപ്പുകുത്തി

സ്ഥാപനത്തിന്റെ ഉടമയായ നന്ദകുമാര്‍ തന്‍റെ സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയായ മണപ്പുറം അഗ്രോ ഫാംസിന്‍റെ പേരിലാണ് റിസര്‍വ്വ് ബാങ്കിനെ അറിയിക്കാതെ നിക്ഷേപം സമാഹരിച്ചത്.

151

കേരളത്തിൽ നിന്നുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്‍റെ മാനേജിംഗ് ഡയറക്ടറായ നന്ദകുമാറിന്‍റെ 143 കോടി രൂപയുടെ സ്വത്ത് കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കലിന് പുറമെ റിസർവ് ബാങ്കിനെ അറിയിക്കാതെ വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചതും സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയതായി ഇ ഡി അറിയിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഉടമയായ നന്ദകുമാര്‍ തന്‍റെ സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയായ മണപ്പുറം അഗ്രോ ഫാംസിന്‍റെ പേരിലാണ് റിസര്‍വ്വ് ബാങ്കിനെ അറിയിക്കാതെ നിക്ഷേപം സമാഹരിച്ചത്. രാജ്യവ്യാപകമായി മണപ്പുറം ഫിനാന്‍സിന്‍റെ വിവിധ ശാഖകളിലെ ജീവനക്കാര്‍ വഴിയാണ് ഇത്തരത്തിൽ അനധികൃതമായി നിക്ഷേപം സ്വീകരിച്ചതെന്ന് ഇഡി പറയുന്നു.

ഈ രീതിയിൽ അനുമതിയില്ലാതെ ശേഖരിച്ച 143 കോടി രൂപയാണ് ഇഡി കണ്ടുകെട്ടിയത്. ഒരുതവണ റിസര്‍വ്വ് ബാങ്ക് ഇക്കാര്യം കണ്ടെത്തിയപ്പോള്‍ ഈ പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ നന്ദകുമാറിനോട് ആവശ്യപ്പെട്ടിരുന്നു.പിന്നാലെ പണം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തെന്ന് നന്ദകുമാര്‍ റിസര്‍വ്വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിരുന്നതാണ്.

പക്ഷെ ഇ ഡി നടത്തിയ പരിശോധനയില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തി. നിക്ഷേപം ആളുകൾക്ക് തിരികെ നല്‍കിയതിന്‍റെ ഒരു രേഖയും ഇഡിയ്ക്ക് കണ്ടെത്താനായില്ല. അതേസമയം, 53 കോടി രൂപ തിരികെ നല്‍കിയെന്ന് കാണിച്ചിട്ടുണ്ടെങ്കിലും ഇതിന് വിശ്വസനീയമായ രേഖകൾ ഉണ്ടായിരുന്നുമില്ല. നിക്ഷേപമായി വാങ്ങിയ തുക നന്ദകുമാര്‍ തന്നെ സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും ഭൂമിയിലും മറ്റും നിക്ഷേപിക്കുകയായിരുന്നു. അതിനാലാണ് 143 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതെന്ന് ഇഡി പറഞ്ഞു.

എട്ട് ബാങ്ക് അക്കൗണ്ടുകള്‍, വിവിധ ഓഹരികളിലുള്ള നിക്ഷേപം, മണപ്പുറം ഓഹരികളിലുള്ള നിക്ഷേപം, 60 ഭൂസ്വത്തുക്കള്‍ തുടങ്ങി കള്ളപ്പണം വെളുപ്പിച്ചതിന്‍റെ രേഖകള്‍ വരെ കണ്ടെത്തിയിട്ടുണ്ട്.. കമ്പനിയുടെ ഫിനാ‍ന്‍സ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം തുടരുകയാണ്.

നടപടികളെ തുടര്‍ന്ന് മണപ്പുറം ഫിനാന്‍സിന്‍റെ ഓഹരി വെള്ളിയാഴ്ചയും വിപണിയില്‍ കൂപ്പുകുത്തി. ഈ ഒറ്റ ദിവസം മാത്രം വിലയില്‍ 13 ശതമാനത്തിന്‍റെ തകര്‍ച്ചയുണ്ടായി. വ്യാഴാഴ്ചയും ഏകദേശം 13 ശതമാനത്തോളം ഓഹരി വില തകര്‍ന്നിരുന്നു. മെയ് രണ്ടിന് 130 രൂപയുണ്ടായിരുന്ന ഓഹരി വില മെയ് അഞ്ചിന് വെറും 106 രൂപയായി താഴ്ന്നു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.