...
Home News National ഇലക്ടറല്‍ ബോണ്ട്: എസ്ബിഐയുടെ അപേക്ഷ തള്ളി സുപ്രീം കോടതി

ഇലക്ടറല്‍ ബോണ്ട്: എസ്ബിഐയുടെ അപേക്ഷ തള്ളി സുപ്രീം കോടതി

ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്നും വിവരങ്ങൾ ഉടൻ നൽകണമെന്നും സുപ്രീം കോടതി എസ്‌ബിഐയോട് ആവശ്യപ്പെട്ടു.

177

ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നാളെ തന്നെ എസ്ബിഐ വിവരങ്ങള്‍ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്നും വിവരങ്ങൾ ഉടൻ നൽകണമെന്നും സുപ്രീം കോടതി എസ്‌ബിഐയോട് ആവശ്യപ്പെട്ടു. മാർച്ച് 15 ന് അകത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. കോടതിയലക്ഷ്യ നടപടികള്‍ തല്‍ക്കാലം ആരംഭിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ എസ്ബിഐ വിശിദീകരണം നല്‍കണം.

രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും കോടതി പറഞ്ഞു. വിധി വന്ന് ഇത്രയും ദിവസം എന്ത് നടപടികള്‍ എടുത്തുവെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.`സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്ന് കോടതി ചോദിച്ചു. വിധി വന്നിട്ട് 26 ദിവസമായി പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. ഇത്രയും ദിവസം നിങ്ങള്‍ എന്ത് ചെയ്തുവെന്നാണ് കോടതി ചോദിച്ചത്. സിപിഐഎം നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ മറുപടി.

എസ്ബിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. എസ്ബിഐ മനപ്പൂര്‍വ്വം കോടതി നടപടികള്‍ അനുസരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ നല്‍കാന്‍ എസ്ബിഐക്ക് നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പ്രവര്‍ത്തന സമയത്തിനുള്ളില്‍ വിവരങ്ങള്‍ നൽകണമെന്ന് കാണിച്ച് എസ്ബിഐ ചെയര്‍മാനും എംഡിക്കും നോട്ടീസ് നല്‍കി. എസ്ബിഐ നാളെ വൈകിട്ട് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.