| ശ്രീകാന്ത് പികെ
24 – ന്യൂസിൽ നിന്ന് സുജയ പാർവ്വതി എന്ന ജേർണോ സസ്പെന്റ് ചെയ്യപ്പെട്ടത് BMS പരിപാടിയിൽ പങ്കെടുത്തത് കൊണ്ടാണെന്ന് ആരോപിച്ച് ബിഎംഎസ് 24 – ന്യൂസിന്റെ കാസർഗോഡ് ബ്യൂറോ ഓഫീസിലേക്ക് മാർച്ച് നടത്തിയത് കണ്ടു. സമാന വിഷയത്തിൽ കേരളത്തിൽ ഉടനീളം പ്രതിഷേധിക്കാനാണത്രേ ബിഎംഎസ് തീരുമാനം.
എന്നാൽ സുജയ പാർവ്വതിക്ക് സസ്പെൻഷൻ ലഭിച്ചത് ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തത് കൊണ്ടല്ലെന്നും സഹ പ്രവർത്തകനെതിരെ വ്യാജ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ചത് കണ്ടെത്തിയത് കൊണ്ടാണെന്നും പല ഓൺലൈൻ മാദ്ധ്യമങ്ങളുടെ വാർത്തയും കണ്ടു.
അതെന്തേലുമൊക്കെ ആകട്ടെ.
പ്രസ്തുത വിഷയത്തെ പ്രതിപാദിച്ച് ശ്രില പിള്ള എന്നൊരു സംഘപരിവാർ പ്രവർത്തകയായ മാദ്ധ്യമ പ്രവർത്തകയിട്ട പോസ്റ്റ് കണ്ടു. അവർ പറയുന്നത് ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തു എന്നത് കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ അനുഭാവം വച്ച് പുലർത്തുന്നത് കൊണ്ടോ ആരെയും ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്യാനോ ജോലി എടുക്കാൻ സമ്മതിക്കാതിരിക്കുകയോ ചെയ്യില്ലെന്നും, ABVP – യുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ ശേഷം ജന്മഭൂമിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് അവർ നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിലേക്ക് മാറുന്നതെന്നും, തന്റെ രാഷ്ട്രീയ വിശ്വാസത്തെ കുറിച്ച് അറിയാവുന്ന മാനേജ്‌മെന്റും എഡിറ്റോറിയൽ ബോർഡും യാതൊരു വേർതിരിവും കാണിക്കാതെ അഞ്ച് വർഷം ഏറ്റവും നല്ല രീതിയിൽ അവരെ പ്രൊമോട്ട് ചെയ്തു എന്നുമാണ്.
ഇതൊരു രഹസ്യമായ കാര്യമൊന്നുമല്ല. കേരളത്തിലെ വാർത്താ ചാനലുകളിൽ ഇന്ന് നല്ല ശതമാനം പേരും ബിജെപി അനുഭാവമുള്ളവരും പ്രവർത്തകരും പോലുമാണ്. 24- ന്യൂസിലെ തന്നെ വിജയ കുമാറിനെ പോലെയുമുള്ള സംഘപരിവാറുകാർ ചാനലിനകത്തും പുറത്തും ഏവർക്കും അറിയാവുന്നതുമാണ്. എന്നാൽ ശ്രില പിള്ള എഴുതിയ പോസ്റ്റിലെ മറ്റൊരു വരി കാര്യമായി ശ്രദ്ധിക്കേണ്ടതാണ്.
“കേരളത്തിലെ മാധ്യമരംഗത്തു ആർ എസ്സ് എസ്സിന്റെയും എബിവിപിയുടെയും ഒക്കെ സംഘടന ചുമതലണ്ടായിരുന്ന 50 ജേണലിസ്റ്റുകളെയെങ്കിലും എനിക്ക് നേരിട്ട് പരിചയം ഉണ്ട് …മുഖ്യധാര മാധ്യമങ്ങളിൽ തന്നെ ഇപ്പോളും അവർ ജോലി ചെയ്തു പോരുകയും ചെയ്യുന്നുണ്ട് …ഏതാണ്ട് ഒട്ടുമിക്കവരും നികേഷ് കുമാറിന്റെ ശിക്ഷണത്തിൽ തന്നെ മാധ്യമപ്രവർത്തകർ ആയവരും ..24 ചാനലിലിൽ തന്നെ സംഘ പരിവാർ ബന്ധമുള്ള നിരവധി മാധ്യമപ്രവർത്തർ ഉണ്ടെന്നുള്ള വസ്തുത കൂടി നമ്മൾ കണക്കിലെടുക്കണം”
സംഘപരിവാർ സംഘടന ചുമതലയുള്ള അനേകം പേർ ഇന്ന് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമ സ്ഥാപനങ്ങളിൽ എഡിറ്റോറിയൽ പൊസിഷനിൽ തന്നെ ജോലി ചെയ്യുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയത് സംഘപരിവാർ പ്രവർത്തക കൂടിയായ മുൻ ABVP ദേശീയ നേതാവാണ്.
ഈ ആരോപണം കാലങ്ങളായി സോഷ്യൽ മീഡിയക്കകത്തും പുറത്തും സംഘടിത ഇടതുപക്ഷ പ്രവർത്തകർ ഉന്നയിക്കുമ്പോൾ ചാനലിന്റെ ഇരുട്ട് മുറിയിലും വെളിച്ചത്തുമൊക്കെ കൂടിയിരുന്നു പരിപാടി നടത്തി ഇതൊക്കെ ഓരോരോ പ്രൊപ്പഗാണ്ട തിയറികൾ ആണെന്ന് പറഞ്ഞു തള്ളുകയാണ് ചാനൽ എഡിറ്റോറിയൽ തൊഴിലാളികൾ ചെയ്തത്. ഇന്നലെ പോലും മാതൃഭൂമി ന്യൂസിൽ ഇതൊക്ക സൈബർ ഇടതുപക്ഷക്കാർ വെറുതെ ഉണ്ടാക്കുന്ന ആരോപണമാണ് എന്ന നിലയിൽ പറയുന്നത് കേട്ടു. രണ്ടായിരത്തിന്റെ തുടക്കം തൊട്ട് മീഡിയ,സിവിൽ സർവ്വീസ്, ജൂഡീഷ്യറി, ട്രൂപ്പ് എന്നീ രംഗത്ത് കേഡർമാരെ ട്രെയിൻ ചെയ്ത് അയക്കാൻ ആർ.എസ്.എസ് തുടങ്ങിയെന്ന് അവരുടെ നേതാക്കളുടെ വാക്കുകൾ തന്നെ ഉദ്ധരിച്ച് കൊണ്ട് നടത്തിയ പഠനങ്ങളുണ്ട്. സംഘ പരിവാർ ഐ.ടി സെലിന്റെ ഭാഗമായിരുന്ന സ്വാതി ചതുർവേദിയുടെ ‘വൈ ഐ ആം എ ട്രോൾ’ എന്ന പുസ്തകത്തിലും ഇതിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ എഡിറ്റോറിയൽ താല്പര്യങ്ങൾ ഇന്ന് ഏതാണ്ട് മുഴുവനായും നിയന്ത്രിക്കുന്നത് സംഘപരിവാർ അജണ്ടകളാണ്. അത് കേവലം ഏഷ്യാനെറ്റ് ന്യൂസിൽ മാത്രം ഒതുങ്ങുന്നതുമല്ല. മാനേജ്‌മെന്റ് മാറി വലിയ മാറ്റങ്ങൾ നടത്തുന്ന ഇടത് മുഖമുണ്ടായിരുന്ന റിപ്പോർട്ടർ ചാനലൊക്കെ ഇനിയേത് കോലത്തിലാകുമെന്ന് കണ്ടറിയണം.



