7 July 2026
Home News ആദ്യ ആഷസ് ടെസ്റ്റിൽ ഇംഗ്ലീഷ് ഇതിഹാസ പേസർ ജയിംസ് ആൻഡേഴ്‌സൺ കളിക്കില്ല

ആദ്യ ആഷസ് ടെസ്റ്റിൽ ഇംഗ്ലീഷ് ഇതിഹാസ പേസർ ജയിംസ് ആൻഡേഴ്‌സൺ കളിക്കില്ല

ഇതേവരെയുള്ള അന്താരാഷ്‌ട്ര ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസറാണ് ജിമ്മി ആൻഡേഴ്‌സൺ. ഇതുവരെയുള്ള കരിയറിൽ ടെസ്റ്റിൽ 166 മത്സരങ്ങളിൽ 632 വിക്കറ്റുകൾ വീഴ്ത്തി

257

നാളെമുതൽ ഗാബയിൽ ഓസ്‌ട്രേലിയക്കെതിരെ തുടങ്ങുന്നആദ്യ ആഷസ് ടെസ്റ്റിൽ ഇംഗ്ലീഷ് ഇതിഹാസ പേസർ ജയിംസ് ആൻഡേഴ്‌സൺ കളിക്കില്ല. 39വയസുള്ള താരത്തിന്റെ ജോലിഭാരം കുറയ്ക്കാനാണ് വിശ്രമം എന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം പിങ്ക് ബോൾ ടെസ്റ്റിനായി തയ്യാറെടുക്കാൻ വേണ്ടിയാണ് ജിമ്മിക്ക് വിശ്രമം നൽകിയത്. എന്തായാലും ക്രിസ് വോക്‌സ് ആയിരിക്കും ആൻഡേഴ്‌സണ് പകരം ഗാബ ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡിനൊപ്പം പേസാക്രമണം നയിക്കുക.

‘നിലവിൽ ജിമ്മി കളിക്കാൻ പൂർണ ആരോഗ്യവാനാണ്. അദേഹത്തിന് ഇപ്പോൾ പരിക്കുകളൊന്നുമില്ല. ആറ് ആഴ്ചയ്ക്കിടെ അഞ്ച് ടെസ്റ്റുകൾ കളിക്കേണ്ടതിനാൽ അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം മത്സരത്തിനായി തയ്യാറെടുക്കാനാണ് ജിമ്മിക്ക് വിശ്രമം അനുവദിച്ചത്’ – ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജിമ്മി ആൻഡേഴ്‌സണ് പരിക്ക് പറ്റാതിരിക്കാൻ കരുതൽ സ്വീകരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. 2019ൽ നടന്ന ആഷസിൽ എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ നാല് ഓവർ മാത്രമെറിഞ്ഞ ശേഷം പരിക്കേറ്റ് പരമ്പരയിൽ നിന്ന് ജിമ്മി പുറത്തായിരുന്നു. കഴിഞ്ഞ ദിവസം നെറ്റ്‌സിൽ പന്തെറിഞ്ഞ ആൻഡേഴ്‌സൺ ഇന്നും പരിശീലനം നടത്തും.

ടീമിന്റെ പ്ലേയിംഗ് ഇലവനിലില്ലെങ്കിലും ടീമിനൊപ്പം ജിമ്മി തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇതേവരെയുള്ള അന്താരാഷ്‌ട്ര ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസറാണ് ജിമ്മി ആൻഡേഴ്‌സൺ. ഇതുവരെയുള്ള കരിയറിൽ ടെസ്റ്റിൽ 166 മത്സരങ്ങളിൽ 632 വിക്കറ്റുകൾ വീഴ്ത്തി.