...
Home News Kerala തിരക്കഥ റെഡി; 2024 ലേക്കായി ബിജെപിക്ക് കേരളം പിടിക്കാൻ വേറിട്ട പാക്കേജ്

തിരക്കഥ റെഡി; 2024 ലേക്കായി ബിജെപിക്ക് കേരളം പിടിക്കാൻ വേറിട്ട പാക്കേജ്

ബിജെപിയെ നേരിടാൻ മോഡി വിരുദ്ധതയിൽ നിന്ന് ബിജെപി വിരുദ്ധതയിലേക്ക് മാറാൻ പ്രതിപക്ഷ കക്ഷികൾക്ക് ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം. മോഡി ഒരു വ്യക്തി മാത്രമാണ്, ആ വ്യക്തി പോയി വേറൊരു അവതാരം വന്നാലും ബിജെപിയുടെ അടിത്തറ ശക്തമാണ്.

280

| കെപിഎസ് വിദ്യാനഗർ

2024 പാർലമെന്റ് തെരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനഞ്ഞു ബിജെപി കളത്തിലിറങ്ങി. പുറത്തു വന്ന ട്രീസർ അനുസരിച്ചു തിരക്കഥ ഏതാണ്ട് വ്യക്തമാണ്. എന്നാൽ അവസാന നിമിഷം വരെ അപ്രതീക്ഷിത നീക്കം നടത്തി പ്രേക്ഷകരെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതിൽ മിടുക്കരായ ബിജെപി ഇത്തവണ ബാക്കിവെച്ച ക്ലൈമാക്‌സ് സസ്‌പെൻസാണ്. തീവ്ര ഹിന്ദുത്വവാദം, വർഗീയത, കുതിര കച്ചവടം എന്നീ പതിവ് ചേരുവകൾ പ്രതീക്ഷിക്കാമെങ്കിലും കേരളത്തിൽ വേറിട്ട പാക്കേജ് ആയിരിക്കും പാർലിമെന്റ് തെരെഞ്ഞെടുപ്പിന് ഒരുക്കുക. പ്രധാന മാധ്യമങ്ങളെ ചാക്കിട്ടു പിടിക്കുക എന്ന ദേശീയ തലത്തിൽ പയറ്റി തെളിയിച്ച തന്ത്രം തന്നെയാണ് കേരളത്തിലും പയറ്റുക എന്നതിന്റെ സൂചനകൾ പുറത്തു വന്നിട്ടുണ്ട്.

അടുത്ത 40 കൊല്ലം ബിജെപിയുടെ തുടർ ഭരണമെന്ന് അമിത് ഷാ പറഞ്ഞതിൽ നിന്ന് തന്നെ അതിനുള്ള അണിയറ നീക്കങ്ങൾ അവരിപ്പഴേ നടത്തികഴിഞ്ഞെന്നു വേണം ഊഹിക്കാൻ. 2024 പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി ദേശീയ സമ്മേളനത്തിലെ തീരുമാനം. രാജ്യത്തിന്റെ മുക്കാൽ പങ്കും കീഴടിക്കിയിട്ടും കേരളം ബിജെപിക്കിന്നും തീരാ സങ്കടമാണ്.

പല തന്ത്രങ്ങൾ പയറ്റി നോക്കിയിട്ടും പ്രബുദ്ധ മലയാളി സമൂഹം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നത്തിന്റെ സങ്കടം അത്ര ചെറുതായിരിക്കില്ലല്ലോ. ഇക്കുറി കേരളം പിടിക്കാൻ ക്രിസ്ത്യൻ വിഭാഗത്തെ പരമാവധി ഒപ്പം കൂട്ടാൻ ബിജെപി ധാരണയെന്നു മാധ്യമ വാർത്തകളുണ്ട്.

കേന്ദ്ര വാർത്താവിതരണ മന്ത്രി കേരളത്തിലെത്തി നടത്തിയ മാധ്യമ ചർച്ച വിവാദമായ സാഹചര്യത്തിൽ ഏതൊക്കെ മാധ്യമങ്ങളെയാണ് ഇനി സൂക്ഷിക്കേണ്ടത് എന്ന തിരിച്ചറിവ് മലയാളികൾക്ക് ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ യോഗത്തിലേക്ക് ക്ഷണം കിട്ടാത്ത ദേശാഭിമാനി, കൈരളി, ചന്ദ്രിക, വീക്ഷണം, ജയ്ഹിന്ദ്, സിറാജ്, മാധ്യമം, സുപ്രഭാതം പോലുള്ള മാധ്യമങ്ങൾ ഒഴികെയുള്ള മാധ്യമങ്ങളുമായി നടത്തിയ ചർച്ചയും അതിന് ശേഷമോ മുമ്പോ രഹസ്യധാരണകൾ ഉണ്ടായിട്ടുണ്ടങ്കിൽ അതും ബിജെപി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാക്കും എന്നത് , അത്തരം മാധ്യമങ്ങൾ അതിന് ശേഷം നൽകിയ വാർത്തകൾ പരിശോധിച്ചാൽ വ്യക്തമാണ്. ഒരുപക്ഷേ കേരളം പിടിക്കാനുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധം ഇത് തന്നെയാവാം.

ഇടക്കെപ്പോഴോ ബിജെപി അനുകൂല പ്രസ്താവനയോ (അതോ ബിജെപി കേരള നേതാക്കൾ സന്ദര്ശിച്ചതോ) ആയ വാർത്ത പിടി ഉഷയുടെ പേരിൽ കണ്ടത് മലയാളികൾ അത്ര കാര്യമാക്കിയിരുന്നില്ല എങ്കിലും അഗ്നിപത് വിവാദത്തിൽ സർക്കാർ അനുകൂല തീരുമാനം പരസ്യമായി പ്രകടിപ്പിച്ചത് വഴി പ്രതീക്ഷിച്ച രാജ്യസഭാ എംപി സ്ഥാനം കേരളം പിടിക്കാനുള്ള ബിജെപിയുടെ മറ്റൊരു തന്ത്രത്തിന്റെ ഭാഗമാണ്. സ്വന്തം കഴിവ് കൊണ്ട് ലോകശ്രദ്ധേയമാണങ്കിലും കേരളത്തെ സ്വാധീനിക്കാൻ പിടിക്ക് എത്ര കണ്ട് സാധിക്കുമെന്ന് കണ്ടറിയണം. അതിന് വേണ്ടി ഒരുപക്ഷേ കേന്ദ്രമന്ത്രി സ്ഥാനം വരെ പിടിക്ക് പ്രതീക്ഷിക്കാം.

എന്നാൽ ഏറെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണുന്നവർ ആയാൽ പോലും സങ്കിപാളയത്തിൽ പോയാൽ പുല്ലുവിലയാണെന്നത് ഇ ശ്രീധരൻ, സുരേഷ് ഗോപി, ശ്രീശാന്ത് വിഷയങ്ങളിൽ മലയാളികൾ നേരത്ത തെളിയിച്ചതാണ്. പിടി ഉഷ ബിജെപിയിൽ പോയില്ല രാജ്യസഭാ എംപി മാത്രമല്ലേ എന്നു പറയുന്നവർ സുരേഷ് ഗോപിയുടെ കാര്യം ഓർത്താൽ മതി.

രാജ്യം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മോഡിയെന്നും മോഡി അംബേദ്കറിനെ പോലെയാണെന്നും പരസ്യ പ്രസ്താവന നടത്തി കൂറ് കാട്ടിയ ഇളയരാജക്ക് നൽകിയ എംപി സ്ഥാനം തമിഴ്നാട് പോലുള്ള ഒരു സംസ്ഥാനം രാഷ്ട്രീയപരമായി തന്നെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തിൽ 7 പാർലമെന്റ് സീറ്റാണ് മുഖ്യമായും ബിജെപി നോട്ടമിടുന്നത്. കേരളത്തിലെ നേതാക്കൾ കഴിഞ്ഞ ഇലക്ഷൻ കാലത്ത് നടത്തിയ പണം തട്ടിപ്പോ അതോ നേതാക്കൾക്കിടയിലെ ഗ്രൂപിസമോ അതുമല്ല നിലവിലെ നേതാക്കളോട് അണികൾക്ക് മതിപ്പില്ലാത്തതോ എന്തോ കാരണത്താൽ 7 മണ്ഡലത്തിന്റെയും കാര്യത്തിൽ കേരള നേതാക്കളെ ബിജെപി ദേശീയ നേതൃത്വം ചുമതലയേൽച്ചിട്ടില്ല. കേന്ദ്രമന്ത്രി മുരളീധരൻപേരിനുണ്ടങ്കിലും 6 കേന്ദ്രമന്ത്രിമാർക്ക് മണ്ഡലങ്ങളുടെ ചുമതല നൽകി കഴിഞ്ഞു.

എന്തൊക്കെ തന്നെയാണെങ്കിലും തെരഞ്ഞെടുപ്പിന് 2 വർഷം മുമ്പ് തന്നെ ഇലക്ഷൻ ക്യാമ്പയിൻ തുടങ്ങാൻ ബിജെപിക്ക് ആവുന്നു എന്നത് അവരുടെ കേഡർ സ്വഭാവമായി കാണണം. ആ ദീർഘ വീക്ഷണം ഉള്ളത് കൊണ്ട് തന്നെയാണ് അവർ ബിജെപി ഇപ്പോൾ തുടർഭരണം നടത്തുന്നതും. ഒരു പക്ഷെ മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് ആവാത്തതും ഈ തയ്യാറെടുപ്പാണ്.

ബിജെപിയെ നേരിടാൻ മോഡി വിരുദ്ധതയിൽ നിന്ന് ബിജെപി വിരുദ്ധതയിലേക്ക് മാറാൻ പ്രതിപക്ഷ കക്ഷികൾക്ക് ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം. മോഡി ഒരു വ്യക്തി മാത്രമാണ്, ആ വ്യക്തി പോയി വേറൊരു അവതാരം വന്നാലും ബിജെപിയുടെ അടിത്തറ ശക്തമാണ്. അദ്വാനിയെ മൂലക്കിരുത്തി അമിത് ഷായും മോഡിയും വിരാജിച്ചപ്പോൾ ബിജെപി എന്ന പാർട്ടിക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നോർക്കണം. പ്രതിപക്ഷത്തിന് മുന്നിൽ നിർത്തി നയിക്കാൻ കെല്പുള്ള ഒരാൾ പ്രതിപക്ഷത്തില്ല എന്നതാണ് മറ്റൊരു സത്യം.

രാഹുൽ ഗാന്ധി നല്ലൊരു മനുഷ്യനായിരിക്കാം. മികച്ച ജനപ്രതിനിധിയുമായിരിക്കാം. പക്ഷെ, അണികൾക്ക് മാത്രമാണ് അദ്ദേഹം ഒരാവേശവും ആശ്രയവും. നേതാക്കൾ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കുന്നില്ല. നേതാക്കളുടെ നിരന്തരമായ കൊഴിഞ്ഞു പോക്ക് നിയന്ത്രിക്കാൻ രാഹുലിന് ആവുന്നുമില്ല.

കപ്പിത്താൻ കൊള്ളാവുന്ന ആളായിരുന്നുവെങ്കിൽ കൂടാരം വിട്ട് ബിജെപി പാളയത്തിലേക്ക് ഇത്രയും നീണ്ട പോക്ക് കാണില്ലായിരുന്നു. മോഡിയെ കെട്ടിപിടിച്ചു നടത്തിയ ആ ഒരൊറ്റ പ്രസംഗം അല്ലാതെ പാർലിമെന്റിൽ പോലും ദേശീയ ശ്രദ്ധ കിട്ടുന്ന തരത്തിൽ ഏത് പോരാട്ടമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. വണ്ടി നിർത്തി ചായക്കടയിൽ കേറുന്നതും സമ്മേളനത്തിൽ സാധാരണക്കാരുടെ ഇടയിൽ ചെന്ന് വർത്തമാനം പറയുന്നതും ജനകീയനാക്കിയേക്കും. പക്ഷെ ബിജെപി പോലുള്ള കോർപ്പറേറ്റ് പാർട്ടികളോട് മത്സരിച്ചു ജയിക്കാൻ അത് മതിയാവണമെന്നില്ല.

കേരളം ഏറെ കരുതലോടെ നിന്നാൽ ബിജെപിയുടെ തന്ത്രത്തിൽ നിന്നും രക്ഷപെടാൻ കഴിയും. കുഴിബോംബ് പോലെ അവർ കേരളത്തിൽ പല രാഷ്ട്രീയ ബോംബുകൾ പലരിലായി സ്ഥാപിച്ചിട്ടുണ്ടാകും. ഏത് സമയത്തു ആരിൽ നിന്നാണ് രാഷ്ട്രീയ സ്ഫോടനമുണ്ടാകുക എന്നു പറയാൻ സാധിക്കില്ല. വിലക്കെടുത്ത മാധ്യമങ്ങൾ വഴി അതിന്റെ വീര്യം കൂട്ടാനും അവർക്ക് കഴിയും.

ഇതൊന്നും ബിജെപിയുടെ തിരക്കഥയാണ് എന്ന സത്യമോർക്കാതെ നിഷ്‌കളങ്കരായ അണികൾ ബിജെപിയുടെ ആഗ്രഹത്തിന് മാറ്റ് കൂട്ടും. മാറി നിന്ന് ആസ്വദിക്കുമ്പോൾ വഴി ക്ലിയറായ അഹങ്കാരം കൂടി ബിജെപിയിൽ കാണാനാവും. ബിജെപിയുടെ കേരള തന്ത്രത്തിൽ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.