|അഭിമുഖം: വൈഷ്ണവി കല്യാണി /ശ്യാം സോർബ
മലയാളം – സോഷ്യൽ മീഡിയകളിലൂടെ ആളുകൾക്ക്ത പരിചിതമായ, തമിഴ്, മലയാളം സിനിമകളിൽ വളർന്നു വരുന്ന യുവ നടി വൈഷ്ണവി കല്യാണിയുമായി അഭിമുഖം. അഭിനയം, എഴുത്ത്, പാട്ട്, എന്നിങ്ങനെ എല്ലാ മേഖലകളിലും താല്പര്യവും അർപ്പണ മനോഭാവവും ഉള്ള വൈഷ്ണവി കൃത്യമായ കാഴ്ചപ്പാടുകളോടെ അഭിനയരംഗത്തേക്ക് കടന്നു വന്ന അഭിനേത്രിയാണ്.
അഭിനയം ആണ് മേഖല എന്ന തിരിച്ചറിവിലേക്ക് എങ്ങനെ ആയിരുന്നു എത്തിയത്?
: പണ്ട് തൊട്ട് തന്നെ അഭിനയം, എഴുത്ത്, പാട്ട് ഒക്കെ ഒരുപാട് ഇഷ്ട്ടമായിരുന്നു. നന്നേ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂൾ നാടകങ്ങളിലേക്ക് ഉള്ള സെലക്ഷൻ നടക്കുമായിരുന്നു. അന്ന് എല്ലാ ക്ലാസ്സുകളിലും ചെന്ന് നാടകത്തിൽ താല്പര്യം ഉള്ളവർ ഉണ്ടോ എന്നുള്ള ചോദ്യങ്ങളൊന്നും ഇല്ലായിരുന്നു. മുതിർന്ന ക്ലാസ്സുകളിലെ വലിയ കുട്ടികളെ നോക്കി തിരഞ്ഞെടുക്കും. പൊക്കം തീരെ ചെറുതായതുകൊണ്ടും എനിക്ക് അന്നൊന്നും അതിന്റെ ഭാഗം ആകാൻ പറ്റിയിരുന്നില്ല.
അമ്മയും, കുഞ്ഞമ്മയും ഒക്കെ നാടകരംഗത്തും കലാരംഗത്തും ഒക്കെ ഉണ്ടായിരുന്നു . അന്ന് അതൊരു വലിയ വിഷമം ആയിരുന്നു. എന്താ എന്നെ ഇതിലൊന്നും വിളിക്കാത്ത എന്നുള്ള വിഷമമായിരുന്നു. അന്ന് ഇതൊന്നും ആരോടും ചോദിക്കാൻ ഒന്നും പറ്റിയിരുന്നില്ല. ആ വിഷമങ്ങൾ ഉള്ളിൽ തന്നെ കൊണ്ടുനടന്നു. പിന്നെ സ്കൂളിൽ പഠിക്കുമ്പോൾ എഴുതുമായിരുന്നു. പരസ്യമായിട്ടല്ലെങ്കിൽ പോലും കലയുമായി അന്നും ചേർന്ന് നിന്നിട്ടേ ഉള്ളു. ‘അമ്മ ഒരുപാട് സപ്പോർട്ട് ആയിരുന്നു ആദ്യം മുതൽ തന്നെ. പാട്ട് പാടാനും മറ്റു പരിപാടികൾക്ക് ഒക്കെ പിന്നീട് പോകാനും സമ്മാനം ലഭിക്കാനും ഒക്കെ തുടങ്ങി.
പിന്നീട് ഒരു പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘അമ്മ ഒരു ബാലെ നാടകത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അന്ന് ‘അമ്മ നിമിഷനേരങ്ങൾ കൊണ്ട് കഥാപാത്രങ്ങൾ ആയി വരുമ്പോഴും, അത് കണ്ട് കാണികൾ കയ്യടിക്കുമ്പോഴും ഒക്കെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അന്നത്തെ കാണികൾ ഒരുപാട് നിഷ്ക്കളങ്കർ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. വളരെ അത്ഭുതത്തോടെ ആയിരുന്നു ഓരോന്നും നോക്കി കണ്ടിരുന്നത്. ഇന്ന് കാണികൾക്കും സാങ്കേതിക വശങ്ങൾ ഒക്കെ കുറെ അറിയാമല്ലോ. അതൊക്കെ കണ്ട് ഒരുപാട് ഇഷ്ട്ടമായി.
പിന്നീട് സ്കൂളിൽ കലോത്സവങ്ങളിലും പാട്ടുകൾ തന്നെ ആയിരുന്നു എന്റെ മേഖല. ആ സമയത്ത് ‘അമ്മ ബാലെ ചെയ്തിരുന്ന സംഘത്തിലെ ഒരു കുട്ടിക്ക് വയ്യാണ്ടായി. പക്ഷെ അവർക്ക് മൂന്നോളം കളികൾ ബുക്കിംഗ് ഉണ്ടായിരുന്നു. ക്ലാസ്സിക്കൽ നർത്തകി ആയിട്ടുള്ള ഒരു കഥാപാത്രം ആയിരുന്നു അത്. അന്ന് വളരെ പെട്ടന്ന് രണ്ട ദിവസം കൊണ്ട് അത് പഠിച്ചു ആദ്യമായി അമ്മയുടെ കൂടെ തന്നെ സ്റ്റേജിൽ കയറി. പിന്നീട് പ്ലസ് ടു പഠിക്കുന്ന സമയത്ത് ഒന്ന് രണ്ട് ഷോർട് ഫിലിമുകൾ ചെയ്തു. അങ്കിൾ ആര്ട്ട് ഡയറക്ടർ ആയിരുന്നു. അദ്ദേഹമാണ് ഇതിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് വലിയൊരു ബ്രേക്ക് എടുക്കേണ്ടി വന്നു. അതിനുശേഷമാണ് ടിക് ടോക് ഒക്കെ വരുന്നത്.
അതിൽ വീഡിയോ ചെയ്തു സ്വയം പഠിക്കാനും തിരുത്താനും തുടങ്ങി. പിന്നീട് എന്റെ ആദ്യ സിനിമ, 1947 പ്രണയം തുടരുന്നു എന്ന സിനിമയിലെ ഒരു കന്യാസ്ത്രീ വേഷമായിരുന്നു. പിന്നെ ഹൃദയം സിനിമയിൽ അഭിനയിച്ചിരുന്നു. അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് എന്റെ ഫേസ്ബുക് വീഡിയോ കണ്ടു വിളിച്ചതാണ്. അതൊരു തുടക്കം ആയി, ഇപ്പോൾ പതിനേഴോളം സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു.

തമിഴ്, മലയാളം ഭാഷകളിൽ ഇതിനോടകം അഭിനയിച്ചു. രണ്ട് സിനിമ മേഖലകളും എടുക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം ഏത് ഇൻഡസ്ട്രിയിൽ ആണ്?
: രണ്ടും രണ്ട് തരത്തിൽ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വർക്ക് ചെയ്യുന്ന ആളുകൾക്ക് അനുസരിച്ച് ആയിരിക്കും നമുക്കുള്ള സ്വാതന്ത്ര്യവും പരിഗണനയും എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എനിക്ക് രണ്ടു ഭാഷകളിലും നല്ല രീതിയിലുള്ള പരിഗണന തന്നെയാണ് ലഭിച്ചിട്ടുള്ളത്. നന്നായിട്ട് തന്നെയാണ് എല്ലാ ടീമുകളും ട്രീറ്റ് ചെയ്തിട്ടുള്ളത്. അപ്പഴും അത് നമ്മൾ ആരുടെ കൂടെ പ്രവർത്തിക്കുന്നുവോ ആ ടീമിൽ ഉള്ള ആളുകൾക്ക് അനുസരിച്ചു തന്നെയാണ്. പിന്നെ തമിഴ് ഇൻഡസ്ടറി കുറച്ചുകൂടെ വലിയ മേഖല ആണെന്ന് തോന്നിയിട്ടുണ്ട്, ബിസ്സിനസ്സ് എന്ന നിലയിൽ കൂടെ.
അതുകൊണ്ട് തന്നെ മലയാളത്തെ അപേക്ഷിച്ച് ശമ്പളം കൂടുതൽ കിട്ടുന്നത് തമിഴിൽ ആണ്. പിന്നെ കൂടുതൽ സ്വാതന്ത്ര്യത്തോടെ സൗഹാർദ്ദ പൂർവ്വം ഇടപഴകാൻ പറ്റുന്നത് മലയാളത്തിൽ ആണെന്ന് തോന്നിയിട്ടുണ്ട്. തമിഴിൽ കുറച്ചുകൂടെ സിസ്റ്റമാറ്റിക്കൽ ആയ ഒരു സമീപനം ആണ്. അത്തരത്തിൽ ഉള്ള ഒരു ഫ്രണ്ട്‌ലി നേച്ചർ കുറവായത് കൊണ്ട് ആകാം തമിഴിൽ ബഹുമാനവും ശമ്പളവും കൂടുതൽ ആണ്.
ഒരു നടി എന്ന നിലയിൽ ആളുകൾ മനസിലാക്കി തുടങ്ങിയിട്ടുണ്ടോ?
: ഇല്ല എന്ന് വേണം പറയാൻ. കാരണം അതിനുവേണ്ടിയുള്ള ശക്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത്. അല്ലെങ്കിൽ അത്തരത്തിൽ ഉള്ള ഒരു സ്പേസ് കിട്ടിയിട്ടില്ല. എവിടെയെങ്കിലും പോയാൽ ആളുകൾ എന്നെ തിരിച്ചറിയുന്നത് ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവന്സര് എന്ന നിലയിലാണ് . കൂടുതൽ ആളുകളും കരുതുന്നത് ഞാൻ ഇൻസ്റ്റാഗ്രാമിൽ വീഡിയോസ് ചെയ്യുന്നതിൽ കൂടെ ആണ് സിനിമയിലേക്ക് എത്തിയത് എന്നാണു. പക്ഷെ ഞാൻ എന്റെ ആദ്യ സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ തുടങ്ങുന്നത്. പക്ഷെ ഈയിടെ ആയിട്ട് ആളുകൾ കുറച്ചൊക്കെ തിരിച്ചറിയുന്നുണ്ട് എന്ന് തോന്നുന്നു.
ജിയോ ബേബി സാറിന്റെ ‘ശ്രീധന്യ കാറ്ററിംഗ്‌സ്’ എനിക്ക് ഒരു വലിയ അവസരവും ബ്രേക്ക് ത്രൂ ഒക്കെ ആയിരുന്നു. പലപ്പോഴും ബന്ധങ്ങളുടെ മുകളിൽ ഒക്കെ കഥാപാത്രങ്ങളിലേക്ക് ആളുകൾക്ക് അവസരങ്ങൾ കൊടുക്കുമ്പോൾ തീർത്തും പുതുമുഖം ആയ, ആളുകളുടെ സൊ കോൾഡ് നായിക സൗന്ദര്യം ഇല്ലാത്ത എന്നെ ആ കഥാപാത്രത്തിലേക്ക് അദ്ദേഹം അവതരിപ്പിക്കുന്നത്. പിന്നെ ഈ സൗന്ദര്യ സങ്കൽപ്പത്തിലൊക്കെ കാതലായ മാറ്റം ഈ അടുത്ത് വന്നുതുടങ്ങിയിട്ടുണ്ട് എന്നാണു വിശ്വസിക്കുന്നത്. ആ കഥാപാത്രം അദ്ദേഹം എന്നെ ഏൽപ്പിച്ചത് വലിയ അനുഗ്രഹം ആയി കരുതുന്നു.
ജിയോ ബേബി സാറിന്റെ സിനിമയുടെ ഭാഗം ആയ ഒരാൾ എന്ന നിലയ്ക്ക് പിന്നീട് തിരിച്ചറിയുന്നുണ്ട്. പക്ഷെ സാധാരണക്കാരുടെ കണ്ണിൽ ഇപ്പഴും അവരെന്നെ തിരിച്ചറിയുന്നത് സോഷ്യൽ മീഡിയയിൽ വീഡിയോസ് ചെയ്യുന്ന കുട്ടി എന്ന നിലയിലാണ്. സാധാരണക്കാരായ ഒരുപാട് ആൾക്ക് ഒരു നടി ആവണം എങ്കിൽ ഏതെങ്കിലും വളരെ പ്രസിദ്ധനായ നടന്റെ കൂടെ അഭിനയിക്കണം എന്നുള്ള ഒരു ചിന്ത നിലനിൽക്കുന്നത് കൊണ്ടുകൂടെ ആകാം.

ഒരു നായിക ആവേണ്ട, നല്ലൊരു നടി ആയാൽ മതി എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. നായിക ആവണം എന്ന ആഗ്രഹം മാത്രം കൊണ്ട് നടക്കുന്ന ആളുകൾ ഉള്ള കാലത്ത് ഇത്തരം ഒരു ചിന്തയിലേക്ക് എത്താൻ ഉള്ള കാരണം?
: എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് മലയാളസിനിമയിൽ സുകുമാരിയമ്മ, മീനാമ്മ, ഫിലോമിന, കെ പി എ സി ലളിതാമ്മ, പോലെയുള്ള കൊറേ മനുഷ്യരാണ്. ഉർവ്വശി, ബിന്ദു പണിക്കർ ഒക്കെ പോലെ ഉള്ളവർ ചെയ്തിട്ടുള്ള ക്യാരക്ടർ റോൾ ആയിട്ടുള്ള കഥാപാത്രങ്ങളാണ് . ഞാൻ നോക്കികാണുമ്പോൾ എന്റെ ഒക്കെ ചെറുപ്പ കാലത്ത് ഒരു നായികക്ക് ചെയ്യാൻ ഉള്ളതിലും കൂടുതൽ പെർഫോമൻസ് ചെയ്യാൻ ഉള്ളത് ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ ചെയ്യുന്നവർക്ക് ആയിരുന്നു.
പിന്നെ ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന സിനിമകളിൽ വരുന്ന പുതുമുഖ നായികമാർക്ക് പോലും ഒരു സിനിമയ്ക്ക് അപ്പുറത്ത് പിന്നീട് വേഷങ്ങൾ ഉണ്ടാവുന്നില്ല. കൂടുതൽ പെർഫോം ചെയ്യാൻ ഉള്ള ഒരു സാധ്യത എന്ന നിലയിൽ, അതിനി സംഭാഷണങ്ങൾ ഇല്ലെങ്കിൽ പോലും അത്തരത്തിൽ ഉള്ള ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ ആണ് എന്നും എന്റെ ആഗ്രഹം.
സിനിമ മേഖല വരെ എളുപ്പം ഫെയിം ആവാനുള്ള ഒരു വഴി ആയി ആളുകൾ കാണാറുണ്ട്. എന്താണ് അഭിപ്രായം?
: സിനിമ മേഖല വളരെ ഫെയിം ആവാൻ വേണ്ടി കടന്നു വരുന്നവരും ഉണ്ട്.മോഡലിംഗ് രംഗത്ത് നിന്നൊക്കെ സിനിമയിലേക്ക് കടന്നുവരുന്നവരും ഒരുപാട് ഉണ്ടല്ലോ. ബഹുജനങ്ങൾ പലവിധം എന്നാണല്ലോ. പക്ഷെ എനിക്ക് തോന്നുന്നത് കഴിവും അർപ്പണമനോഭാവവും ഉള്ള കലാകാർക്ക് നിലനിൽക്കാൻ പറ്റും എന്നാണു. കൂടുതൽ ആൾക്കാരും ഒന്നോ രണ്ടോ സിനിമകളിലൂടെ പ്രസിദ്ധി നേടുകയും പിന്നീട് സിനിമയിൽ നിന്ന് മാറിപോകേണ്ട അവസ്ഥ വരികയും ഒക്കെ ചെയ്യാറുണ്ട്. പക്ഷെ തിയേറ്റർ , നാടക പരിചയം ഒക്കെ ഉള്ള ഒരുപാട് മനുഷ്യർ നിലനിൽക്കുന്നതും കാണാൻ സാധിക്കും. പലപ്പോഴും അവരുടെ ജോലികൾ ഒക്കെ ഒഴിവാക്കി സിനിമയോടുള്ള ആഗ്രഹം കൊണ്ട് വരുന്ന മനുഷ്യരൊക്കെ ഈ കൂട്ടത്തിൽ ഉണ്ട്.
ചെയ്യുന്ന വേഷങ്ങളിൽ സംവിധായകന്റെ ആശയങ്ങൾക്ക് അപ്പുറത്തേക്ക് വൈഷ്ണവി എന്ന നടിയുടെ ഇൻപുട് ഉണ്ടാവാറുണ്ടോ?
: ഒരു നടി എന്ന നിലയിൽ എന്റേതായ ഇന്പുട് ഇടാൻ പറ്റിയ ശക്തവുമായ കഥാപാത്രങ്ങൾ ഇതുവരെ വന്നിട്ടില്ല എന്നുവേണം പറയാൻ. പിന്നെ നേരത്തെ പറഞ്ഞത് പോലെ ക്യാരക്ടർ റോളുകൾ ചെയ്യാൻ ആണ് ഏറ്റവും ആഗ്രഹം. അതേപോലെ നായികാപ്രാധാന്യമുള്ള ഒന്നുരണ്ട് സിനിമകളിൽ ഭാഗമാകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, അതിൽ ഒന്ന് തമിഴും രണ്ടെണ്ണം മലയാളം ആണ്.
ആ സിനിമകളിൽ എനിക്ക് തോന്നുന്നത് സംവിധായകൻ ആഗ്രഹിച്ച അത്രത്തോളം നൽകാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണു. എങ്കിലും എന്റേതായ കഴിവുകൾ കാണിക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ കൂടുതൽ വരട്ടെ എന്നാണ് ആഗ്രഹം, അതിനു വേണ്ടി കാത്തിരിക്കുന്നു.

ഏറ്റവും കൂടുതൽ അനുമോധനങ്ങൾക്ക് ഒപ്പം, അതുപോലെ നെഗറ്റിവ് കമന്റുകൾ കേൾക്കേണ്ടി വരാറില്ലേ? ഇത്തരം കാര്യങ്ങളെ എങ്ങനെ നോക്കികാണുന്നു?
: എല്ലാത്തിലും നെഗറ്റീവ് പറയുന്ന മനുഷ്യർ ഉണ്ടല്ലോ. നമ്മളെ വ്യക്തിപരമായി അറിയാത്ത മനുഷ്യർ വരെ നമ്മളെ മോശക്കാരായി ചിത്രീകരിക്കുന്നത് കാണാറും അറിയാറുമുണ്ട്. അത്തരം കാര്യങ്ങളുടെ പുറകെ പോകാറില്ല. പോകുന്ന വഴികളിൽ ഒരുപാട് നായകൾ കുറയ്ക്കാൻ ഉണ്ടാകും, അതിനെ എല്ലാം കല്ലെടുത്ത് എറിഞ്ഞാൽ നമ്മൾ വിചാരിക്കുന്ന ഇടാത്ത എത്താൻ പറ്റില്ലല്ലോ . അവിടെ എത്തുക എന്നതാണ് എനിക്ക് പ്രധാനം, അതാകണം ലക്ഷ്യവും.
ഈ പറയുന്നവർ ആരും നമ്മളെ ഒരുതരത്തിലും സഹായിക്കുന്ന ആളുകൾ അല്ലല്ലോ. പക്ഷെ ഈ പറയുന്നതിൽ സത്യസന്ധമായ കാര്യങ്ങൾ ഉണ്ടെങ്കിൽ, നമ്മുടെ നന്മക്ക് വേണ്ടി ഉള്ളത് ആണെങ്കിൽ തീർച്ചയായും സ്വീകരിക്കും. പക്ഷെ അങ്ങനെ ഉള്ളതൊന്നും വന്നിട്ടില്ല. അത്തരത്തിൽ ഉള്ള ആരോഗ്യപരമായ വിമര്ശനങ്ങളെ എന്നും സ്വാഗതം ചെയ്യുന്നു.
സിനിമയ്ക്ക് പുറമെ, നാടകത്തിലേക്ക് കൂടെ പ്രവേശിക്കുകയാണ്. എന്ത് തോന്നുന്നു ഈ അവസരത്തിൽ ?
: നാടകത്തിലേക്ക് വരാനുള്ള ഏറ്റവും വലിയ പ്രചോദനം എന്ന് പറയുന്നത്, അങ്ങനെ ഉള്ള മനുഷ്യർക്ക് ഓരോ കഥാപാത്രവും ചെയ്യുന്നതിൽ ഒരുപാട് കാര്യങ്ങൾ നന്നാക്കാൻ പറ്റും എന്നതാണ്. ശബ്ദത്തിൽ ആയാലും, ശാരീരികതയിൽ ആയാലും ഒക്കെ ഒരുപാട് ഗുണം ചെയ്യും എന്ന് തോന്നിയിട്ടുണ്ട്. വലിയ പൈസകൾ കൊടുത്ത് ട്രെയിനിങ് എടുക്കുന്നതിലും വലിയ പാഠങ്ങൾ സ്റ്റേജിൽ നിന്നും പഠിക്കാൻ പറ്റും എന്ന വിശ്വാസം ഉണ്ട്.
മലയാള സിനിമയിൽ എണ്ണമറ്റ കലാകാരനാണ് നാടകത്തിലൂടെ കടന്നുവന്നത്. അടൂർ ഭവാനിയെ പോലെയും, തിലകൻ സാറിനെ പോലെയും ഒക്കെ ഉള്ള അതുല്യനായ മനുഷ്യർ നമ്മൾക്ക് മുന്നിലുണ്ട്. അതുകൊണ്ട് കൂടെ നാടകത്തോട് എന്നും ഒരിഷ്ടം ഉണ്ട്.
എന്തൊക്കെയാണ് വരുംകാല പ്രൊജക്ടുകൾ?
: നിലവിൽ റിലീസാകാൻ അന്ത്യകുമ്പസാരം എന്നൊരു സിനിമയുണ്ട്. അതിൽ നല്ലൊരു നെഗറ്റിവ് കഥാപാത്രം ചെയ്യാൻ സാധിച്ചു. ഒപ്പം മുത്തപോരാട്ടം എന്നൊരു സിനിമ ചെയ്യാൻ സാധിച്ചു. കാക്ക എന്ന ഷോർട് ഫിലിമിലൂടെ ഒരുപാട് അവാർഡുകൾ നേടിയ സംവിധായകൻ അജു അജീഷിന്റെ പന്തമാണ് മറ്റൊരു സിനിമ. അതിൽ നല്ലൊരു ക്യാരക്ടർ റോൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പിന്നെ ആര്ട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കർ, അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭത്തിൽ ബേസിൽ ജോസഫിനും ലിജോ മോൾക്കും ഉൾപ്പെടെ ഉള്ള വളരെ മികച്ച ആളുകൾക്ക് ഒപ്പം ഒരു വേഷം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ജി ആർ ഇന്ദുഗോപൻ സാറിന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ്. ടൈറ്റിൽ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. അതിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ സാധിച്ചു. ഒരുപാട് പ്രതീക്ഷയുള്ള ഒരുപിടി നല്ല വേഷങ്ങൾ മലയാളത്തിൽ ചെയ്യാൻ പറ്റി, റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് . പിന്നെ തമിഴിൽ ആക്ടർ നകുലന്റെ ഹെവൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ സിനിമകൾ ചെയ്യണം എന്ന ആഗ്രഹത്തിനൊപ്പം നന്നായി ശ്രമിക്കുന്നുണ്ട്.



