...
Home News Kerala എട്ട് മണിക്കൂർ ഡ്യൂട്ടി; തൊഴിലാളികളുടെ മൗലിക അവകാശം അട്ടിമറിയിൽ ഇടത് തൊഴിലാളി സംഘടന ഒറ്റിന്റെ ഒപ്പ്...

എട്ട് മണിക്കൂർ ഡ്യൂട്ടി; തൊഴിലാളികളുടെ മൗലിക അവകാശം അട്ടിമറിയിൽ ഇടത് തൊഴിലാളി സംഘടന ഒറ്റിന്റെ ഒപ്പ് ചാർത്തി

ഇന്നത്തെ ദേശാഭിമാനിയുടെ ഫ്രന്റ് പേജിലെ തലക്കെട്ട് കെഎസ്ആർടിസി ജീവനക്കാർക്ക് ഓണസമ്മാനം എന്നാണ്‌.പിടിച്ച് വെച്ച രണ്ട് മാസത്തെ ശമ്പളം തരുന്നത് തൊഴിലാളിക്ക് അധികാരവർഗം കൊടുക്കുന്ന സമ്മാനമാണത്രെ.

340

| സയിദ് അബി

സെപ്റ്റംബർ അഞ്ചിന് തൊഴിലാളികൾക്ക് പ്രധാനപ്പെട്ടൊരു ദിവസമാണ് എന്ന് കരുതിയിരുന്നു. മുഖ്യമന്ത്രിയുമായിട്ടുളള തൊഴിലാളി സംഘടനകളുടെ ചർച്ച വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു. തിരുവനന്തപുരത്ത് ശുചീകരണതൊഴിലാളികളുമായി ബന്ധപ്പെട്ട് ഉയർന്ന്‌ വന്ന വിവാദത്തിനുള്ളിൽ തൊഴിലാളികൾ പരിപൂർണമായി തോറ്റ് മടങ്ങിയ ഒരു പകലും രാത്രിയും ആരും അറിയാതെ പോയി.മാധ്യമങ്ങൾ മനോഹാരമായി ഒളിപ്പിച്ച് വെച്ചു.ചരിത്രത്തിൽ തോറ്റ് മടങ്ങേണ്ടി വന്ന വലതുപക്ഷ മാധ്യമങ്ങൾക്ക് ഉള്ളിലൊതുക്കി ചിരിക്കാൻ ഒരു ദിവസം ലഭിച്ചു.

കോൺഗ്രസിന്റെയും ബിജെപിയുടെയും തൊഴിലാളി സംഘടനകൾ വളരെ നേരത്തെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കോൺഗ്രസിന്റെ സംഘടന നേതാവ് എം വിൻസെന്റ് എം എൽ എ വിശദമായി സംസാരിക്കുകയും ചെയ്തു.ഇടത് തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ യോഗം അപ്പോഴും തുടരുകയായിരുന്നു. വൈകിയായിരുന്നു സിഐടിയു ന്റെ പത്രക്കുറിപ്പ് വന്നത്, വായിച്ചപ്പോൾ ഞെട്ടലുണ്ടായെങ്കിലും നിയമസഭയിലും പുറത്തും എൽഡിഎഫ് അംഗങ്ങൾ എടുത്ത നിലപാടിന്റെ തുടർച്ചയിൽ അനിവാര്യമായി സംഭവിച്ചൊരു ദുരിതമായി തന്നെ കണ്ടു.

അവസാന ഭാഗത്തൊരു പാരഗ്രാഫുണ്ട്. ‘മോട്ടോർ ട്രാൻസ്‌പോർട് ആക്ട് 1961/62 പ്രകാരം ഡ്യൂട്ടികൾ ക്രമീകരിക്കുക.12 മണിക്കൂർ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കണം”

എട്ട് മണിക്കൂർ ഡ്യൂട്ടി എന്ന തൊഴിലാളികളുടെ മൗലിക അവകാശം സിപിഐഎം പോളിബ്യുറോ മെമ്പർ പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അട്ടിമറിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ താഴെ പാരമ്പര്യവും ചരിത്രവുമുള്ള ഇടത് തൊഴിലാളി സംഘടന ഒറ്റിന്റെ ഒപ്പ് ചാർത്തി. 84 വയസുള്ള ആനത്തലവട്ടം ആനന്ദൻ സഖാവിനെ അത് ന്യായീകരിക്കാൻ പാർട്ടിക്ക് പങ്കുള്ള ദൃശ്യമാധ്യമത്തിൽ ചർച്ചക്ക് അയച്ചു.പിടിച്ച് വെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ഓണസമ്മാനം എന്ന തലകെട്ടിൽ തൊഴിലാളികൾ പിരിവ് നടത്തി ഉണ്ടാക്കിയ കൈരളി ചാനൽ ചർച്ച വെച്ചു.

1942 ലാണ് ദേശാഭിമാനി ഒരു വീക്കിലിയായി ആദ്യമായി പുറത്തിറങ്ങുന്നത്.അന്ന് സെപ്റ്റംബർ ആറ് ആയിരുന്നു. ഇന്നും ഒരു സെപ്റ്റംബർ ആറാണ്.ഇന്നത്തെ ദേശാഭിമാനിയുടെ ഫ്രന്റ് പേജിലെ തലക്കെട്ട് കെഎസ്ആർടിസി ജീവനക്കാർക്ക് ഓണസമ്മാനം എന്നാണ്‌.പിടിച്ച് വെച്ച രണ്ട് മാസത്തെ ശമ്പളം തരുന്നത് തൊഴിലാളിക്ക് അധികാരവർഗം കൊടുക്കുന്ന സമ്മാനമാണത്രെ.

സിപിഐഎം ഭരിക്കുന്ന സർക്കാർ ഇന്നിറക്കിയ പത്രക്കുറിപ്പിൽ തൊഴിലാളിക്ക് ശമ്പളം തരാനുള്ള തീരുമാനം എടുത്തത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിച്ചു എന്ന ഉറപ്പിലാണെന്ന് എഴുതി വെച്ചു. ഈ പോസ്റ്റ് എഴുതുമ്പോൾ KSRTC എം ഡി ബിജു പ്രഭാകർ സിംഗിൾ ഡ്യൂട്ടി നടപ്പിൽ വരുത്താൻ ആദ്യത്തെ യോഗം വിളിക്കുന്ന വാർത്ത വരുന്നുണ്ട്.

വർഷങ്ങൾക്ക് അപ്പുറമുള്ള ഒരു കാലത്ത് തൊഴിലാളി രാഷ്ട്രീയത്തിന്റെ തോൽവിയുടെ കാരണങ്ങളായി എണ്ണുന്ന ഒന്നിന്റെ രേഖപ്പെടുത്തുന്ന തിയ്യതിയാണ് സെപ്റ്റംബർ 5, 2022. ഒരു ചെറിയ നേതാവിന്റെ അവിവേകമായി കണ്ട് നേരിടേണ്ട ഒന്ന് മാത്രമാണ് ഇന്നലെ തലസ്ഥാന നഗരിയിൽ കണ്ടത്. പക്ഷെ, സഖാവ് എകെജി യുടെ ഓർമയിൽ തിളങ്ങുന്ന മന്ദിരത്തോട് അതികം അകലെയല്ലാതെ അധികാര ഇടനാഴികയിൽ വെച്ച് ചേർന്നൊരു മീറ്റിംഗിൽ സംഭവിച്ചത് വെറും അവിവേകമല്ല. അവിടെ പൊന്തിയ കറുത്ത പുകകൾ ലോകം അവസാനിക്കുന്ന കാലം വരെ അധ്വാനം കൊണ്ട് അന്നം കഴിക്കുന്ന തൊഴിലാളിയുടെ ആത്മവീര്യത്തെ ദ്രോഹിച്ച് കൊണ്ടിരിക്കും.

പണ്ടൊരിക്കൽ ബോണസും കൂലി വർദ്ധനവും ചോദിച്ച് മൂന്ന് കൊല്ലം കമ്യൂണിസ്റ്റുകാർ സമരം നടത്തി.സർ സിപി തിരിഞ് പോലും നോക്കിയില്ല, കമ്യൂണിസ്റ്റുകാർ തകർന്നില്ല, തെരഞ്ഞെടുക്കുന്ന സഭകൾക്ക് മുകളിൽ സിപിക്ക് അധികാരം കൊടുക്കുന്ന നിയമം പാസ്സാക്കാൻ രാജാവ് തീരുമാനിച്ചപ്പോൾ കമ്യൂണിസ്റ്റ് തൊഴിലാളികൾ എതിർത്തു. അത് മറികടക്കാൻ സർ സിപി തൊഴിലാളി നേതാക്കളെ മീറ്റിംഗിന് വിളിച്ചു.ബോണസടക്കം എല്ലാം നൽകാമെന്ന വാക്കിലും തൊഴിലാളികൾ വീണില്ല.രാഷ്ട്രീയം വിട്ടൊരു തൊഴിലുമില്ല എന്നായിരുന്നു തൊഴിലാളി നേതാക്കളുടെ നിലപാട്.

ശമ്പളം തന്നില്ലെങ്കിലും സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിന്റെ പേജിൽ ഒപ്പ് ചേർക്കില്ല എന്ന് സിഐടിയു പറയ്യണമെന്ന് ആഗ്രഹിച്ചവരായിരുന്നു തൊഴിലാളികൾ. എന്നാൽ അത് സംഭവിച്ചു.ഇന്ന് KSRTC തൊഴിലാളികൾ ഒപ്പ്‌ ശേഖരണം തുടങ്ങീട്ടുണ്ട്. അംഗീകൃത തൊഴിലാളി യൂണിയനുകളുടെ അംഗീകാരം റദ്ദാക്കണം എന്ന് ആവിശ്യപ്പെട്ട് കൊണ്ടുള്ള ഭീമ ഹർജിക്കാണ് നീക്കം.

എല്ലാ നേതാക്കൾക്കും നൽകിയിരിക്കുന്ന സൗജന്യങ്ങളും അധികാരവും എടുത്ത് കളയാമെന്നാണ് ആവിശ്യം. കാര്യമായി സംഭവിക്കാനൊന്നും പോവുന്നില്ല, എന്നാൽ ആ ഹർജിയിൽ വീഴുന്ന എല്ലാ ഒപ്പുകളും ഒറ്റിന് കൂട്ട് നിൽക്കാത്ത മഷി കൊണ്ടുള്ളതാകും. എല്ലാ രംഗത്തും 12 മണിക്കൂർ ഡ്യൂട്ടി എന്ന ഭാവിയിലെ വാളിനെതിരേ സംഘടിക്കാൻ പുറത്തുള്ള എല്ലാ തൊഴിലാളി സഖാക്കൾക്കും കഴിയട്ടെ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.