സിനിമയിലെത്തിയത് യാദൃച്ഛികമായിട്ടാണെന്ന് നടി അനശ്വര രാജൻ. സ്കൂൾ പഠനകാലത്ത് മോണോ ആക്ട്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളിൽ സജീവമായിരുന്നെങ്കിലും സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് താരം പറഞ്ഞു. ഗേൾ ഫോർമുല ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് അനശ്വര മനസ്സുതുറന്നത്.
ഒരു സിനിമയുടെ ഓഡിഷൻ പോസ്റ്റർ കണ്ടതോടെയാണ് വഴിത്തിരിവുണ്ടായത്. കുടുംബസുഹൃത്തുക്കളുടെ നിർദേശപ്രകാരം ഫോട്ടോ അയച്ചതിനെത്തുടർന്ന് ഓഡിഷന് വിളിക്കുകയായിരുന്നു. ആ കഥാപാത്രത്തിനായി ആറായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത ഓഡിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സിനിമയിലെത്തിയതെന്നും അനശ്വര പറഞ്ഞു.
2017ൽ പുറത്തിറങ്ങിയ ‘ഉദാഹരണം സുജാത’യിലൂടെ ബാലതാരമായാണ് അനശ്വരയുടെ അരങ്ങേറ്റം. 2019ലെ ‘തണ്ണീർമത്തൻ ദിനങ്ങൾ’ വലിയ ശ്രദ്ധ നേടിക്കൊടുത്തു. ജീത്തു ജോസഫ്–മോഹൻലാൽ ചിത്രം ‘നേര്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ അഭിനയമികവ് തെളിയിച്ച താരം ഇന്ന് മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും സജീവമാണ്.
തെലുങ്ക് ചിത്രമായ ‘കാക്ക’യിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അനശ്വര പങ്കുവച്ചു. നിരവധി സംവിധായകർക്കും അഭിനേതാക്കൾക്കും ചിരഞ്ജീവി സിനിമയിലേക്ക് വരാനുള്ള പ്രചോദനമാണെന്നും അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയ സന്തോഷമായെന്നും താരം പറഞ്ഞു. മികച്ച പ്രൊഫഷണൽ എന്നതിലുപരി എല്ലാവരോടും കരുതലോടെ ഇടപെടുന്ന നല്ല മനുഷ്യൻ കൂടിയാണ് ചിരഞ്ജീവിയെന്നും അനശ്വര കൂട്ടിച്ചേർത്തു.


